വർഷങ്ങളായി സ്കൂളുകളിൽ ജോലി ചെയ്തത് കാരണമാവും എന്നെ സംബന്ധിച്ച് പുതു വർഷം എന്നത് ജനുവരിയെക്കാൾ ജൂൺ ഒന്ന് ആയിട്ടാണ് തോന്നാറ്.
ഓരോ തവണയും ഭർത്താവിൻ്റെ ജോലി മാറുന്നത് അനുസരിച്ച് മക്കൾക്ക് വേണ്ടി സ്കൂൾ അഡ്മിഷൻ റെഡിയാക്കുന്നത് ഭഗീരഥ പ്രയത്നം തന്നെ ആയിരുന്നു . താമസിക്കാൻ പോകുന്ന സ്ഥലത്തിന് അടുത്ത് തന്നെ അവർക്ക് പറ്റുന്ന ഒരു സ്കൂൾ കണ്ടു പിടിച്ചു കഴിഞ്ഞാൽ പിന്നെ കുറെ നാൾ വീട്ടിൽ ഭയങ്കര തയാറെടുപ്പാണ്. മിക്കവാറും മക്കൾക്ക് മാത്രമല്ല, അച്ഛനും അമ്മയ്ക്കും ചേർത്താണ് അഡ്മിഷൻ ടെസ്റ്റ്. ഞങ്ങളും അങ്ങോട്ടും ഇങ്ങോട്ടും ഇൻ്റർവ്യൂ ഒക്കെ നടത്തി റെഡിയാകും . 'സാൾട്ട് മംഗോ ട്രീ' എന്ന പടത്തിൽ ബിജു മേനോൻ പഠിക്കും പോലെ ചൈൽഡ് ലേബർ ഒക്കെ നന്നായി പഠിച്ചിട്ട് ആണ് പോക്ക്. എന്തൊക്കെ ചെയ്താലും നമ്മൾ ഉത്തരം പറയാതെ ഇരുന്നാൽ പിള്ളേർക്ക് അഡ്മിഷൻ കിട്ടാതാവുമോ എന്നുള്ള പേടി എപ്പോഴും ഉണ്ടായിരുന്നു.
പലപ്പോഴും ഇങ്ങനെയുള്ള ട്രെയിനിംഗ്ൻ്റെ ഫലമായി എനിക്കീ സ്കൂളുകളിൽ തന്നെ ജോലി കിട്ടാറുണ്ട്. എന്നിട്ട് തന്നെ മക്കളിൽ ഏതേലും ഒരാൾക്ക് മാത്രമേ അഡ്മിഷൻ തരൂ എന്ന് പറഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അന്നൊക്കെ കുട്ടികളുടെ പഠിത്തം വിചാരിച്ച പോലെ മുന്നോട്ട് കൊണ്ട് പോകാൻ പറ്റുമോ എന്നാലോചിച്ച് വിഷമിച്ചിട്ടുണ്ട്.
പിള്ളേർക്ക് പക്ഷേ, ഓരോ പുതിയ ഇടങ്ങളും പുതിയ പാഠങ്ങൾ ആയിരുന്നു. അവർക്ക് ഏറ്റവും സന്തോഷം പല തരം യൂണിഫോം ആയിരുന്നു. ഓരോയിടത്തും ഓരോ രീതികൾ. പല തരം കൂട്ടുകാർ. പുതിയ സാങ്കേതിക രീതികൾ കാരണം മിക്കവാറും എല്ലാ കൂട്ടുകാരുമായി കൂട്ട്കെട്ട് നിലനിർത്താനും പറ്റുന്നു.
ഈ പുതുവർഷം പക്ഷേ വല്ലാതെ അൽഭുതപ്പെടുത്തുന്നു.ചെറിയ മകൾ ഈ വർഷം ഹൈ സ്കൂളിലേക്ക് പോവുകയാണ്.
നമ്മുടെയൊക്കെ കാലത്ത് ഹാഫ് പാവാടയിൽ നിന്ന് ഫുൾ പാവാട അല്ലെങ്കിൽ മുക്കാൽ പാവാട എന്ന പ്രമോഷൻ കിട്ടേണ്ട കാലം.
വലിയ ചേച്ചിമാർ പഠിക്കുന്ന ഹൈ സ്കൂൾ ബ്ലോക്കിലേക്ക് പ്രവേശനം കിട്ടേണ്ട കാലം.
ട്യൂഷൻ ക്ലാസ്സുകളിൽ കൂട്ടുകാരെ കിട്ടേണ്ട കാലം.
ടീച്ചർ പഠിപ്പിക്കുന്നതിന് ഇടയിൽ കൂട്ടുകാരോട് ക്ലാസിലിരുന്ന് തമാശകൾ പറഞ്ഞു ചിരിക്കേണ്ട കാലം.
ഫ്രീ പീരീടുകളിൽ ടീച്ചറുമായി കൊച്ചു വർത്തമാനം പറഞ്ഞു കൂട്ട് കൂടേണ്ട കാലം.
ഇത്തവണ അവളെ ഗൾഫിൽ നിന്ന് നാട്ടിലേക്ക് പറിച്ചു നട്ട വർഷമാണ്. അത് കൊണ്ട് തന്നെ ഞങ്ങളുടെ പേടിയും കൂടുതൽ ആയിരുന്നു.
പക്ഷേ അവൾക്കിത് ഒരു വാട്ട്സ്ആപ് ഗ്രൂപ്പിൽ നിന്ന് മറ്റൊന്നിലേക്ക് ഉള്ള മാറ്റം മാത്രം . കഴിഞ്ഞ വർഷം ടീംസ് ആയിരുന്നു എങ്കിൽ ഈ വർഷം ഗൂഗിൾ ക്ലാസ്സ് റൂം. അത്രെ ഉള്ളൂ എന്നവൾ. കൂട്ടുകാരോട് വാട്ട്സ്ആപ്പിൽ കൂട്ടാവണം എന്ന് സിമ്പിളായി പറഞ്ഞു അവളെന്നെ അതിശയിപ്പിക്കുന്നു.
പുതിയ ബുക്കുകളോ, പൊതിയാൻ ബ്രൗൺ പേപ്പറോ യൂണിഫോമോ ബാഗോ ഇല്ലാതെ പുതിയ കുടയില്ലാതെ പുതിയ വർഷം തുടങ്ങുന്നു.
എല്ലാ പുതിയ വെല്ലുവിളികളെയും നമ്മളെക്കാൾ നന്നായി നേരിടുന്ന നമ്മുടെ മക്കൾ പുഞ്ചിരിച്ച് കൊണ്ട് പുതിയ വർഷത്തിലേക്ക് കടക്കുന്നു. എല്ലാ വിധ ആശംസകളും.
സമർപ്പണം _
കഴിഞ്ഞ വർഷം പന്ത്രണ്ടാം ക്ലാസ്സിലെത്തി എന്ന തെറ്റ് കാരണം ഒന്നര വർഷമായി അവിടെ തന്നെ ഇപ്പോഴും ഇരിപ്പും നിൽപ്പും കിടപ്പുമായ മൂത്ത മകൾക്കും കൂട്ടുകാർക്കും.
"റീസൺ ഹൂ ?"
No comments:
Post a Comment
Many thanks for visiting my blog ....kindly press FOLLOW and support 🙏