ദിവസങ്ങൾ വീടിനുള്ളിൽ അടച്ചു ഇരിക്കുന്നത് പോയിട്ട് ഒരു മുഴുവൻ ദിവസം പോലും വീട്ടിൽ ഇരിക്കാൻ ബുദ്ധിമുട്ടുള്ള ആളുകൾ ആണ് ഞങ്ങൾ .
ഞങൾ എന്നെ പറഞ്ഞാല് ഞാനും എന്റെ നായരും . കോളേജ് കാലത്തെ ശീലം ആയ കൊണ്ടാണോ എന്ന് അറിയില്ല ഞങ്ങൾക്ക് പാർക്കിലും ബീച്ചിലും ഒക്കെ കറങ്ങി നടക്കുന്നത് തന്നെ ആണ് കല്യാണം കഴിഞ്ഞു 2 പിള്ളേരും 2 പതിറ്റാണ്ട് ഉം ആയിട്ടുള്ള പതിവ്. എന്താ അല്ലേ? അല്ലാതെ എന്റെ പാചകപ്രാവീണ്യം കൊണ്ട് ആണെന്ന് തോന്നിയോ ? അത് വെറുതെ...
അങ്ങനെ ഞങൾ ദുബൈ ഷാർജ തുടങ്ങിയ ഇടങ്ങളിൽ ഫുഡ് ഇൻസ്പെക്ടർ സ് ആയും വിശ്രമ വേളകൾ മേച്ചിൽപ്പുറങ്ങൾ തേടി നടന്നു സുഹൃത്തുക്കൾക്ക് പോകാൻ പുതിയ ഇടങ്ങൾ കണ്ട് പിടിച്ച് ടൂർ ഗൈഡുകൾ ആയും വിലസുന്ന കാലം.... അതാ വരുന്നു പണ്ട് ഇംഗ്ലീഷ് സയൻസ് ഫിക്ഷൻ സിനിമകളിൽ മാത്രം കണ്ടിട്ടുള്ള പോലെ ആ ഭീകരൻ. ഉരുണ്ട് കൊമ്പുകൾ ഒക്കെ വച്ച് .. വരുന്ന വഴി എല്ലാം ആളുകൾ പേടിച്ച് ഓടുനനുണ്ട്. കൊറോണ !
ആദ്യം ഒരു കൗതുകം പോലെ തോന്നി. പേടിച്ചു എന്ന് അറിയാതിരിക്കാൻ അവഗണിച്ച് നോക്കി. അപ്പോ അവൻ വിടുന്നില്ല. ലോക മാപിൽ കണ്ടിട്ടും കേട്ടിട്ടും ഉള്ള ഇടങ്ങൾ ഒക്കെ ആക്രമിക്കുന്നു . സാധാരണക്കാരൻ അല്ല. ഇത്തിരി ബഹുമാനിക്കേണ്ട ആളാണ് . വെറുതെ ധൈര്യം കാണിച്ചു ചുവരിൽ തൂങ്ങാൻ താൽപര്യവും ഇല്ല. അപ്പോ പിന്നെ എന്ത് വഴി ? അങ്ങനെ ആണ് ഞങൾ കുഞ്ഞു
കുട്ടിപരാദീനങ്ങൾ അടക്കം ഷാർജയിലെ ഇൗ നോഹയുടെ പെട്ടകത്തിൽ അടിഞ്ഞു കൂടിയത് .
വീട്ടിൽ ഇരുന്നു തുടങ്ങിയപ്പോൾ ആണ് മനസ്സിലായത് പുറത്തെ ഭീകരൻ ഒന്നുമല്ല എന്ന്. ആർക്കും എങ്ങും പോകണ്ട ..എങ്കിലും എന്റെ പ്രിയ ഭർത്താവ് അതിരാവിലെ എഴുന്നേൽക്കും .. മുന്തിരി വള്ളികൾ തളിർത്തു എന്ന് നോക്കാൻ ഒന്നും അല്ല. ലോക് ഡൗൺ കാലത്ത് ആരോഗ്യം ഉണ്ടാകാൻ ഇങ്ങനെ ഒക്കെ ആണത്രെ വേണ്ടത് ..ഇദ്ദേഹത്തിന് നേരത്തെ ലോക് ഡൗൺ ശീലം ഉണ്ടോ ആവോ?
ഇത്രയും ആയപ്പോൾ സ്വാഭാവികം ആയും നിങ്ങൾക്
തോന്നും ഞാൻ അടുക്കള പണി എടുത്ത് തളർന്ന് പോയി
എന്ന്. എന്നാല് എന്റെ ഇൗ മേഖലയിലെ കഴിവ് ഞാൻ നേരത്തെ വിവരിച്ചത് പ്രിയപ്പെട്ട വായനക്കാർ ഓർമിക്കുമല്ലോ.. ആയതിനാൽ എന്റെ അഭ്യാസങ്ങൾ അടുക്കളയിൽ അല്ലായിരുന്നു ...അരങ്ങത്ത്ആയിരുന്നു ..
കാര്യപരിപാടികൾ രാവിലെ തന്നെ തുടങ്ങും. ആദ്യം ഫ്ലോർ എക്സർസൈസ്,പിന്നെ 6 pack (അഥവാ വയറു കുറക്കാൻ ഉള്ള) പദ്ധതികൾ , നടപ്പ് യന്ത്രത്തിൽ കയറ്റി ഇറക്കം ഇതെല്ലാം കഴിയുമ്പോൾ ഞാൻ ഏകദേശം ശവാസനം എത്തും.. പക്ഷേ ഇവിടെ തീരുന്നില്ല എന്റെ ദിനചര്യ..
മൂത്ത മകൾ ക്രിക്കറ്റ് ടീമിൽ അംഗം ആയപ്പോൾ ഞാൻ ശ്രീശാന്തിന്റെ അമ്മയെ പോലെ ഇന്റർവ്യൂ ഒക്കേ സ്വപ്നം കണ്ടത് ആണോ എന്റെ കുറ്റം? ഇപ്പൊ ദിവസവും മാച്ച് ആണ് വീടിന്റെ ഉള്ളിൽ.. എന്റെ ടിവി.. എന്റെ സോഫ...(ബിന്ദു പണിക്കരുടെ ശബ്ദത്തിൽ വായിക്കണം).. ലിവിംഗ് റൂം കണ്ടാൽ ഇപ്പൊ വിളപ്പിൽ ശാല തൊഴുതു നിൽക്കും.. അതൊക്കെ പോട്ടെ.. ഇൗ നാൽപ്പത്തി മൂന്ന് വയസ്സുള്ള യുവതിയായ ഞാൻ വേണം കൂടെ കളിക്കാൻ! എന്റെ ബാറ്റിംഗ് കണ്ടാൽ ഉറപ്പായും ഇന്ത്യയുടെ ലേഡീസ് ടീം വിളിക്കും നേരിട്ട് ആഹാ.. പൂജ്യം റൺസ് എടുത്താലും അച്ഛനും മക്കളും വിടില്ല.. ടീമിൽ ആള് വേണ്ടെ.. അല്ലേൽ പിന്നെ കൊറോണ യെ വിളിക്കേണ്ടി വരും.. അതിലും ഭേദം ഞാനാ .. ഇത്രേം കഴിഞ്ഞു നാണിച്ച് വിയർത്ത് ഇരിക്കുന്ന എന്നെ ചെറിയ കാന്താരി വിളിക്കും.ചെസ്സ് കളിക്കാൻ !തോൽവികൾ ഏറ്റുവാങ്ങാൻ എന്റെ ജീവിതം തന്നെ ബാക്കി!!! പിതാവ് ലാപ്ടോപ് ന്റെ പുറകിൽ ഒളിച്ചു കഴിഞ്ഞു( ഹോം വർക്ക് ആണത്രെ..അതല്ലേ ശേരിക്കും വർക് ഫ്രം ഹോം ) . അപ്പോ പറഞ്ഞു വന്നത് അതല്ല . ഇങ്ങനെ പോകുവനെൽ ഇൗ കൊറോണ കാലം കഴിയുമ്പോൾ ഇന്ത്യൻ കായിക ലോകത്ത് ഒരു പുതിയ താരോദയം പ്രതീക്ഷിക്കാം.. അതിപ്പോ എന്ത് ഐറ്റം ആകും എന്ന് കാലം തെളിയിക്കും ... പാമ്പും കോണിയും ഒളിമ്പിക് ഐറ്റം ആണോ ആവോ?
വാൽ കഷ്ണം: വെറുതെ അല്ല ചൈന മെഡൽ ഒക്കെ വാരികൂട്ടുന്നത് .. ഇടക്കിടക്ക് ഇങ്ങനെ ഓരോ ലോക് ഡൗൺ വന്നാൽ പോരെ ???
ശ്രീജയുടെ തോന്ന്യാക്ഷരങ്ങൾ
