Total Pageviews

episode 2

കഴിഞ്ഞ ദിവസത്തെ കഥയിൽ പാസ്സ്പോർട്ട് വിശേഷങ്ങൾ ആയിരുന്നല്ലോ. 

അർദ്ധ രാത്രി അസ്ഥപ്രജ്ഞൻ ആയി നിന്ന ചിൻതു ഭായി പിറ്റേന്ന് കുടുംബ സമേതം അരയും തലയും മുറുക്കി പാസ്സ്പോർട്ട് ആപ്പീസറുടെ മുന്നിൽ പോയി കരഞ്ഞു കാലു പിടിച്ച് അന്ന് തന്നെ അപേക്ഷ സമർപ്പിച്ചു. അവിടന്ന് മൂന്നോ നാലോ ദിവസങ്ങൾക്കകം പുള്ളിക്കാരൻ പാസ്പോർട്ട് റെഡി ആക്കിയെടുത്തു . ഇതിന് വേണ്ടി പാസ്സ്പോർട്ട് ഓഫീസിലെ സെക്യൂരിറ്റിക്കാരൻ മുതൽ  തിരുവനന്തപുരത്തുള്ള ഐ എ എസ് കാർ വരെ സഹായിച്ചു എന്നാണ് അദ്ദേഹത്തിൻ്റെ ഭാര്യ സോഫി പറയുന്നത്. 

എന്തായാലും നാലഞ്ച് ദിവസങ്ങൾക്കുള്ളിൽ ഞങ്ങടെ ഗ്രൂപ്പ് വീണ്ടും ഉണർന്നു. വീണ്ടും യാത്രയുടെ ആവേശം എല്ലാവരിലും തിരിച്ചെത്തി. 

യാത്രയുടെ ദിവസം അടുത്ത് വന്നു തുടങ്ങി. 

ഞങ്ങൾ പെണ്ണുങ്ങളുടെ കൂട്ടം ചുറ്റു വട്ടത്തുള്ള ഒരു വിധം എല്ലാ അമ്പലങ്ങളിലും കയറി ഇറങ്ങി നേർച്ചകൾ നടത്തി. ഇനിയും പരീക്ഷണം അരുതേ എന്ന് പ്രാർത്ഥിച്ചു. 
നേരത്തെ പരിച യപ്പെടുത്തിയ കൂട്ടത്തിൽ ഒരാളെ മറന്നു പോയി, മായ ചേച്ചി അരുമയായ "കൊക്കോ". ബ്രൗൺ നിറത്തിൽ ദേഹം മുഴുവൻ രോമങ്ങൾ ഉള്ള ഒരു കുഞ്ഞൻ സുന്ദരൻ നായ ക്കുട്ടിയാണ് അവൻ . 
ചേച്ചിക്ക് അവനെ ഒറ്റയ്ക്കാക്കി പോകുന്നതിൻ്റെ വിഷമമുണ്ട് പോകുന്നതിൻ്റെ സന്തോഷത്തിന് ഇടയിലും. 
ഈ കഥയുടെ മുന്നോട്ടുള്ള പോക്ക് ശെരിക്കും പറഞാൽ ശ്രീമാൻ യൂസുഫലിയോട് കടപ്പെട്ടിരിക്കുന്നു. 
ഈ കാലയളവിൽ ആണല്ലോ തിരുവനന്തപുരത്തിന് തിലകക്കുറി യായി നമ്മുടെ ലുലു മാൾ അവതരിച്ചത്. 
ഗൾഫിലേക്ക് പോകുമ്പോൾ ലുലു മാളിൽ നിന്ന് ഒന്നോ രണ്ടോ ഷർട്ടും പാൻ്റും വാങ്ങാതെ എങ്ങനെ പോകുമെന്ന് കൂട്ടത്തിലെ പുരുഷ കേസരികൾ കൂട്ടം കൂടിയിരുന്ന് ചിന്തിച്ചു, അവിടത്തെ എയർപോർട്ടിൽ ചെന്ന് ഇറങ്ങുമ്പോൾ യുസുഫ് അലി അണ്ണൻ എന്ത് വിചാരിക്കും? എന്നാലും നിങൾ എൻ്റെ കടയിൽ കയറി എന്തേലും ഒന്ന് വാങ്ങി ക്കൊണ്ട് വന്നില്ലല്ലോ എന്നോർത്ത് വിനയൻ മാഷിനും കൂട്ടർക്കും വലിയ മനസ്ഥാപം. ഉടനെ കൂട്ടുകാരെയും വിളിച്ചു കൂട്ടി നേരെ പോയി മാളിലേക്ക് . കൂട്ടുകാർ എന്ന് പറയുമ്പോ അതിൽ ഗൾഫിൽ പോകുന്ന ആളു ഒന്ന്, വണ്ടി ഓടിക്കുന്ന കൂട്ടുകാരൻ ഒന്ന്, തമാശക്ക് ലുലു മാൾ കാണാൻ കൂടെ പോകുന്ന കൂട്ടുകാരൻ രണ്ട്, പിന്നെ കൂടെ പോയില്ലെങ്കിൽ മറ്റു കൂട്ടുകാർ എന്ത് വിചാരിക്കും എന്ന് വിചാരിച്ച് പോകുന്ന കൂട്ടുകാരൻ ഒന്ന് എന്നിങ്ങനെ ഒരു കൂട്ടം ആയാണ് പോക്ക്. 
ഇങ്ങനെയുള്ള കൂട്ടുകാരുടെ കൂട്ടങ്ങൾ കാരണം ഡിസംബർ മാസത്തിൽ ലുലുവിൻ്റെ ഉള്ളിൽ മണ്ണ് വാരിയിട്ടാൽ താഴെ വീഴാത്ത അത്രയും ആളുകൾ ആയിരുന്നല്ലോ. പ്രിയദർശൻ അറിഞ്ഞിരുന്നില്ല എന്ന് തോന്നുന്നു, ഇല്ലെങ്കിൽ അദ്ദേഹം ചന്ദ്ര ലേഖ യുടെ ക്ലൈമാക്സിൽ മോഹൻലാലും നായികയും ആളുകളുടെ മുകളിലൂടെ നടന്നു നടന്നു അടുത്തേക്ക് വരുന്ന പോലെ ഒരു സീൻ
ഒന്ന് കൂടെ എടുത്തെനെ മാളിൻ്റെ ഉള്ളിൽ. കഷ്ടമായി പോയി. 

അത് പോട്ടെ,നമുക്ക് വീണ്ടും യാത്രയിലേക്ക് എത്താം. 
പോകുന്നതിനു രണ്ട് ദിവസം മുൻപ് വിനയൻ മാഷിൻ്റെ വീടിൻ്റെ മുന്നിലൂടെ നടന്നു പോകവേ എന്നെ അകത്ത് നിന്ന് ആരോ വിളിച്ചു, തിരിഞ്ഞു നോക്കിയ എനിക്ക് ആദ്യം ആളെ പിടികിട്ടിയില്ല. ഒന്ന് കൂടി ശ്രദ്ധിച്ച് നോക്കിയ ഞാൻ ഇടി വെട്ടിയ പോലെ അവിടെ തന്നെ നിന്നു. 
നീളൻ മുടി തോളറ്റം മുറിച്ച്, അതിൽ ബ്രൗൺ നിറം കൊടുത്ത്, കയ്യിൽ മയിൽ പീലി ടാറ്റൂ ഒക്കെ വരച്ചു ഒന്നര മാസത്തെ ശ്രമഫലമായി നല്ല പോലെ വെയ്റ്റ് ഒക്കെ കുറച്ച രമ്യ എൻ്റെ അടുത്തേക്ക് അടി വചടി വച്ച് മന്ദം മന്ദം നടന്നു വരികയാണ്. ഒരു ഹൈ ഹീൽ ചെരിപ്പിൻ്റെ മാത്രം കുറവേ ഉള്ളൂ ഐശ്വര്യാ റായി ആകാൻ.
"ഞാൻ മുടി സെറ്റ് ചെയ്തു വച്ചിരിക്കുകയാണ്. വെള്ളം വീഴാൻ പാടില്ല.നമ്മൾ ഏഴു ദിവസം കഴിഞ്ഞ് അല്ലേ തിരിച്ചു വരുന്നത്, അത് വരെ ഞാൻ തല കുളിക്കില്ല, കേട്ടോ ". ഞാൻ മനസ്സിൽ ഓർത്തത്, ലേഡീസ് ന് ഒരു മുറി, ജൻ്റ്സ് ന് ഒരു മുറി കുട്ടികൾക്ക് ഒരു മുറി ഇങ്ങനെയാണ് അവിടത്തെ സെറ്റപ്പ്. ആദ്യത്തെ രണ്ട് ദിവസം കഴിഞ്ഞാൽ പിന്നെ രമ്യയുടെ അടു ത്ത് ആരും കിടക്കും ദൈവമേ എന്നാണ്. പക്ഷെ പറഞ്ഞില്ല, അത് മതി, ഫോട്ടോ ഒക്കെ എടുത്ത് അടിച്ചു പൊളിക്കണം നമ്മുക്ക് എന്ന് പറഞ്ഞു പ്രോത്സാഹിപ്പിച്ചു. വിടാൻ പാടുമോ? ഓർഗനൈസർ കുടുംബം അല്ലേ?
പോകേണ്ടതിൻ്റെ തലേന്ന് ഇപ്പോഴത്തെ ഏറ്റവും മഹത്തായ ചടങ്ങായ ആർട്ടിപിസിആർ എടുക്കാനായി നമ്മുടെ മാനേജര് പ്രത്യേക ഏർപ്പാടുകൾ ചെയ്തിരുന്നു. 
ഇത്രയും ടെസ്റ്റുകൾ ഉള്ളത് കൊണ്ട് ഞങ്ങടെ വീട്ടിലേക്ക് അവരെ വിളിച്ചു വരുത്തി. എന്നിട്ട് എല്ലാ യാത്രക്കാരും നമ്മുടെ വീടിൻ്റെ വരാന്തയിൽ നിര നിരയായി മൂക്കും കൊണ്ട് കാത്തിരുന്നു. 

ടെസ്റ്റ് ചെയ്യാൻ വന്ന ചെക്കനും പെണ്ണും ഇത്രയും ആളിനെ ക്കണ്ട് തമ്മിൽ തമ്മിൽ ആംഗ്യ ഭാഷയിൽ " ഇതൊരു ജില്ലയായി പ്രഖ്യാപിക്കരുതോ ?" എന്ന് ചോദിച്ചത് ഞാൻ മാത്രമേ കണ്ടുള്ളൂ.
പിന്നീടുള്ള ഇരുപത്തിനാല് മണിക്കൂറുകൾ ശെരിക്കും ഒരു ഇരുപത്തി ആറു മണിക്കൂർ ആയിരുന്നോ എന്നൊരു സംശയം. വല്ലാത്ത ഒരു കാത്തിരിപ്പ് തന്നെയായിരുന്നു അത്. 
പലരുടെയും ചിന്ത പോസിറ്റീവ് ആകുമോ എന്നതിനേക്കാൾ എനിക്ക് പോസിറ്റീവ് ആയാലും ഇവരൊക്കെ പോയി അടിച്ചു പൊളിക്കുമല്ലോ, ഞാൻ ഒറ്റക്ക് ആയിപ്പോകുമല്ലോ എന്നായിരുന്നു

ഒടുവിൽ പോകേണ്ട അന്ന് രാവിലെ എല്ലാവരും തീർത്തും നിഷ്കളങ്കർ ആണെന്ന് വിധിച്ചു കൊണ്ട് ലാബ് റിപ്പോർട്ട് വന്നു.ഞങ്ങളെ എയർപ്പോർട്ടിൽ കൊണ്ട് വിടാൻ വേണ്ടി നാല് വണ്ടികളും അവ ഓടിക്കാൻ വിനയൻ മാഷിൻ്റെ ലുലു മാൾ കൂട്ടുകാരും റെഡി.

പരിപാടിക്ക്  പോകാൻ വൈകി വന്ന ശകുന്തളയെ കണ്ടു നാടക വണ്ടിയിലേക്ക് ഓടി കയറുന്ന നാടകക്കാരെപ്പോലെ ഞങൾ ഓരോരുത്തരും ആദ്യമാദ്യം കണ്ട വണ്ടികളിൽ ചെന്ന് കയറി സീറ്റ് പിടിച്ചു. 

വിനയൻ മാഷും എല്ലാ കുട്ടികളും കൂടെ ആദ്യമേ ഒരു വണ്ടിയിൽ സ്ഥലം പിടിച്ചു. സോഫി യും കുടുംബവും അവരുടെ കാറിൽ വരാം എന്ന് പറഞ്ഞു.ഞങ്ങടെ കൂടെയാണ് മായ ചേച്ചി വന്നു കയറിയത്. അവസാനം വന്ന രമ്യ ആദ്യം ഞങ്ങളുടെ വണ്ടിയുടെ അടുത്ത് വന്നു. ഇതിൽ സ്ഥലമില്ല എന്ന് ഞങൾ പറഞ്ഞത് കേട്ട് നേരെ വിനയൻ മാഷിൻ്റെ വണ്ടിയിലേക്ക് ഓടുന്നത് കണ്ടു, അവിടന്ന് കുട്ടികൾ എല്ലാം കൂടി സ്ഥലമില്ല എന്നും പറഞ്ഞു ഓടിച്ച് അവസാനം സോഫിയുടെ കാറിൻ്റെ ഏതോ മൂലയിൽ ചുരുണ്ട് കൂടിയിരുന്ന് ആണ് എയർപോർട്ടിൽ എത്തിയത് എന്നാണറിവ് . പാവത്തിൻ്റെ മുടിയിൽ തേച്ചു പിടിച്ചിച്ച കളർ പകുതിയും ആ കാറിൻ്റെ മേൽക്കൂരയിൽ തന്നെ ഉണ്ടത്രേ. 

എന്തായാലും, അവസാനം മൊത്തം ഗ്രൂപ്പിനെയും അടപടലം തിരോന്തോരം എയർപോർട്ടിന് മുന്നിലെ റാപ്പിഡ് പിസിആർ കേന്ദ്രത്തിന് മുന്നിൽ എത്തിച്ചു  ഞങൾ.

ഇതിനിടെ, ഒരു കാര്യം നിങ്ങളുടെ അറിവിലേക്ക് - കുട്ടികൾ എല്ലാം കൂടി കയറിയ വണ്ടി ഓടിച്ചത് ഇവിടത്തെ ഏറ്റവും വലിയ പരോപകാരിയും ഞങ്ങളുടെയൊക്കെ പ്രിയപ്പെട്ട സുഹൃത്തും കണ്ണിലുണ്ണിയും സർവോപരി ആത്മാർഥതയുടെ നിറകുടവുമായ ശ്രീ സമീർ ഭായി ആകുന്നു. ഞങ്ങളെ എയർപ്പോർട്ടിൽ കൊണ്ട് വിട്ടു വന്നിട്ട് ഇദ്ദേഹം കടുത്ത പനിയും ചുമയും കാരണം പിന്നെ മൂന്ന് ദിവസം കഴിഞ്ഞാണ് എഴുന്നേറ്റത്. 

പ്രിയപ്പെട്ട വായനക്കാർ ഇപ്പറഞ്ഞത് ഓർത്തു വച്ചിരിക്കണം, പിന്നീട് ആവശ്യം വരും ....

തുടരും...



ദുഫായ്ക്ക് പോകാൻ റേഷൻ കാർഡ് മതിയോ?

ഒരുപാട് യാത്രകൾ ചെയ്തിട്ടുന്തെങ്കിലും ഇത് വരെയുള്ളതിൽ ഏറ്റവും സംഭവ ബഹുലമായ യാത്ര ആയിരുന്നു ഇക്കഴിഞ്ഞ പുതുവർഷ ട്രിപ്പ്. കഥ ഒറ്റയടിക്ക് പറഞ്ഞു തീരില്ല എന്നതിനാൽ കാണ്ഡം കാണ്ഡം ആയി അവതരിപ്പിക്കാൻ ആണ് തീരുമാനം .

2021 മാറ്റങ്ങളുടെ വർഷമായിരുന്നു ഞങ്ങളെ സംബന്ധിച്ച്.പുതിയ വീട്ടിലേക്ക് താമസം മാറിയ വർഷം.
 പ്രവാസ ജീവിതം മതിയാക്കി ഞാനും ഇളയ മകളും നാട്ടിലേക്ക് മാറിയ വർഷം. മൂത്ത മകൾ കോളജ് കുമാരിയായി മാറിയ വർഷം. ജീവിതത്തിൽ ആദ്യമായി അച്ഛനും മൂത്തവളും അക്കരെയും അമ്മയും ചെറുതും ഇക്കരെയും ആയി മാറി മാറി നിന്ന വർഷം. 
ഇതിനിടെ ഒക്ടോബറിൽ ഒന്ന് ഷാർജക്ക് പോയി പതിമ്മൂന്നു വയസ്സുള്ള ചെറിയ മകൾക്ക് വാക്സിൻ ആദ്യ ഡോസ് എടുത്ത് വന്നു. രണ്ടാം ഡോസ് എടുക്കാനായി ഡിസംബറിൽ പോകാം എന്നും തീരുമാനിച്ചു. 

അങ്ങനെയിരിക്കെ കഴിഞ്ഞ ഓണക്കാലത്ത്  നാട്ടിലെ പുതിയ വീട്ടിലെ അയൽക്കാരായ കൂട്ടുകാരും  ഒക്കെയായി സന്തോഷമായി ഇരിക്കുന്ന നേരത്ത് എൻ്റെ കെട്ടിയോൻ ഒറ്റ ചോദ്യം അവരോട് , " നിങ്ങളൊക്കെ ഫാമിലി ആയി ദുബായിക്ക് വന്നിട്ടുണ്ടോ? . ഇല്ലെങ്കിൽ നമുക്ക് ഒരു സമൂഹ ട്രിപ് ആലോചിക്കാം. പ്ലാനിംഗ് ഒക്കെ ഞാൻ ചെയ്യാം." കൂട്ടുകാർക്ക് പൂർണ്ണ സമ്മതം. " പ്രവീൺ പറഞാൽ പിന്നെ അങ്ങനെ തന്നെ അങ്ങനെ തന്നെ " എന്ന് പറഞ്ഞു അപ്പോ തന്നെ പ്രമേയവും പാസ്സാക്കി കയ്യടിച്ചു പിരിഞ്ഞു. 

കഥ മുന്നോട്ട് കൊണ്ട് പോകുന്നത് ഈ കൂട്ടുകാരും കുടുംബങ്ങളും കൂടിയാണ് . അതിനാൽ ഇവിടെ ചെറിയൊരു പരിചയപ്പെടുത്തൽ ആവശ്യമാണ്. 

ആദ്യത്തെ കുടുംബം നാട്ടിലെ പ്രമുഖ വ്യവസായിയും പൗര പ്രമുഖനും സർവോപരി ഗുജറാത്തിൽ അധിക കാലം ജീവിച്ചതിനാൽ ഹിന്ദിയിൽ സംസ്കൃതം പറയാൻ അറിവുള്ളയാളും ആയ വിനയൻ മാഷിൻ്റെതാണ്. അദ്ദേഹത്തിൻ്റെ മക്കളായ നേഹയും അപ്പുവും കൂടാതെ പാചകം, അലങ്കാര ചെടികളുടെ കൃഷി തുടങ്ങി എനിക്ക് ഒരു പിടിയും ഇല്ലാത്ത കാര്യങ്ങളിൽ പ്രാഗത്ഭ്യം ഉള്ള രമ്യ എന്ന ഭാര്യയും. 

രണ്ടാമത്തെ കുടുംബത്തിൽ ഐ ടി പുലിയും വിവിധ രാജ്യങ്ങളിൽ ഇടക്കിടെ സന്ദർശനങ്ങൾ നടത്താറുള്ള ആളുമായ ചിന്തു ഭായിയും ഭാര്യ ഡോക്ടർ സോഫിയും മകൾ കുഞ്ഞി മാളുവും ആണുള്ളത്. 

മൂന്നാമത്തെ വീട്ടിൽ നിന്ന് ഞങ്ങടെ കൂട്ടത്തിലെ ആസ്ഥാന ഉപദേശക സ്ഥാനം അലങ്കരിക്കുന്ന മായ ചേച്ചിയും ഹരിയേട്ടനും . ഇതിൽ ചേട്ടൻ ജോലി സംബന്ധമായി ഒമാനിൽ ആയതിനാൽ അവിടെ നിന്ന് നേരിട്ട് ഷാർജയിലേക്ക് എത്തും എന്ന് അറിയിച്ചു. ചേച്ചി ഞങ്ങളുടെ കൂട്ടത്തിൽ എത്തിയാൽ മതിയല്ലോ.

ഞങ്ങളുടേത് ഉൾപ്പടെ ഈ നാലു വീടുകളും ഒരു വരിയിൽ വരി വരിയായിയാണ് സ്ഥിതി ചെയ്യുന്നത്. 

ഇതൊക്കെ നടക്കുന്നത് കഴിഞ്ഞ ഓണക്കാലത്ത് ആണെന്ന് ഓർക്കണം. ആണുങ്ങളുടെ ഈ തീരുമാനങ്ങൾ കേട്ട പെണ്ണുങ്ങൾ "ആ, അതൊക്കെ ഇപ്പൊ പറയുന്നതല്ലേ? നടക്കുമോ എന്ന് കണ്ടറിയാം " " പിന്നേ, പിള്ളേരുടെ പരീക്ഷ എപ്പോ ആണെന്ന് പോലും അറിയില്ല, അതിനിടയിൽ എങ്ങനെ ട്രിപ്പ് നടക്കാനാ" , " വെറുതെ ആശിപ്പിക്കും, സമയത്ത് നടന്നില്ലെങ്കിൽ വിഷമം ആകും, അത് കൊണ്ട് ഒരു പ്രതീക്ഷയും ഇല്ല". എന്നൊക്കെ പറഞ്ഞു ഉള്ളിൽ പ്രതീക്ഷയും പുറത്ത് നിർവികാരതയുമായി നടന്നു.

ഇതിനിടെ എൻ്റെ പാസ്സ്പോർട്ട് കാലാവധി കഴിഞ്ഞതിനാൽ ഞാൻ  അപേക്ഷിച്ച് ഇരുപത് ദിവസം കഴിഞ്ഞുള്ള ഡേറ്റ് കിട്ടി ഓഫീസിൽ പോയി ആറാം ദിവസം പാസ്സ്പോർട്ട് കയ്യിലും കിട്ടിയിരുന്നു. 

മാസങ്ങൾ കടന്നു പോയി. എൻ്റെ കെട്ടിയോനും തിരിച്ചു പോയി. ഓണം പോയി കാർത്തിക വന്നു, കാർത്തിക പോയി , ഉർവ്വശി വന്നു, സോറി ദീപാവലി വന്നു. അതിനിടെ എൻ്റെ സ്വന്തം മഹാൻ  പോകേണ്ട എല്ലാവരെയും ചേർത്ത് ഒരു വാട്ട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി, മിഷൻ ദുബായ് എന്ന് പേരുമിട്ടു. അതിൽ ആദ്യം ദുബായില് കാണണം എന്ന് ഉദ്ദേശിക്കുന്ന സ്ഥലങ്ങളുടെ ലിസ്റ്റ് ഒക്കെ തയ്യാറാക്കി ഇട്ടു. ഉടനെ എല്ലാവരും വന്നു ഇമോജികൾ ഇട്ടു പ്രോത്സാഹിപ്പിക്കും. അടുത്തത് ഓരോ കുടുംബത്തിനും വേണ്ടി വരുന്ന ചിലവുകളും മറ്റുമൊക്കെ ഇടും. അതിനും എല്ലാവരും ഒരേ സ്വരത്തിൽ ഇമോജികൾ ഇട്ടു കയ്യടിക്കും. പതിയെ പതിയെ പോക്ക് നടക്കുമോ എന്ന് സംശയിച്ച വീട്ടുകാരികൾക്കും നാട്ടുകാർക്കും ഒക്കെ ഇത് നടക്കും തോന്നി തുടങ്ങി. 
അങ്ങനെയിരിക്കെ നവംബർ മാസത്തോടെ ടിക്കറ്റ് എടുക്കാൻ ഉള്ള ചർച്ചകൾ തുടങ്ങി. ന്യൂ ഇയർ സമയത്തുള്ള യാത്ര ആയ കാരണം നിരക്ക് അധികമാവുന്ന മുന്നേ ടിക്കറ്റ് എടുത്തു വയ്ക്കണം എന്ന് എൻ്റെ പുള്ളിക്കാരൻ പറഞ്ഞു തുടങ്ങി. അപ്പോഴാണ് വാട്ട്സാപ്പ് ഗ്രൂപ്പിൽ വിനയൻ മാഷിൻ്റെ രംഗ പ്രവേശം, "പ്രവീൺ, ഒരു ചെറിയ കാര്യം, എൻ്റെ മക്കൾക്ക് പാസ്സ്പോർട്ട് എടുക്കണം, എനിക്കും വൈഫിനും ഉണ്ട്, മക്കൾക്ക് ഇല്ല ". 
 ഉടനെ ഒരു ട്രാവൽ ഏജൻ്റ് പോലും തോറ്റു പോകുന്ന പ്രൊഫഷണൽ മറുപടിയുമായി പുള്ളിക്കാരൻ, "ഓ, അതിനെന്താ മാഷേ, തത്ക്കാൽ പാസ്സ്പോർട്ട് മൂന്ന് ദിവസത്തിൽ കിട്ടും , അതുമല്ല , ടിക്കറ്റ് എടുക്കാൻ പാസ്സ്പോർട്ട് വേണ്ട" . തൊട്ടടുത്ത ദിവസം സോഫിയുടെ മെസ്സേജ് , " പ്രവീൺ ബ്രോ, ഇവിടെയും എനിക്കും മോൾക്കും പാസ്സ്പോർട്ട് ഇല്ല കേട്ടോ". അതിനും നമ്മുടെ ട്രിപ്പ് മാനേജര് സമാധാനിപ്പിച്ച് മറുപടി നൽകി. അവരൊക്കെ അന്ന് തന്നെ ഓൺലൈൻ ആയി അപേക്ഷിച്ച് നവംബർ രണ്ടാം ആഴ്ച തന്നെ ഡേറ്റും കിട്ടി സന്തുഷ്ടരായി . എത്ര താമസം വന്നാലും ഡിസംബർ ആദ്യ ആഴ്ച എല്ലാവർക്കും പാസ്സ്പോർട്ട് കിട്ടുമെന്ന പ്രതീക്ഷയിൽ കൂട്ട യാത്രക്കുള്ള റീഫണ്ട് കിട്ടാത്ത  ടിക്കറ്റും ബുക്ക് ചെയ്തു. 

.ഈ സമയത്തൊക്കെ എൻ്റെ ചെറിയ മോളുടെ പ്രധാന വിനോദം അപ്പു , മാളു , നേഹ തുടങ്ങിയവർക്ക് ദുബായില് എത്തിയിട്ട് കാണാൻ പോകുന്ന കാഴ്ചകൾ വിവരിക്കുക എന്നതായിരുന്നു . അങ്ങനെ 
പതിയെ പതിയെ യാത്രയുടെ ആവേശം കുട്ടികളിൽ കണ്ടു തുടങ്ങി. അവരുടെ കൂട്ടുകാരും അവരുടെ വീട്ടുകാരുമൊക്കെ, "നിങ്ങളെല്ലാവരും കൂടെ ദുബായ് ക്ക് അടിച്ചു പൊളിക്കാൻ പോവുക ആണല്ലേ?" എന്ന് ചുറ്റും ഉള്ളവരൊക്കെ ചോദ്യങ്ങളും തുടങ്ങി. എട്ട് പേർക്ക് പോകണം, പക്ഷേ അതിൽ നാല് പേർക്ക് പാസ്സ്പോർട്ട് ഇല്ല എന്നൊക്കെ പറഞ്ഞത് എത്രത്തോളം വിശ്വസനീയമായി തോന്നിയെന്ന് അറിയില്ല. പക്ഷേ , അതായിരുന്നു ഞങ്ങൾ പോലും വിശ്വസിക്കാൻ ഇഷ്ടപ്പെടാത്ത സത്യം. 

നവംബർ രണ്ടാം വാരത്തിൽ അടുത്ത സർപ്രൈസ് എത്തി. ഇവർ സമർപ്പിച്ച അപേക്ഷയിൽ അവസാനം ഒരു ഡേറ്റ് സെലക്ട് ചെയ്ത് അതിൽ ക്ലിക്ക് ചെയ്ത് ഒരു രസീത് കിട്ടണം ആയിരുന്നു. അപ്പോഴേ പറഞ്ഞ ഡേറ്റ് കിട്ടുകയുള്ളൂ. അത് അറിഞ്ഞു വന്നപ്പോഴേക്കും നവംബർ പന്ത്രണ്ടായി. ആദ്യം ഒരു ഞെട്ടൽ, ഒരു വീട്ടിൽ നിന്ന് അടുത്ത വീട്ടിലേക്ക് ഓട്ടം, അപ്പോ അവിടെയും തെറ്റി എന്ന് മനസ്സിലാക്കുന്നു, ഇതെല്ലാം കൂടി എൻ്റെ വീട്ടിൽ വന്നു പറഞ്ഞു കരച്ചിൽ, പിന്നെ തിരിച്ചു പോയി വീണ്ടും ബുക്ക് ചെയ്യൽ, ഡേറ്റ് കിട്ടിയെന്നു ഉറപ്പിക്കൽ അങ്ങനെ ആകെ ചളകുളമായി എന്ന് പറഞ്ഞാൽ പോരെ. പുതിയ ഡേറ്റ് കിട്ടിയതോ ഡിസംബർ ആദ്യ ആഴ്ചയിലേക്ക് . ഇതൊക്കെ നമ്മുടെ മിഷൻ ദുബായ് ഗ്രൂപ്പിൽ അപ്പപ്പോ അപ്ഡേറ്റ് ആക്കുന്നുണ്ടായിരുന്നു എല്ലാവരും. അതാണ് ഞങ്ങളുടെ നന്മ, ട്രിപ്പ് ഓർഗനൈസർക്ക് ഇതൊക്കെ കണ്ട് തിരുപ്പതിയായി.

ഇത്രയൊക്കെ ആയിട്ടും എൻ്റെ ഭർത്താവ് അപ്പോഴും ഗൾഫിലെ ലുലു മാളിൽ കൗണ്ടറിൽ നിൽക്കുന്ന ഫിലിപ്പിനോയെ പ്പോലെ കംപ്ലീറ്റ് പോസിറ്റീവ്എനർജി." എല്ലാം ശെരി ആവും കൂട്ടുകാരെ, നമുക്ക് യാത്രക്ക് ഒറ്റ ആഴ്ച മുമ്പ് എല്ലാം ശെരി ആക്കി കിട്ടിയാൽ മതി, വിസ കിട്ടും". ഈ മെസ്സേജ് ഒക്കെ കണ്ടപ്പോ ഞാൻ മനസ്സിൽ വിചാരിച്ചു , ഈ മനുഷ്യന് ഇത്രയും ക്ഷമയോക്കെ ഉണ്ടോ? പണ്ടൊരിക്കൽ എനിക്ക് ഒരു ഒപ്പ് മാറിപ്പോയി എന്നതിന് എന്ന് എത്ര ചീത്ത പറഞ്ഞ മനുഷ്യനാണ്?, അതിപ്പോ ലോണിൻ്റെ അപ്ലിക്കേഷനിൽ രണ്ടിടത്ത് ഒപ്പിട്ടപ്പോൾ ആ വൃത്തികെട്ട ബാങ്കുകാർ പറയുന്നു , ഒന്ന് മറ്റേത് പോലെ അല്ലാ എന്ന്. ഞാൻ പറഞ്ഞു, " നിങ്ങള് കണ്ടില്ലേ, ഞാൻ ആണ് ഒപ്പിട്ടത് എന്ന്, അപ്പോ അതും ഇതും ഞാനല്ലേ?". അവന്മാർ സമ്മതിച്ചില്ല. അപ്പോ ഈ പോസിറ്റീവ് മാലാഖയെ അവിടെ എങ്ങും കണ്ടില്ല. 

 എന്തായാലും , പുള്ളിക്കാരൻ്റെ ഉറപ്പ് കൂടി കിട്ടിയതോടെ എല്ലാവരും യാത്രയുടെ ഒരുക്കങ്ങൾ തുടങ്ങി. മായ ചേച്ചി ഗൾഫിലെ ബന്ധുക്കൾക്ക് കൊടുക്കാൻ അച്ചപ്പവും മുറുക്കും വാങ്ങാൻ തുടങ്ങി, സോഫിയാവട്ടെ പല പല കടകളിൽ നിന്നായി നേരിട്ടുള്ള ഷോപ്പിംഗ് കഴിഞ്ഞ് ഓൺലൈൻ ആയി ഐറ്റംസ് നോക്കി തുടങ്ങി, എന്നാൽ രമ്യ ഇവരെയൊക്കെ കടത്തി വെട്ടി മുടി മുറിച്ച് ,  കളറോക്കെയടിച്ച് സ്റ്റൈലിൽ തന്നെ ദുബായ് കടപ്പുറത്ത് ചെന്ന് ഇറങ്ങും എന്ന് തീരുമാനിച്ചു . 

ഡിസംബർ പതിഞ്ചായി. ഓരോന്ന് ഓരോന്നായി ഒടുവിൽ നാല് പാസ്പോർട്ടുകളും പല വിധ കവറോക്കെ ഇട്ട് വീടുകളിൽ എത്തി. 
വാട്ട്സാപ്പ് ഗ്രൂപ്പിൽ കെട്ടിയോൻ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നു, അങ്ങനെ നമ്മുടെ യാത്രയുടെ ആദ്യ ഘട്ടം നമ്മൾ കടന്നിരിക്കുന്നു, ഇനി വിസ എടുക്കണം , ഫ്ലൈറ്റിൽ കയറണം , ദുഫായി കാണണം, അത്രയേ ഉള്ളൂ . എല്ലാവരും ആനന്ദ നിർവൃതിയിൽ ലൗ ഇമോജികൾ, കയ്യടികൾ , അടിപൊളി ജിഫുകൾ എന്നിവയൊക്കെ വാരി വിതറുന്നു. ആകെ കളി ചിരികൾ. 

അടുത്ത നടപടികൾക്കായി എല്ലാവരും പാസ്പോർട്ടിൻ്റെ പടം ഇദ്ദേഹത്തിന് അയച്ചു കൊടുക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് രാത്രി ഒരു പത്ത് മണിയോടെ ഇവിടത്തെ ഇദ്ദേഹം അന്നത്തെ വാട്ട്സാപ്പ് യോഗം പിരിച്ചു വിടുന്നു.

രാത്രി ഒരു രണ്ട് രണ്ടര മണി, ഇന്ത്യൻ സമയം. ഗൾഫിലും അർദ്ധ രാത്രി തന്നെ. പതിവില്ലാതെ ഫോൺ വിളി കേട്ട് എൻ്റെ ഭർത്താവ് എഴുന്നേൽക്കുന്നു. മറു വശത്ത് ചിന്തു ഭായി . 
"അളിയാ, എന്നെ തെറി വിളിക്കരുത്, കൊല്ലരുത്, ഒരു പ്രശ്നമുണ്ട്, എൻ്റെ പാസ്സ്പോർട്ട് ഞാൻ ഇപ്പോഴാണ് എടുത്ത് നോക്കിയത്. അതിൻ്റെ കാലാവധി കഴിഞ്ഞ ജൂലൈയിൽ കഴിഞ്ഞു പോയിരിക്കുന്നു.ഇനി എന്ത് ചെയ്യും?"

ഇത്രയും കേട്ട ശേഷം അവിടന്ന് യാതൊരു മറുപടിയും കേട്ടില്ല, പുള്ളിക്കാരൻ കിളി പോയി ഇരിക്കുകയാണോ എന്ന് സംശയം തോന്നിയത് കൊണ്ടാകും ചിന്ത് ഭായി ഉടനെ തന്നെ എന്നെയും വിവരം അറിയിച്ചു. 

അപ്പോഴേക്കും ഡിസംബർ പതിനാറായി എന്നറിയിച്ചു കൊണ്ട് സൂര്യ ഭഗവാൻ കിഴക്ക് അറ്റണ്ടൻസ് വച്ചു. പിന്നെ യാത്രക്ക് പത്ത് ദിവസം മാത്രം . ഇവിടെ ഓടിയും കിതച്ചും പല തവണ ആപ്ലിക്കേഷൻ അയച്ചും  പോലീസുകാരനെ ഓടിച്ചിട്ട് പിടിച്ച് വെരിഫിക്കേഷൻ ചെയ്യിച്ചും ഒക്കെ കിട്ടിയ പാസ്പോർട്ടും കയ്യിൽ പിടിച്ച് കുറെ ആളുകളും അനവധി നിരവധി അന്താരാഷ്ട്ര യാത്രകൾ പുല്ല് പോലെ നടത്തി എക്സ്പീരിയൻസും എന്നാല് കാലാവധി ഇല്ലാത്ത പാസ്പോർട്ടും പിടിച്ച് ചിന്തു ഭായിയും "ഇനി എന്താ ചെയ്ക പ്രവീൺ ബ്രോ?" എന്ന ചോദ്യത്തോടെ എൻ്റെ കെട്ടിയോനെയും നോക്കി ക്കൊണ്ട് നിൽക്കുന്നു. പുള്ളിയുടെ മനസ്സിൽ "ഇവർക്ക് വേണ്ടി വീട്ടിലേക്ക് വാങ്ങിയ മെത്തയും തലയണയും കിടുപിടികളും ഓലെക്‌സിൽ ഇട്ടു വിൽക്കാൻ പറ്റുമോ" എന്നായിരുന്നു. 

ഞാൻ പതിയെ ഫോണിൽ ഒന്ന് സെർച്ച് ചെയ്തു നോക്കി, 
"ദുഫായിക്ക് പോകാൻ റേഷൻ കാർഡ് മതിയോ?" 

"സെർച്ച് ചെയ്യുവിൻ , കണ്ടെത്തും എന്നാണല്ലോ ചൊല്ല്" , അല്ലേ? 

പുതു വർഷം

 

വർഷങ്ങളായി സ്കൂളുകളിൽ ജോലി ചെയ്തത് കാരണമാവും എന്നെ സംബന്ധിച്ച് പുതു വർഷം എന്നത് ജനുവരിയെക്കാൾ ജൂൺ ഒന്ന് ആയിട്ടാണ് തോന്നാറ്. 

ഓരോ തവണയും ഭർത്താവിൻ്റെ ജോലി മാറുന്നത് അനുസരിച്ച് മക്കൾക്ക് വേണ്ടി സ്കൂൾ അഡ്മിഷൻ റെഡിയാക്കുന്നത് ഭഗീരഥ പ്രയത്നം തന്നെ ആയിരുന്നു . താമസിക്കാൻ പോകുന്ന സ്ഥലത്തിന് അടുത്ത് തന്നെ അവർക്ക് പറ്റുന്ന ഒരു സ്കൂൾ കണ്ടു പിടിച്ചു കഴിഞ്ഞാൽ പിന്നെ കുറെ നാൾ വീട്ടിൽ ഭയങ്കര തയാറെടുപ്പാണ്. മിക്കവാറും മക്കൾക്ക് മാത്രമല്ല, അച്ഛനും അമ്മയ്ക്കും ചേർത്താണ് അഡ്മിഷൻ ടെസ്റ്റ്. ഞങ്ങളും അങ്ങോട്ടും ഇങ്ങോട്ടും ഇൻ്റർവ്യൂ ഒക്കെ നടത്തി റെഡിയാകും . 'സാൾട്ട് മംഗോ ട്രീ' എന്ന പടത്തിൽ ബിജു മേനോൻ പഠിക്കും പോലെ ചൈൽഡ് ലേബർ ഒക്കെ നന്നായി പഠിച്ചിട്ട് ആണ് പോക്ക്. എന്തൊക്കെ ചെയ്താലും നമ്മൾ ഉത്തരം പറയാതെ ഇരുന്നാൽ പിള്ളേർക്ക് അഡ്മിഷൻ കിട്ടാതാവുമോ എന്നുള്ള പേടി എപ്പോഴും ഉണ്ടായിരുന്നു. 

പലപ്പോഴും ഇങ്ങനെയുള്ള  ട്രെയിനിംഗ്ൻ്റെ  ഫലമായി എനിക്കീ സ്കൂളുകളിൽ തന്നെ ജോലി കിട്ടാറുണ്ട്. എന്നിട്ട് തന്നെ മക്കളിൽ ഏതേലും ഒരാൾക്ക് മാത്രമേ അഡ്മിഷൻ തരൂ എന്ന് പറഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.  അന്നൊക്കെ കുട്ടികളുടെ പഠിത്തം വിചാരിച്ച പോലെ മുന്നോട്ട് കൊണ്ട് പോകാൻ പറ്റുമോ എന്നാലോചിച്ച് വിഷമിച്ചിട്ടുണ്ട്.

പിള്ളേർക്ക് പക്ഷേ, ഓരോ പുതിയ ഇടങ്ങളും പുതിയ പാഠങ്ങൾ ആയിരുന്നു. അവർക്ക് ഏറ്റവും സന്തോഷം പല തരം യൂണിഫോം ആയിരുന്നു. ഓരോയിടത്തും ഓരോ രീതികൾ. പല തരം കൂട്ടുകാർ. പുതിയ സാങ്കേതിക രീതികൾ കാരണം മിക്കവാറും എല്ലാ കൂട്ടുകാരുമായി കൂട്ട്കെട്ട് നിലനിർത്താനും പറ്റുന്നു. 

ഈ പുതുവർഷം പക്ഷേ വല്ലാതെ അൽഭുതപ്പെടുത്തുന്നു.ചെറിയ മകൾ ഈ വർഷം ഹൈ സ്കൂളിലേക്ക് പോവുകയാണ്.

നമ്മുടെയൊക്കെ കാലത്ത് ഹാഫ് പാവാടയിൽ നിന്ന് ഫുൾ പാവാട അല്ലെങ്കിൽ മുക്കാൽ പാവാട എന്ന പ്രമോഷൻ കിട്ടേണ്ട കാലം. 

വലിയ ചേച്ചിമാർ പഠിക്കുന്ന ഹൈ സ്കൂൾ ബ്ലോക്കിലേക്ക് പ്രവേശനം കിട്ടേണ്ട കാലം. 

ട്യൂഷൻ ക്ലാസ്സുകളിൽ കൂട്ടുകാരെ കിട്ടേണ്ട കാലം.

ടീച്ചർ പഠിപ്പിക്കുന്നതിന് ഇടയിൽ കൂട്ടുകാരോട് ക്ലാസിലിരുന്ന് തമാശകൾ പറഞ്ഞു ചിരിക്കേണ്ട കാലം.

ഫ്രീ പീരീടുകളിൽ ടീച്ചറുമായി കൊച്ചു വർത്തമാനം പറഞ്ഞു കൂട്ട് കൂടേണ്ട കാലം.

ഇത്തവണ അവളെ ഗൾഫിൽ നിന്ന് നാട്ടിലേക്ക് പറിച്ചു നട്ട വർഷമാണ്. അത് കൊണ്ട് തന്നെ ഞങ്ങളുടെ പേടിയും കൂടുതൽ ആയിരുന്നു.

പക്ഷേ അവൾക്കിത് ഒരു വാട്ട്സ്ആപ് ഗ്രൂപ്പിൽ നിന്ന് മറ്റൊന്നിലേക്ക് ഉള്ള മാറ്റം മാത്രം . കഴിഞ്ഞ വർഷം ടീംസ് ആയിരുന്നു എങ്കിൽ ഈ വർഷം ഗൂഗിൾ ക്ലാസ്സ് റൂം. അത്രെ ഉള്ളൂ എന്നവൾ. കൂട്ടുകാരോട് വാട്ട്സ്ആപ്പിൽ കൂട്ടാവണം എന്ന് സിമ്പിളായി പറഞ്ഞു അവളെന്നെ അതിശയിപ്പിക്കുന്നു.

പുതിയ ബുക്കുകളോ, പൊതിയാൻ ബ്രൗൺ പേപ്പറോ യൂണിഫോമോ ബാഗോ ഇല്ലാതെ പുതിയ കുടയില്ലാതെ  പുതിയ വർഷം തുടങ്ങുന്നു. 

എല്ലാ പുതിയ വെല്ലുവിളികളെയും നമ്മളെക്കാൾ നന്നായി നേരിടുന്ന നമ്മുടെ മക്കൾ പുഞ്ചിരിച്ച് കൊണ്ട് പുതിയ വർഷത്തിലേക്ക്  കടക്കുന്നു. എല്ലാ വിധ ആശംസകളും.

സമർപ്പണം _ 

കഴിഞ്ഞ വർഷം പന്ത്രണ്ടാം ക്ലാസ്സിലെത്തി എന്ന തെറ്റ് കാരണം ഒന്നര വർഷമായി അവിടെ തന്നെ ഇപ്പോഴും  ഇരിപ്പും നിൽപ്പും കിടപ്പുമായ മൂത്ത മകൾക്കും കൂട്ടുകാർക്കും. 

"റീസൺ ഹൂ ?"  






ഡ്രീം ജോബ്

 

എക്കാലത്തെയും ഇഷ്ട നടി ശോഭന ആണെങ്കിലും സുഹാസിനി യുടെ ചിരിയും സാരികളും എനിക്ക് പണ്ടെ വലിയ ഇഷ്ടമാണ്. വലുതാവുമ്പോൾ ഒരു ടീച്ചർ ആയാൽ ക്കൊള്ളാം എന്ന് ആദ്യമായി തോന്നിയത് കൂടെവിടെ എന്ന പടത്തിലെ സുഹാസിനി യെയും ഊട്ടിയിലെ ഗുഡ് ശേപ്പേർഡ് സ്കൂളു കണ്ടത് മുതലാണ്. 

ചെറിയ കുട്ടികൾ ആദ്യം നടത്തുന്ന റോൾ പ്ലേ ആണല്ലോ ടീച്ചറും കുട്ടിയും.. പാവകളെ നിരത്തി വെച്ച് അവയെ പഠിപ്പിക്കുക, ചുറ്റുമുള്ള വീടുകളിലെ കുട്ടികളെ തല്ലി തലോടി പഠിപ്പിക്കുക ഇതൊക്കെ മിക്ക പെൺകുട്ടികളെയും പോലെ ഞാനും  ചെയ്തിട്ടുണ്ട് . പാവകൾക്ക് പകരം മിക്കവാറും അടുകകള യിലെ പാത്രങ്ങൾ ആയിരിക്കും , അല്ലേൽ പൗഡർ ടിൻ, വിക്സ് കുപ്പി, ചെറിയ ടൈം പീസ് എന്നിവയൊക്കെ  ആവാം. സ്വന്തം ദേഹ രക്ഷ വളരെ പ്രധാനം ആണെന്ന് ചെറുപ്പ കാലം മുതലേ നല്ല ബോധ്യം ഉള്ള പെൺ കുട്ടി ആയ കാരണം അമ്മ ഓഫീസിലേക്ക് പോയ ശേഷമാണ് സാധാരണ ഇത്തരം ക്ലാസ്സുകൾ നടത്താറുള്ളത്.

പണ്ട് മുതലേ മറ്റുള്ളവരുടെ കുറ്റങ്ങൾ കണ്ട് പിടിക്കാനും ആളുകളെ ഉപദേശിക്കാനും വാചകം അടിക്കാനും ഒക്കെ നല്ല താല്പര്യം ഉണ്ടായിരുന്നത് കാരണം ഞാനൊരു ടീച്ചർ  ആകുമെന്ന് മാതാപിതാക്കളും അയലോക്കക്കാരും സ്വാഭാവികമായി വിശ്വസിച്ചു പോന്നിരുന്നു. എൻ്റെ മനസ്സിൽ സുഹാസിനി ആവനുള്ള മോഹമായിരുന്നു കൂടുതൽ.

അന്നൊക്കെ പത്താം ക്ലാസ് പ്രീ ഡിഗ്രീ തുടങ്ങിയവ കഴിഞ്ഞാൽ സ്വാഭാവികമായും ഡിഗ്രിക്ക് പോകുന്നത് നാട്ടു നടപ്പ് ആയിരുന്നല്ലോ . ഡിഗ്രീ കഴിയാറാവുമ്പോ ഏതൊരു പെൺകുട്ടിയെയും പോലെ ഞാനും അച്ഛനും അമ്മയും തമ്മിൽ എൻ്റെ കല്യാണ ക്കാര്യം വല്ലതും പറയുന്നുണ്ടോ യെന്ന് ഒളിഞ്ഞു കേട്ട് നോക്കി. ഒന്നും കേൾക്കാതായപ്പോൾ  പിന്നെ എംഎസ്സിക്കും സ്വാഭാവികമായി ബി എഡ് നും ചേർന്നു. ആ കാലത്ത് പി ജി യും ബിഎഡും കഞ്ഞിയും പയറും പോലെ ആയിരുന്നു. പിജി കഴിഞ്ഞ് ഇറങ്ങുന്ന പിള്ളേർ നേരെ ബസ്സ് പിടിച്ചു ടീച്ചർ ആകാൻ പോകും. അങ്ങനെയാണ് തൻ്റേതല്ലാത്ത കാരണങ്ങളാൽ ഞാനും ഒരു ടീച്ചർ ആയി മാറിയത്. 

പിന്നീട് വർഷങ്ങൾ നീണ്ട അധ്യാപന ജീവിതത്തിൽ ഞാനൊരു കാര്യം മനസ്സിലാക്കി. ഞാൻ എങ്ങനെയൊക്കെ സാരി ഉടുത്ത് വന്നാലും എത്ര ഇൻ്റർനാഷണൽ സ്കൂളിൽ പഠിപ്പിചാലും സുഹാസിനി ആവില്ല എന്ന്. അതോടെ അധ്യാപന ജോലിക്ക് തോന്നിയിരുന്ന ഗ്ലാമർ പോയി മനസ്സിൽ. 

ഒരു പാട് കഷ്ടപ്പെട്ട് ബുദ്ധിമുട്ടി മൂക്ക് കൊണ്ട് ' ക്ഷ ' ' ഞ്ഞ ' ഒക്കെ വരച്ചു ഒടുവിൽ ഒരു സർക്കാർ ക്ലാർക്കിൻ്റെ ജോലിയും  സംഘടിപ്പിച്ചു. ഇതിനൊക്കെ ഇടയിൽ വല്ലതുമൊക്കെ കുത്തി കുറിക്കാനും കുറെ വായനക്കാരെ സമ്പാദിക്കാനും കഴിഞ്ഞ്. ചുരുക്കത്തിൽ മറ്റുള്ളവർക്ക് തോന്നും എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കാൻ സാധിച്ചു എന്ന്. പക്ഷേ എനിക്ക് ഇനിയും എൻ്റെ ഇഷ്ട തൊഴിലിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ് ലോകമറിയാത്ത രഹസ്യം. 

ഒരു ബിസിനസ്സ് കാരി ആകണം എന്നൊരു  ആഗ്രഹം ഇതിനിടയിൽ എപ്പോഴോ മനസ്സിൽ കയറിക്കൂടിയിരുന്നു. ഇന്നത്തെ കാലത്തെ ബിസിനസ്സെ രക്ഷയുള്ളൂ എന്ന് പറയുന്ന ശ്രീനിയേട്ടൻ ഫാനാണ് പണ്ടെ ഈ എഴുത്തുകാരി. വലിയ റിസ്ക്കുകൾ എടുക്കാനുള്ള ധൈര്യവും സാമ്പത്തികവും ഇല്ല എന്നതിനാൽ വളരെ ചുരുക്കത്തിൽ ആണ് നമ്മൾ സ്വപ്നങ്ങൾ  കണ്ടിരുന്നത്. വീടിനോട് ചേർന്ന് ഒരു കുഞ്ഞി കട നടത്തിയാണ് നമ്മൾ അംബാനി ആകാൻ പോകുന്നത്. സോപ്പ്, ചീപ്പ്, കണ്ണാടി, നോട്ട്ബുക്ക്, പേന,പെൻസിൽ, കത്രിക, ബാറ്ററി, മുറുക്ക്, ബിസ്കറ്റ് തുടങ്ങിയ കേടു കൂടാതെ സൂക്ഷിക്കാൻ പറ്റുന്ന ഐറ്റംസ്  മാത്രമേ വിൽപ്പനക്ക് വയ്ക്കൂ. സ്ഥിരമായി റേഡിയോയിൽ കിഷോർ കുമാറിൻ്റെ പാട്ട് വയ്ക്കുന്നതായിരിക്കും. ബിസിനസ്സ്കാരി രാവിലെ വീട്ടിലെ പണിയെല്ലാം ഒതുക്കി വന്നു കട തുറക്കും. സാധനം വാങ്ങാൻ വരുന്ന ആണുങ്ങൾ നാട്ടു വിശേഷം ഒക്കെ പറഞ്ഞിട്ട് പോയിക്കോള്ളണം. വനിതകൾക്ക് പക്ഷേ ഇരിപ്പിടം ഉണ്ടാകും. അവിടെ അവർക്ക് നിരന്നിരുന്ന് കഥകൾ പറയാം. വേണേൽ മുറുക്കും വാങ്ങി തിന്നാം. സ്ഥിരം കസ്റ്റമേഴ്സിന് പ്രത്യേകം ഡിസ്കൗണ്ട്കൾ പ്രഖ്യാപിക്കാൻ ആലോചനയുണ്ട്. ലേഡീസിന്  ഇരുന്നു വായിക്കാനായി അവർക്ക് താൽപര്യം ഉള്ള പുസ്തകങ്ങൾ, പത്രങ്ങൾ ഒക്കെയുണ്ടാകും. പുതിയ കസ്റ്റമേഴ്സിനെ പരിചയപ്പെടുത്തുന്നവർക്ക് സ്പെഷ്യൽ ആയി ഒരു നാരങ്ങ മിട്ടായി കൊടുക്കുന്നതായിരിക്കും. പിന്നെ ഉച്ചയാകുമ്പോൾ കടക്കാരിക്ക് ഉറക്കംവരുന്നത് കാരണം മൂന്ന് മുതൽ അഞ്ച് വരെ കട തുറക്കുന്നതല്ല. 

റിട്ടയർമെൻ്റ് കഴിയുന്ന കാലത്തെങ്കിലും ടാറ്റാ , ബിർളയേ പോലെ ബിസിനസ് മാഗ്നെറ്റ് ആകാനുള്ള മോഹം പൂവണിയും എന്നാണ് എൻ്റെയൊരു പ്രതീക്ഷ. 

അറിയിപ്പ് - റിട്ടയർ ആകാൻ ഇനി അധിക കാലമില്ലല്ലോ എന്നും പറഞ്ഞോണ്ട് വരുന്നവർക്ക്  നാരങ്ങ മിട്ടായി ഓഫർ ലഭിക്കുന്നതായിരിക്കില്ല . 










ചൂളം വിളിച്ചെത്തിയ പ്രണയ കാലം

ചൂളം വിളിച്ചെത്തിയ പ്രണയ കാലം 

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എം എസ് സി ക്ക് പഠിച്ച രണ്ടു വർഷങ്ങൾ ഒരിക്കലും മറക്കാൻ പറ്റാത്ത കാലമാണ്.   പുറത്ത് നിന്ന് കാണുന്ന ലോകമല്ല ആ ചുവന്ന മതിൽകെട്ടിന് ഉള്ളിൽ ഉള്ളത്. രാജകീയ പ്രൗഢിയോടെ തല ഉയർത്തി പിടിച്ച് നിൽക്കുന്ന കെട്ടിടങ്ങളും അതി വിശാലമായ പടിപടിയായി ക്രമീകരിച്ചിരിക്കുന്ന ഇരിപ്പിടങ്ങൾ ഉള്ള ക്ലാസ്സ് മുറികളും നമ്മെ അമ്പരപ്പിക്കും . 

ഇതൊന്നും കൂടാതെ ആ പെൺകുട്ടിയുടെ ശ്രദ്ധ ആകർഷിച്ചത് ചിറയിൻകീഴ് എന്ന മനോഹരമായ ഗ്രാമത്തിൽ നിന്ന് ആ ക്ലാസ്സിലേക്ക് ഒന്നാമനായി വന്നു കയറിയ യുവാവ് ആയിരുന്നു. ആദ്യമൊന്നും പുള്ളിക്ക് നമ്മളിൽ വലിയ താല്പര്യം ഒന്നും ഉള്ളതായി തോന്നിയില്ല എങ്കിലും രണ്ട് വർഷത്തെ പരിചയം അവരെ ഏറ്റവും അടുത്ത കൂട്ടുകാർ ആക്കി മാറ്റിയിരുന്നു. കോഴ്സ് കഴിഞ്ഞപ്പോഴേക്കും ഈ കൂട്ട്കെട്ട് ജീവിതകാലം മുഴുവനും നീട്ടാനും തീരുമാനം എടുത്തു കഴിഞ്ഞിരുന്നു, പോരെങ്കിൽ വീട്ടുകാരുടെ മൗന അനുവാദവും.. പ്രണയ കാലം ആസ്വദിക്കാൻ ഇനിയെന്ത് വേണം? 

പൊതുവേ പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞാൽ പിന്നെ ബി എഡ്ഡിന് പോകുക എന്നത് അന്നത്തെ ഒരു നാട്ടു നടപ്പ് ആയത് കൊണ്ട് നമ്മുടെ മിഥുനങ്ങളും ആ വഴിയേ പോകാൻ തീരുമാനിച്ചു. രണ്ടു പേർക്കും ഒന്നിച്ച് അഡ്മിഷൻ തരമായത് നഗര പരിധിക്ക് പുറത്തുള്ള കണിയാപുരം എന്ന സ്ഥലത്തുള്ള ടീച്ചർ എഡ്യു കേഷൻ സെൻ്ററിൽ ആണ്. യുവതിയുടെ നഗരത്തിൽ നിന്നും യുവാവിൻ്റെ ഗ്രാമത്തിൽ നിന്നും ഒരേ ദൂരം ..ഏകദേശം മദ്ധ്യത്തിൽ ആണെന്ന് പറയാം. 

ഒരു വർഷത്തേക്ക് കൂടി പ്രണയം ആഘോഷിക്കാനുള്ള സ്വാതന്ത്ര്യമായി എന്ന ആഹ്ലാദത്തോടെയാണ് ക്ലാസ്സിലേക്ക് വലത് കാൽ എടുത്ത് വച്ച് ചെന്ന് കയറിയത്. പക്ഷേ ,അവിടത്തെ മണ്ണ് പ്രേമത്തിന് ഒട്ടും അനുകൂലമല്ല എന്ന് ആദ്യ ദിവസം തന്നെ പിടികിട്ടി.  നല്ല കടുത്ത പ്രേമ വിരോധികൾ ആയ അധ്യാപകരും ഹിറ്റ്‌ലറെ ഓർമിപ്പിക്കുന്ന സെൻ്റർ ഹെഡ് അമ്മച്ചിയും. ഇതൊന്നും പോരെങ്കിൽ ആകെ മൊത്തം നൂറു നൂറ്റമ്പത് കുട്ടികൾ മാത്രമാണ് പഠിക്കുന്നത്. എല്ലാവർക്കും എല്ലാവരെയും അറിയാം. അപ്പൊൾ പിന്നെ ഇവരുടെ  ഒക്കെ കണ്ണ് വെട്ടിച്ച് ഒന്ന് ചിരിക്കുക പോലും ബുദ്ധിമുട്ട്. പിന്നല്ലേ ,മണിക്കൂറുകൾ കത്തി വയ്ക്കുന്നതും ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്നതും ബസ്സ് സ്റ്റോപ്പ് വരെ കൂടെ നടക്കുന്നതും ഒക്കെ. രണ്ട് പേരും  ആകെ വിഷമത്തിലായി. 

സെൻ്ററിന് ഉള്ളിൽ വച്ച് സ്വസ്ഥമായി ഒന്നും സംസാരിക്കാൻ ഉള്ള അവസരം എന്തായാലും കിട്ടില്ല. എന്നാലും അങ്ങനെ തോറ്റ് പിന്മാറുന്നത് എങ്ങനെ? തല പുകഞ്ഞു ആലോചിച്ചപ്പോൾ ഒരു വഴി കണ്ടെത്തി. വൈകുന്നേരത്തെ മടക്കയാത്ര ഒന്നിച്ചാക്കുക . അപ്പോള്  അന്നത്തെ മുഴുവൻ വിശേഷങ്ങളും പറഞ്ഞു പറഞ്ഞു പോകാം. പക്ഷേ , അവിടെയും പ്രശ്നം ഉണ്ട്. രണ്ട് പേർക്കും രണ്ട് ദിശയിലേക്ക് ആണ് പോകേണ്ടത് . ബസ്സിലെ യാത്ര ചിന്തിക്കാൻ പറ്റില്ല. മറ്റെല്ലാ കുട്ടികളും അധ്യാപകരും എല്ലാം ബസ്സ് സ്റ്റോപ്പിൽ കൂട്ടം കൂട്ടമായി വന്ന് നിൽക്കും.. ഇവരുടെ ഒക്കെ മുന്നിൽ ഒരേ ബസ്സിൽ കയറുന്ന കാര്യം ചിന്തിക്കുക പോലും വേണ്ട. അപ്പോ പിന്നെന്ത് വഴി? 

"യുറേക്ക ", അതിലെ കടന്നു പോകുന്ന റെയ്ൽവേ പാളം രക്ഷക്ക് എത്തി. ഒരേ ഒരു ട്രെയിൻ മാത്രമേ ഉള്ളൂ അവിടെ സ്റൊപ്പുള്ളൂ. തിരുവനന്തപുരത്തേക്ക്  ഉള്ള ഒരു ഷട്ടിൽ ട്രെയിൻ. രണ്ടു പേരും അതിൽ കയറി അഞ്ച് മണി ആകുമ്പോൾ തമ്പാനൂരിലേക്ക്  പോകും.
യുവ നായകൻ അഞ്ചരയ്ക്ക് ഉള്ള വേണാട് എക്സ്പ്രസിൽ കയറി തിരിച്ചു വന്ന വഴിയെ ചിറയിൻകീഴിലേക്ക് യാത്രയാകും. നായിക  ഓട്ടോയിൽ കയറി വീട്ടിലേക്കും പോകും. 

അങ്ങനെ ആ റെയ്ൽവേ സ്റ്റേഷൻ പ്രണയ താവളമായി മാറി..

ഒരു ചെറിയ സ്റ്റേഷൻ ആയിരുന്നു അത്. ഒന്നോ രണ്ടോ സിമൻ്റ് ബെഞ്ചുകൾ നിരന്ന് കിടക്കുന്ന ആളൊഴിഞ്ഞ പ്ലാറ്റ്ഫോം. പാളത്തിൻ്റെ ഇരു വശങ്ങളിലും നിൽക്കുന്ന മരങ്ങളുടെ ചില്ലകൾ അവിടെ മൊത്തം നിഴൽ വീഴ്ത്തിയിരുന്നു. ടിക്കറ്റ് കൗണ്ടർ ആയി പ്രവർത്തിക്കുന്ന ഒരു ചെറിയ കെട്ടിടം 
ഒരു വശത്തായി ഉണ്ടായിരുന്നു. ആകെ മൊത്തം ഒന്നോ രണ്ടോ ട്രെയിനുകൾക്ക് മാത്രം സ്റ്റോപ്പുള്ള ഒരു ചെറിയ സ്റ്റേഷൻ. 

കൂട്ടുകാരികളുടെ കൂടെ റെയ്ൽവേ ഗേറ്റ് വരെ വന്ന ശേഷം അവള് പതിയെ  സ്റ്റേഷനിലേക്ക് നടക്കും . അപ്പോഴേക്കും നമ്മുടെ നായകൻ നേരത്തെ എത്തി ഏതെങ്കിലും സിമൻ്റ് ബെഞ്ചിൽ ചിരിച്ചു കൊണ്ട് ഇരിപ്പുണ്ടാവും. പിന്നീട് അങ്ങോട്ടുള്ള  ഒന്ന് രണ്ടു മണിക്കൂർ ഇടതടവില്ലാതെ ഉള്ള സംസാരം ആണ് . കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിൽ നടന്ന കാര്യങ്ങളൊക്കെ ഡയറിയിൽ എഴുതി സൂക്ഷിക്കുന്ന പോലെ  അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു കൊണ്ടേയിരിക്കും . പല ദിവസങ്ങളിലും ഒന്നും രണ്ടും പറഞ്ഞു പിണങ്ങും ..എന്നാലും ഒരേ സീറ്റിൽ ഇരുന്നു കാഴ്ചകൾ കണ്ടു യാത്ര ചെയ്യും. ഒന്നിച്ച് ചായ വാങ്ങി കുടിക്കും . അതാണല്ലോ മൊത്തത്തിൽ ഈ പ്രണയത്തിൻ്റെ ഒരു ഹരം.

ആദ്യത്തെ രണ്ടോ മൂന്നോ മാസങ്ങൾ ഇങ്ങനെ കടന്നു പോയി. ഈ കാലം കൊണ്ട് രണ്ടു പേരും പഠന മികവ് കൊണ്ടും കായിക കഴിവുകൾ കൊണ്ടും  കോളജിലെ അധ്യാപകരുടെ നല്ല പേര് നേടി,  സെൻ്റർ ഹെഡിൻ്റെ പോലും. പൊതുവേ മറ്റു കുട്ടികൾക്ക് ഉദാഹരണം ആയി പോലും ഇവരെ ചൂണ്ടി കാണിക്കുന്ന സ്ഥിതി ആയി എന്ന് പറയാം. അത് പിന്നെ അതി ഗംഭീരമായ അഭിനയം കാഴ്ച വയ്ക്കുക ആണല്ലോ രണ്ടു പേരും.  ഈ നല്ല പ്രതിച്ഛായ ഒക്കെ സ്വാഭാവികം തന്നെ... കോളജിൽ അപരിചിതരെ പോലെ നടക്കുന്ന അവർ വൈകുന്നേരം വീണ്ടും പഴയ ലൗ ബേർഡ്സ് ആയി മാറും. സന്തോഷം നിറഞ്ഞ കാലം .

അങ്ങനെ ഇരിക്കെ ഒരു സാധാരണ ദിവസം.  രണ്ടു പേരും സ്ഥിരമായ ഇണക്കങ്ങളും പിണക്കങ്ങളും ആയി സിമൻ്റ് ബെഞ്ചിൽ ഇരുന്നു ചർച്ച നടത്തി കൊണ്ടിരിക്കുന്നു. തൊട്ട് പിറകിൽ ഉള്ള ടിക്കറ്റ് കൗണ്ടറിൽ ആരൊക്കെയോ സംസാരിക്കുന്നത് കേൾക്കാം. പൊതുവേ സ്റ്റേഷനിലേക്ക് വല്ലപ്പോഴും ആണ് മറ്റ് യാത്രക്കാർ വരുന്നത്. മിക്കവാറും
ഏതെങ്കിലും കച്ചവടക്കാർ ആകും . അത് കൊണ്ട് ഇരുവരും അങ്ങോട്ട് ഒന്നും ശ്രദ്ധിക്കാറില്ല. അന്നും തിരിഞ്ഞു നോക്കിയില്ല. കുറച്ച് നേരം കഴിഞ്ഞപ്പോൾ ടിക്കറ്റ് കൗണ്ടറിൽ നിശ്ശബ്ദത. പതിയെ എന്തോ സംശയം തോന്നി ഒന്ന് പയ്യെ തിരിഞ്ഞു നോക്കി. ഞെട്ടി തരിച്ചു പോയി ... അവിടെ കയ്യിൽ എടുത്ത ടിക്കറ്റും പിടിച്ച് അവരെ നോക്കി അന്തം വിട്ട് നിൽക്കുന്ന  പ്രിയപ്പെട്ട ടീച്ചറും കൂടെ അതി ഭീകരിയായ സെൻ്റർ ഹെഡും. 

 രണ്ടും ചാടി എഴുന്നേറ്റ് ഗുഡ് മോണിംഗ് ഒക്കെ പറഞ്ഞു.. വൈകുന്നേരം നാല് മണിക്ക് ആണെന്ന് ഓർക്കണം . ഇപ്പൊ ഓർക്കുമ്പോൾ ആ ടീച്ചർമാരും തിരിച്ചു ഗുഡ് മോണിംഗ് തന്നെ അല്ലേ പറഞ്ഞത്? ഓർമ്മ വരുന്നില്ല. 

അന്ന് ട്രെയിൻ വരുന്നത് വരെയുള്ള പതിനഞ്ച് മിനുട്ടിന് ഒന്നര മണിക്കൂർ നീളമുണ്ട് എന്ന് തോന്നി. കുട്ടികൾക്ക് മാത്രമല്ല , ആ ടീച്ചർമാർ ക്കും. അന്ന് വരെ എല്ലാ നിയമങ്ങളും പാലിച്ച് സർവ ഗുണ സമ്പന്നർ ആയി നടന്ന വിദ്യാർത്ഥകൾ അവരുടെ മനസ്സിൽ പെട്ടെന്ന് മോശക്കാർ ആയി മാറി  എന്നെനിക്ക് തോന്നി. എന്തായാലും അന്ന് ആരും പരസ്പരം ഒന്നും മിണ്ടിയില്ല. ട്രെയിൻ വന്നപ്പോഴും ടീച്ചർമാർ ഞങ്ങളെ ഒന്ന് നോക്കിയിട്ട് പോയി ലേഡീസ് കമ്പാർ്ട്മെൻ്റിൽ കയറി പോയി.

പിറ്റേന്ന് രാവിലെ തന്നെ പോയി തമ്മിൽ നേരത്തെ പരിചയം ഉണ്ടെന്നും വീട്ടുകാർക്ക് തമ്മിൽ അറിയാം എന്നൊക്കെ പറഞ്ഞെങ്കിലും അവരുടെ വിശ്വാസം നഷ്ടപ്പെടുത്തി എന്നൊരു നേരിയ സങ്കടം ഉള്ളിൽ തോന്നി. 

ആ സംഭവത്തിന് ഒരു വർഷത്തിന് ശേഷം  രണ്ടു പേരും ഓരോ ജോലി ഒക്കെ തരപ്പെടുത്തി വീട്ടുകാരെ കൊണ്ട് സമ്മതിപ്പിച്ച് കല്യാണം ഒക്കെ തീരുമാനിപ്പിച്ചു. കല്യാണ പന്തലിൽ വന്ന് ഞങ്ങളെ രണ്ട് പേരെയും നോക്കി നിൽക്കുന്ന ടീച്ചർമാരെ കണ്ടപ്പോൾ ഞാൻ അന്നത്തെ ദിവസം വീണ്ടും 
ഓർമ്മിച്ചു. അവരുടെ കണ്ണിലെ തിളക്കത്തിൽ കണ്ട അഭിമാനവും സ്നേഹവും ഇന്നും മറക്കാൻ പറ്റില്ല. അല്ലെങ്കിലും പ്രിയപ്പെട്ടവരുടെ അനുഗ്രഹത്തോടെ ജീവിതം തുടങ്ങുന്നതിൻ്റെ സുഖം ഒന്ന് വേറെ തന്നെ ആണല്ലോ..

ശ്രീജ പ്രവീൺ. 
















episode 2

കഴിഞ്ഞ ദിവസത്തെ കഥയിൽ പാസ്സ്പോർട്ട് വിശേഷങ്ങൾ ആയിരുന്നല്ലോ.  അർദ്ധ രാത്രി അസ്ഥപ്രജ്ഞൻ ആയി നിന്ന ചിൻതു ഭായി പിറ്റേന്ന് കുടുംബ സമേതം അരയും തലയ...