Total Pageviews
ചൂളം വിളിച്ചെത്തിയ പ്രണയ കാലം
സദ്യയും ഹിന്ദിയും
മേരി കുട്ടിയുടെ കദന കഥ
അവശ്യം വേണ്ടത്:
നല്ല കട്ടി കണ്ണാടി വച്ച ഗൗരവം ഉള്ള പ്രിൻസിപ്പൽ - ഒന്ന്
നല്ല നാട്യ ഭാവം ഉള്ള പക്ഷേ സലിം കുമാർ രീതിയിൽ ഒരേ സ്റ്റെപ് വീണ്ടും വീണ്ടും ഇടുന്ന പ്രധാന ഡാൻസ്ടീച്ചർ - ഒന്ന്
കണക്കും സയൻസും പഠിപ്പിക്കാൻ വന്നു പ്രിൻസിപ്പലിനെ പേടിച്ച് ഡാൻസ്, നാടകം
ഒക്കെ പിള്ളേരെ പഠിപ്പിക്കേണ്ട അവസ്ഥയിൽ യാതൊരു കലാ ബോധവും ഇല്ലാത്ത സാദാ ടീച്ചർമാർ-നാലഞ്ച് എണ്ണം
ഒരു പണിയും അറിഞ്ഞു കൂടാത്ത മുട്ടയിൽ നിന്നും വിരിയാത്ത പിള്ളേർ _ ആവശ്യാനുസരണം ( എണ്ണം ഭാഗ്യം പോലെ ഇരിക്കും.. )
ഞാൻ നാലാം ക്ലാസ്സ് വരെ പഠിച്ചത് ഒരു ചെറിയ സ്കൂളിൽ ആയിരുന്നു.. വീടിന് അടുത്ത് തന്നെ ഒരു വലിയ വീട്ടിൽ ആണ് ഇൗ സ്കൂൾ . ഒരു പാട് വലിയ മുറികൾ,വിസ്താരമുള്ള ഹാളുകൾ ഒക്കെ ഉള്ള ഒരു രണ്ടു നില കെട്ടിടം .. മുറ്റത്ത് കളിക്കാൻ ഒരു ചെറിയ കളിസ്ഥലം .. അവിടെ ഊഞ്ഞാൽ, സ്ലൈഡ് ഒക്കെ ഉണ്ട് .. ഓരോ മുറിയും ഓരോ ക്ലാസ്സ് മുറി ആയിരുന്നു.. പഠിപ്പിക്കാൻ ഹെഡ്മിസ്ട്രസ്സ് പിന്നെ നാലോ അഞ്ചോ അധ്യാപകരും ..ഞങ്ങടെ എല്ലാവരുടെയും " മാഡം " ആയ ഹെഡ്മിസ്ട്രസ്സ് ആ സ്കൂളിന്റെ ഉടമസ്ഥയും ആണ്..
ഇങ്ങനെ ശാന്ത സുന്ദരമായി നടന്നു കൊണ്ടിരിക്കുന്ന സ്കൂൾ ഒന്ന് ഉണരുന്നത് ഡിസംബർ കഴിയുമ്പോൾ ആണ്.. മാർച്ച് ആവുമ്പോൾ സ്കൂൾ ഡേ വരും..അതിനുള്ള തയ്യാറെടുപ്പുകൾ ആണ് പിന്നെ.. ഉച്ച വരെ ആണ് പഠിപ്പ്,പിന്നെ താഴത്തെ നിലയിൽ ഉള്ള ഹാളിൽ നൃത്ത നൃത്യങ്ങൾ ആണ്.. വളരെ ഗൗരവം ഉള്ള പരിപാടിയാണ് അത്. ഇപ്പൊ ഏതു സ്കൂൾ വാർഷികത്തിന് പോയാലും സിനിമ പാട്ട് തന്നെ ആയിരിക്കുമല്ലോ .. ഒരു പാട്ട് യൂട്യൂബ് നോക്കി പഠിക്കുക, സ്റ്റേജിൽ കേറി കളിക്കുക...തീർന്നു...
നമ്മൾ അങ്ങനെ ഉള്ള ടീം അല്ല. മാഡം നല്ല എഴുത്തുകാരി കൂടെ ആയിരുന്നു.. സ്വന്തമായി ഗാനരചന ചെയ്തു അതിനു സംഗീതം നൽകി അതിന്റെ സംവിധാനം ചെയ്ത് ആണ് രംഗത്ത് ഇറക്കുന്നത്.. ഒരു ബാലചന്ദ്ര മേനോൻ സ്റ്റൈൽ.. പരിപാടി നടത്തുന്നത് തിരുവനന്തപുരത്തെ പ്രശസ്തമായ വിക്ടോറിയ ജൂബിലി ഹാളിൽ.. അതും കവടിയാർ കൊട്ടാരത്തിലെ തമ്പുരാട്ടി ഉൾപ്പടെ ചീഫ് ഗസ്റ്റ് ആയി വന്ന ഓർമ ഉണ്ട് . അവിടെ ഹരിശ്രീ കുറിച്ചു കലാ രംഗത്ത് തിളങ്ങി നിൽക്കുന്ന രാജശ്രീ വാര്യർ പോലെ ഉള്ള പല താരങ്ങളും ഉണ്ട് .. അങ്ങനെ ഉള്ള അരങ്ങുകളിൽ തകർത്ത (അക്ഷരാർത്ഥത്തിൽ അല്ല)ഒരു കലാകാരിയാണ് ഇപ്പൊൾ നിങ്ങളോട് സംസാരിക്കുന്നത് ..
പരിപാടിക്ക് തൊട്ടു മുൻപുള്ള ശനി ഞായർ ദിവസങ്ങളിൽ വലിയ തിരക്ക് ആണ്.. ഗായകരും ഓർക്കെസ്ത്ര ക്കരും ഒക്കെ എത്തും. അവരെ ഒക്കെ കാണുക തന്നെ ഒരു രസം ആണ്.. വലിയ മാല , മിനുങ്ങുന്ന സാരി ഒക്കെ ധരിച്ച് ആണ് പ്രധാന പാട്ടുകാരി വരുക, എന്തൊക്കെ വാദ്യ ഉപകരണങ്ങൾ ഉണ്ട് എങ്കിലും യവനികയിലെ ഭരത് ഗോപി യേ ഓർമിപ്പിക്കുന്ന രൂപ ഭാവങ്ങൾ ഉള്ള ഒരുതബലിസ്റ്റ് ആയിരുന്നു അവരിൽ പ്രധാനി. പുള്ളി തബല വായിക്കുന്ന അതേ താളത്തിൽ തലയും ഇളക്കി രസിച്ചു ആണ് വായന.
എല്ലാ വർഷവും ഞാൻ സ്കൂൾ ഡേയുടെ ഭാഗം ആയിരുന്നു...ആദ്യ കാലത്ത് കൃഷ്ണ ലീലയിൽ ഏതോ ഒരു ഗോപിക, ശാകുന്തളം ബാലെയിൽ മാൻ കുട്ടി, സംഘ ഗാനത്തിൽ ഏറ്റവും പുറകിലെ അംഗം എന്നീ മേഖലകളിൽ ഞാൻ കരുത്ത് തെളിയിച്ചു. മാൻ കുട്ടി ആയി രണ്ട് ചാട്ടം ഇടത്തോട്ട് , രണ്ട് ചാട്ടം വലത്തോട്ട്, ചിൻ അപ് , ചിൻ ഡൗൺ ഒക്കെ ആണ് ചെയ്യേണ്ടത്.. മുനി കന്യക അടുത്ത് എത്തുമ്പോൾ മുഖം ഒന്ന് ഉയർത്തി നോക്കണം ... ബാക്കി എല്ലാം നേരത്തെ പറഞ്ഞത് തന്നെ..
പിന്നീടുള്ള വർഷങ്ങളിൽ , അതായത് രണ്ടിലും മൂന്നിലും ഒക്കെ എത്തിയപ്പോൾ എനിക്ക് പ്രധാന വേഷങ്ങൾ തന്നു തുടങ്ങി.. ഗോപികയിൽ നിന്ന് രാധയിലേക്കും കൃഷ്ണനിലേക്കും ഒക്കെ പ്രൊമോഷൻ കിട്ടി. നമ്മൾ ആണേൽ പിന്നെ മഞ്ജു വാര്യർ ലെവലിൽ ആയി നടപ്പ് ..സ്കൂൾ ഡെ കഴിഞ്ഞാലും എല്ലാവരും തിരിച്ചറിയും..ഉർവശി തീയേറ്റർ ഇലെ പ്രധാന നടി അല്ലേ നമ്മൾ..
നാലാം ക്ലാസ്സ് ആയി .. അവിടത്തെ ഏറ്റവും സീനിയർ ബാച്ച് ആണല്ലോ.. ഇത്തവണ പ്രാക്ടീസ് ഒക്കെ തുടങ്ങിയപ്പോൾ ആ ഗമയിൽ ആണ് നമ്മുടെ നടപ്പ്.. മാഡം ആണേൽ എന്തൊക്കെയോ പുതിയ ഐറ്റംസ് അവതരിപ്പിക്കാൻ ഉള്ള തയ്യാറെടുപ്പ്. ഒരു നാടകം , കഥാ പ്രസംഗം ഒക്കെ ആദ്യമായി പ്ലാനിൽ ഉണ്ട്.. പരിപാടിക്ക് അധികം ദിവസവും ഇല്ല ..
കഥാ പ്രസംഗം നടത്താൻ ഒരു കുട്ടിയെ വേണം.. അവരൊക്കെ കൂടി ആലോചിച്ച് എന്നെ തിരഞ്ഞെടുത്തു. എന്റെ സംഗീത വാസന അറിയാവുന്ന കൊണ്ട് പാട്ട്പാടാൻ ഒരു കുട്ടിയെ കൂടെ ഏർപ്പാടാക്കി .. ഞാൻ കൂടെ പാടിയാൽ മതി.. കഥയും പ്രസംഗവും ഞാൻ തന്നെ ...വൈകുന്നേരം അമ്മയോട് മാഡം പറയുന്ന കേട്ടു, " നന്നായി വാചകം അടിച്ചൊളും.. പിന്നെ സ്റ്റേജിൽ കേറിയാൽ പേടി ഒന്നും തീരെ ഇല്ല" ..എന്ന് ( പരിഭാഷ ഇങ്ങനെ... ക്ലാസ്സിൽ ഇരുന്നു സംസാരം ആണ് എപ്പോഴും.. പിന്നെ നാണോം മാനോം ഒക്കെ കുറവാണ്)
സാധാരണ ഉള്ള ബാലെ, ഡാൻസുകൾ , മറ്റു പരിപാടികൾ ഒക്കെ കൂടാതെ ആണല്ലോ പുതിയ ഇനം വന്നത്..അതിനാൽ ഒരു കഥ തിരഞ്ഞെടുത്ത് ഞങ്ങളെ പഠിപ്പിക്കാൻ അടുത്ത കാലത്ത് വന്നു ചേർന്ന ഒരു ചെറുപ്പക്കാരി ടീച്ചറിനെ ഏൽപ്പിച്ചു. അവരിൽ ഉള്ള വിശ്വാസം കാരണവും പരിപാടിയുടെ അവസാന റിഹേഴ്സൽ തുടങ്ങിയ കാരണവും മാഡം പൂർണമായി ഇതിൽ ഇടപ്പെട്ടിരുന്നില്ല.
ഞങ്ങളും ടീച്ചറും കൂടി ഒരു ചെറിയ മുറിയിൽ ആണ് പ്രാക്ടീസ്...കഥയുടെ പേര് "മേരിക്കുട്ടിയുടെ കദന കഥ"... മൊത്തത്തിൽ നാലോ അഞ്ചോ രംഗങ്ങൾ ആണ് ഉള്ളത്.. ഞാൻ ആത്മാർത്ഥമായി കഥാ നായികയുടെ രൂപവും നാടും ഒക്കെ വർണിക്കും.. "അതാ അങ്ങോട്ട് നോക്കൂ.. പച്ച പട്ട് വിരിച്ച ഗ്രാമം " എന്നൊക്കെ ..ആദ്യത്തെ ഒന്ന് രണ്ടു ദിവസം കൊണ്ട് തന്നെ ഇതിന്റെ ടെക്നിക് പിടികിട്ടി ....ഒരു സാംബശിവൻ ഒക്കെ ആയ ഫീൽ ..ഓരോ രംഗവും കഴിഞ്ഞു എന്റെ കൂട്ടുകാരി നല്ല മനോഹരമായി ഓരോ പാട്ടും പാടും... സുരേഷ് ഗോപിയുടെ കൂടെ ജഗതി ശ്രീകുമാർ പോലെ .." അമ്മെ ഗംഗേ ...മന്ദാകിനി.. " ട്യൂണിൽ... ഞാൻ പാടുന്ന പോലെ അഭിനയിക്കും ...അത് കഴിയുമ്പോൾ ഞാൻ മൈക്കിലൂടെ പറയും.." രംഗം ഒന്ന് അവസാനിച്ചു.. അടുത്ത രംഗവുമായി ഞങൾ ഇൗ നൃത്തത്തിന് ശേഷം എത്തും..അത് വരെ കാത്തിരിക്കൂ സഹൃദയരായ നാട്ടുകാരെ" ... കൂട്ടുകാരുടെ ഇടയിൽ നമ്മൾ രണ്ടു പേരും ഞെളിഞ്ഞു നടക്കും.. പുതിയ കലാരൂപം പഠിച്ചെടുത്ത ഗമയിൽ ...
അങ്ങനെ പരിപാടിയുടെ തലേന്ന് ആയി.. ഇനി തബല മാമൻ ഒക്കെ വന്നു കൂടെ കൂടണം.... ടീച്ചർ നു ഇപ്പൊ ചെറിയ വെപ്രാളം ഒക്കെ ഉള്ള പോലെ തോന്നുന്നുണ്ട്.. ഒരു പക്ഷെ ഇത്ര വലിയ പരിപാടി ഒക്കെ ആദ്യം ആവും കാണുന്നത് എന്ന് ഞാനും കൂട്ടുകാരിയും പറഞ്ഞു ചിരിച്ചു..
പരിപാടിയുടെ തലേന്ന് വാദ്യ മേളത്തിന്റെ കൂടെ ആണ് മാഡം ഇൗ കഥ മുഴുവനായി കേൾക്കുന്നത് എന്ന് മുഖ ഭാവത്തിൽ നിന്ന് തോന്നി. സാധാരണ കാണുന്ന സംതൃപ്തി കാണുന്നില്ല.. സാംബശിവൻ പോരാ എന്നുണ്ടോ ??എന്തായാലും ഒന്നും പറഞ്ഞില്ല.. ഞാൻ വളരെ ആവേശത്തോടെ കഥ പറഞ്ഞു തീർത്തു... മാഡം അപ്പോഴും ഗൗരവത്തിൽ തന്നെ ... എന്തോ ആലോചനയിൽ ആണ് ..
പരിപാടിയുടെ ദിവസം ആയി.. ഞാൻ കഥ മുഴുവൻ കാണാതെ പഠിച്ചു കഴിഞ്ഞു. കൂട്ടുകാരിയുടെ കൂടെ പല തവണ പറഞ്ഞു ചില മിനുക്ക് പണികളും നടത്തി കഴിഞ്ഞു .. നല്ല പള പള മിന്നുന്ന ഉടുപ്പ് ഒക്കെ ഇട്ട് അടിപൊളി ആയി ഞങൾ സ്റ്റേജിൽ കയറി.. ഓരോ രംഗത്തും പ്രതീക്ഷിച്ചതിലും കൂടുതൽ പ്രോത്സാഹനം കാണികളിൽ നിന്നും കിട്ടി കൊണ്ടിരുന്നു... ഇനി രണ്ട് രംഗം കൂടിയേ പറയാൻ ഉള്ളൂ... അപ്പോഴേക്കും മാഡം എന്റെ അടുത്ത് വന്നു.. എന്നിട്ട് പറഞ്ഞു, അവസാന രംഗം നമ്മൾ പറയുന്നില്ല..അടുത്ത രംഗം കഴിഞ്ഞ്ഇങ്ങനെ പറയണം.. "സഹൃദയരെ, ഇനി ഒരു ഇടവേള.. ഇൗ കഥ ഇവിടെ നിർത്തുന്നു..ഇൗ കഥയുടെ ബാക്കി ഭാഗം പറയാൻ ഞങൾ ഒരു വർഷത്തിനു ശേഷം വരും...എല്ലാവരും കാത്തിരിക്കണം കേട്ടോ ". ഞെട്ടലോടെ ഞാൻ അത് കേട്ടു.. എന്റെ പേടി ഇൗഒരു വരി എങ്ങിനെ പറയും എന്നായിരുന്നു.. ഇത് വരെ ഉള്ളത് പഠിച്ച പാട് എനിക്കല്ലേ അറിയൂ .. ആകെ വിയർത്തു വന്നു.. എന്ത് ചെയ്യാം ?? പറഞ്ഞേ പറ്റൂ... ആദ്യമായി എനിക്ക് ചീഞ്ഞ മുട്ട , തക്കാളി തുടങ്ങിയവ സമ്മാനം ആയി കിട്ടും എന്ന് തോന്നി... ആരോടും ചോദിക്കാനും ഉള്ള സമയം അല്ല... ഒരു ധൈര്യത്തിന് സ്റ്റേജിൽ കയറി .. പാട്ടിന് ശേഷം പുതിയ അറിയിപ്പ് നടത്തി.... എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും ആദ്യമായി റിഹേഴ്സൽ ഇല്ലാതെ സ്റ്റേജിൽ കയറി പറഞ്ഞ ഒരേ ഒരു വാചകം അതാവും.. ഒരു നിമിഷത്തെ മൗനം.. ഒന്നും സംഭവിച്ചില്ല... അഭിനന്ദിക്കാൻ വന്ന കുറെ പേര് ചോദിച്ചു.. കുട്ടികൾ കഥ മറന്നു പോയി അല്ലേ ?
പിന്നീട് കുറെ നാള് കഴിഞ്ഞാണ് കാര്യം മനസിലായത്... നമ്മുടെ മേരിക്കുട്ടി ആടി പാടി സന്തോഷിച്ച് നടന്ന ഒരു കുട്ടി ആയിരുന്നു അത്രെ.. പെട്ടന്ന് ഒരു യുവാവ് പ്രത്യക്ഷപ്പെടുന്നു.. പിന്നെ പ്രേമം ആയി.. പൈങ്കിളി ആയി..തന്റേത അല്ലാത്ത കാരണത്താൽ മേരിക്കുട്ടി മോശക്കാരി ആയി എന്നാണ് കഥ ...അവസാനം കഥ മൊത്തം കദന കഥ ആയി ...ഇപ്പോഴത്തെ സീരിയൽ പോലെ ആയി എന്ന് പറഞ്ഞാല് മതിയല്ലോ. തിരക്ക് കാരണം ആരും തന്നെ നേരത്തെ കേൾക്കുകയും ചെയ്തില്ല..കഥ ഇങ്ങനെ അവസാനിക്കുന്നത് എന്തായാലും അധ്യാപകർക്ക് ആർക്കും ഇഷ്ടമായില്ല ... പ്രത്യേകിച്ച് മുട്ടയിൽ നിന്നും വിരിയാത്ത കുഞ്ഞുങ്ങൾ പറയുന്ന കഥ... കഥ മാറ്റി എഴുതാൻ സമയം ഇല്ലാത്ത കൊണ്ട് അവർ കണ്ട് പിടിച്ച വഴിയാണ് ഒരു വർഷത്തെ ഇടവേള..
അങ്ങനെ ഒൻപതാം വയസ്സിൽ കഥാ പ്രാസംഗിക ആവാനുള്ള സ്വപ്നം പൊലിഞ്ഞു.. എന്നെ ബുക്ക് ചെയ്യാൻ തയ്യാറായി വന്ന എല്ലാ ഫാൻസ് നും കഥ മുഴുവൻ കേൾക്കാൻ കഴിയാതെ വിഷമിച്ച് പോയ കാണികൾക്കും പിന്നെ സാംസ്കാരിക കേരളത്തിനും ഇൗ വൈകിയ വേളയിൽ എന്റെ പേരിലും എന്റെ കൂട്ടുകാരിയുടെ പേരിലും മേരിക്കുട്ടിയുടെ പേരിലും മാപ്പ് ചോദിക്കുന്നു ....
വെളിപാട്:.. ബാഹുബലി ഒരു വർഷത്തെ ഇടവേള കഴിഞ്ഞ് ഇറക്കാൻ ഉള്ള ഐഡിയ ഞങൾ ആണ് കൊടുത്തത്... ശെരിക്കും രാജ മൗലിക്കും അറിഞ്ഞു കൂടായിരുന്നു... "കട്ടപ്പ എന്തിനാ കൊന്നത്" ന്നു...
ശ്രീജ യുടെ തോന്ന്യാക്ഷരങ്ങൾ
ധന നഷ്ടം , മാന ഹാനി !
ഗൾഫ് നാട്ടിൽ വന്നിട്ട് ഒരു വീട് (ഫ്ലാറ്റ് അല്ല)എടുത്ത് താമസിക്കുക എന്നത് ഒരു ആഗ്രഹം ആയിരുന്നു ആദ്യം മുതലേ... അത് സാധ്യമായത് ഖത്തർ ജീവിതത്തിന്റെ ഭാഗം ആയാണ്...
വീട് അന്വേഷണം തുടങ്ങിയത് മോഹൻലാൽ, ശ്രീനിവാസൻ സ്റ്റൈലിൽ ആണ്...പൂന്തോട്ടം, കാർ കയറ്റി ഇടാൻ ഉള്ള ഷെഡ്, പിന്നെ പൂജാ മുറി എന്നിങ്ങനെ പല വിധ ആവശ്യങ്ങൾ നമ്മൾ നിരത്തും . ഇതൊക്കെ കൂടാതെ നമ്മൾ മറ്റൊരു ആവശ്യം കൂടി പറഞ്ഞിരുന്നു.. പ്രധാന ഹൈവേയുടെ അടുത്ത് തന്നെ ആയിരിക്കുകയും വേണം..
നമ്മുടെ നാട്ടുകാരൻ ഒരു ചെറുപ്പക്കാരൻ ആണ് ഇടനിലക്കാരൻ.. ഒരു പത്തു ഇരുപത്തി അഞ്ചു വയസ്സേ കാണൂ.. ഇവനൊക്കെ ഇൗ പ്രായത്തിലെ അംബാനി അദാനി ലൈൻ .. ഹോ .. എനിക്ക് ഇപ്പോഴും ഒരു ലക്ഷത്തിൽ എത്ര പൂജ്യം ഉണ്ടെന്ന് പറയാൻ കാൽക്യുലറ്റർ വേണം .. അങ്ങനെ ഭാവി അദാനി ആയ ചെറുക്കൻ നമ്മുടെ ആവശ്യങ്ങൾ നോക്കി വീടുകളുടെ റേറ്റ്പറയും..നമ്മൾ "ഇനീം താഴട്ടേ.. ഇനീം താഴട്ടെ" ..എന്ന് . കുറെ നേരം ആയപ്പോൾ അവന് ഞങൾ ചില്ലറക്കാർ ആണ് എന്ന് മനസ്സിലായി 😁അവസാനം ആയപ്പോൾ അവൻ .. "ഞാൻ നിങ്ങൾക്ക് പറ്റിയ സ്ഥലം കാണിച്ചു തരാം " എന്നും പറഞ്ഞു വീട് കാണിക്കാൻ പോയി.
രണ്ടു പേരുടെയും ജോലി സ്ഥലത്ത് നിന്ന് അത്ര ദൂരെ അല്ലാത്ത ഒരു ഇടത്ത് ആണ് ഇൗ വീട്.. മാളുകൾ , ഷോപ്പിംഗ് സെന്ററുകൾ ,ആശുപത്രി ഒക്കെ അടുത്ത് തന്നെ ഉണ്ട് . ഇനി വീട് മാത്രമേ കാണാൻ ഉള്ളൂ.. അധികം തിരക്ക് ഇല്ലാത്ത ഒരു ചെറിയ റോഡിന്റെ അരുകിൽ വണ്ടി നിറുത്തി എല്ലാവരും ഇറങ്ങി.. ഒരു വലിയ വീടിന്റെ മുന്നിലേക്ക് എല്ലാവരും ഇറങ്ങി നടന്നു.. ഞാൻ അഭിമാനം കൊണ്ട് കോരിത്തരിച്ചു.. നാലായിരം റിയാൽ വെറുതെ അല്ല.. ഇതിപ്പോ നാട്ടിലെ രീതി ആണേൽ കൊട്ടാരം തന്നെ .. പക്ഷേ അവൻ പ്രധാന ഗേറ്റിലേക് അല്ല നടക്കുന്നത്.. മതിലിൽ വീണ്ടും ഒരു ചെറിയ ഗേറ്റ് ഉണ്ട് ..അങ്ങോട്ടേക്ക് ആണ് ചെക്കനും സഹായിയും പോകുന്നത്....ഞാൻ വിചാരിച്ചു ആ വീട്ടിലേക്കുള്ള ചെറിയ ഗേറ്റ് ആകും..
മതിലിൽ തന്നെ ഉള്ള ഗേറ്റ് ആണ് ..നമ്മുടെ ജയറാമിന്റെ ഫാമും ഗേറ്റും ഓർമ വന്നു എനിക്ക്.. അടുത്ത് എത്തിയപ്പോൾ മനസിലായി മെറ്റൽ കൊണ്ടുള്ള ഒരു വാതിൽ ആണ് അത്.. ഞങൾ എല്ലാവരും അത് തുറന്നു അകത്തേക്ക് കയറുന്നു.. ഞാൻ ഞെട്ടി.. ഹാരി പോട്ടർ സിനിമയിൽ ചുവർ തുരന്ന് ആണ് അതിലെ സാങ്കല്പിക റെയ്ൽവേ പ്ലാറ്റ്ഫോം.. ഇതും അത് പോലെ വല്ലതും ആകുമോ ?? കെട്ടിയോൻ ഹാപ്പി മുഖ ഭാവം.. എന്റെ ഭാവം കണ്ട് പുള്ളി എന്നോട്... " എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെ വേണം എന്ന് നീ അല്ലേ പറഞ്ഞത്."ശെരി ആണല്ലോ .. ഇതിപ്പോ നേരത്തെ കണ്ട വലിയ വീടിന്റെ മുറ്റത്ത് ഉള്ള ഒരു ചെറിയ വീട് ആണ്..അതിനു പ്രത്യേകം വാതിൽ കൊടുത്ത് സുന്ദരം ആക്കിയത് ആണെന്ന് മനസിലായി..
പുറമെ നിന്ന് കേറി അകത്ത് എത്തിയ ഞാൻ സത്യത്തിൽ ഞെട്ടി പോയി എന്ന് പറയേണ്ടി വരും..പുറത്ത് നിന്ന് കാണുന്ന പോലെ അല്ല ആ വീട്.. അക്ഷരാർത്ഥത്തിൽ വിശാലമായ ഷോറൂം !!! ആദ്യം കാണുന്നത് ഒരു ചെറിയ സ്വീകരണ മുറി.. അതിന്റെ വലത് വശത്ത് ഒരു ചെറിയ മുറി കൂടി ഉണ്ട്.. സ്വീകരണ മുറിക്ക് ശേഷം ഒരു നീളൻ ഇടനാഴി .. അവിടേക്ക് തുറക്കുന്ന സാമാന്യം വലിയ രണ്ട് കിടപ്പുമുറികൾ, അടുക്കള, നമ്മുടെ നാട്ടിലെ ഒക്കെ പോലെ ഉള്ള വലിയ കുളിമുറിയും ബാത്റൂം ഉം .മുന്നിലെ മുറിയുടെ മുകളിൽ മാത്രം അസ്ബെസ്റ്റോസ് ഇട്ടു താഴെ ഫോൾസ് സീലിങ് ഇട്ടിരിക്കുന്നു.. ബാക്കി മുഴുവൻ വീടും പ്രത്യേക തരം സിമൻറ് കൊണ്ടുള്ള മേൽകൂര ആണ്.. അറബ് നാടുകളിലെ പഴയ രീതിയിൽ പണി ചെയ്ത ചുവരുകൾ.. അധികം തണുപ്പും ചൂടും ഇത്തരം വീടുകളിലേക്ക് കടക്കില്ല.. സന്തോഷം സഹിക്കാൻ വയ്യ ഞങ്ങൾക്ക് ...
അവിടെ താമസിച്ചിരുന്ന 3 വർഷം ശെരിക്കും ഞാനും ഭർത്താവും പിള്ളേരും ഇന്റീരിയർ ഡെക്കറേഷൻ ഒക്കെ ശെരിക്കും പരീക്ഷിച്ചു പഠിച്ചു..ഓരോ മുറിയിലും ഓരോ തീം ആയിരുന്നു.. സ്വീകരണ മുറിയിൽ ബ്രൗൺ നിറമാകുമ്പോൾ കുട്ടികളുടെ മുറി മഞ്ഞയും ചുവപ്പും ആണ്.. മാസ്റ്റർ ബെഡ്റൂം ന് ചാര നിറവും വുഡൻ തീമും ഇടകലർത്തി കൊടുത്തു.. കട്ടിലും, അൽമാരകളും ഒക്കെ ഇങ്ങനെ ഒരുക്കി എടുത്ത്... നിലത്ത് അതാത് നിറത്തിൽ ഉള്ള ഫ്ളോറിങ് ചെയ്യിപ്പിച്ചു എടുത്തു...
ഇങ്ങനെ പുറത്ത് നിന്ന് നോക്കിയാൽ പാവങ്ങളും ഉള്ളിൽ കയറിയാൽ പണക്കാരും എന്ന നിലയിൽ ഞങൾ മുൻപോട്ട് പോയി.. വല്ലപ്പോഴും വരുന്ന കൂട്ടുകാരും കുടുംബങ്ങളും മാത്രം ആണ് ഞങ്ങളുടെ കലാ വിരുത് പ്രശംസിക്കുന്നത്.. ഇടക്കിടെ മുഖ പുസ്തകത്തിൽ പടം ഇടും.. അത്ര തന്നെ..
അങ്ങനെ ഇരിക്കെ ഇത്രയും വലിയ വീടൊക്കെ ഉള്ള സ്ഥിതിക്ക് പുള്ളിക്കാരന്റെ അച്ഛനേം അമ്മയേം എന്റെ അമ്മയെം ഒന്ന് സൽകരിക്കാം എന്ന് തോന്നി.. അവരോട് ഒരു മാസം ഇവിടെ വന്നു നിൽക്കാൻ ആവശ്യപ്പെട്ടു.. അവർ ഖത്തർ കണ്ടിട്ടും ഇല്ല.. പൊതുവേ ആരോഗ്യ കാര്യങ്ങളിൽ നല്ല ശ്രദ്ധ ഉള്ള ആളാണ് എന്റെ അമ്മായി അച്ഛൻ. അന്യ നാട്ടിലേക്ക് അധികം ദിവസം ഒന്നും പോയി നിൽക്കുന്നത് അദ്ദേഹത്തിന് അത്ര ഇഷ്ടം അല്ല.. മക്കൾക്ക് ഒരു ബുദ്ധിമുട്ട് ആകരുത് എന്നൊക്കെ ചിന്തിക്കുന്ന ആളാണ്. ഒരുപാട് നിർബന്ധിച്ചപ്പോൾ മടിച്ച് മടിച്ച് ആണേലും അച്ഛൻ വരാൻ തയ്യാറായി... അമ്മമാർ ആദ്യമേ റെഡി ആയിരുന്നു...
ഇവിടെ ഉന്നത തല പ്ലാനിംഗ് ആയിരുന്നു... ചൂട് സമയത്ത് കൊണ്ട് വരാൻ പാടില്ല.. അവർക്ക് പറ്റില്ല.. എന്നാലും തണുപ്പ് കാലവും പറ്റില്ല... അങ്ങനെ ശീലം ഇല്ലല്ലോ അവർക്ക്.. ഒടുവിൽ നാഷണൽജോഗ്രഫിക് ചാനലിന്റെ വരെ സഹായത്തോടെ കൂട്ടിയുംകുറച്ചും ഒരു സമയം തീരുമാനിച്ചു... നവംബർ മതി...
അങ്ങനെ ഏതോ ഒരു നവംബർ പുലരിയിൽ ഞങ്ങളുടെമാതാപിതാക്കൾ ദോഹയിൽ കാലു കുത്തി.. നേരത്തെ ദുഫായ് കണ്ടത് ആയ കൊണ്ട് മൂന്ന് പേരും " ഇതൊക്കെ എന്ത് " എന്ന ഭാവത്തിൽ ആണ് ഇരിപ്പ്. പക്ഷേ നമ്മുടെ സ്ഥലത്തിന് നല്ല ലുക്ക് ഒക്കെ ഉണ്ടെന്ന് അവര് പറഞ്ഞു.. അത് പിന്നെ കാക്കയ്ക്ക് ഉം തൻ കുഞ്ഞ് പൊൻ കുഞ്ഞ് എന്നാണല്ലോ...
വീടിന്റെ നടയിൽ വണ്ടി എത്തി.. ഒരു നിമിഷം മൂന്ന് പേരും ഒന്ന് ഞെട്ടിയ പോലെ.. ആരും ഒന്നും മിണ്ടിയില്ല.. ഞാൻ പോയി വാതിൽ തുറന്നു.. അവര് അകത്തേക്ക് കയറി. പെട്ടന്ന് മുഖം വിടർന്നു വികസിച്ചു.. അമ്മമാർ മുഴുവൻ വീടും നടന്നു കണ്ടു്.. തമ്മിൽ തമ്മിൽ അഭിപ്രായം ഒക്കെ പറയുന്നുണ്ട്...മുറികളുടെ വലിപ്പം ഒക്കെ അവർക്ക് നല്ല ഇഷ്ടപ്പെട്ടു.. ഒന്ന് അന്തം വിട്ട് നിന്ന അച്ഛനെ മകൻ വീടിന്റെ എക്കണോമിക്സ് ഒക്കെ പറഞ്ഞു മനസിലാക്കി..അതോടെ അദ്ദേഹവും വീണു.പിന്നീടുള്ള ദിവസങ്ങളിൽ അവരൊക്കെ അവിടത്തെ ഗുണഗണങ്ങൾ വാഴ്തുക ആയിരുന്നു.. പ്രധാനം ആയും കാലാവസ്ഥ നിയന്ത്രിക്കുന്ന നിർമാണ രീതി.. നാട്ടിലെ പഴയ നാലുകെട്ട് പോലെ ഒക്കെ എന്ന്..
അങ്ങനെ ഇരിക്കെ ഒരു ദിവസം മഴ പെയ്തു... തലേന്ന് രാത്രി തുടങ്ങിയ മഴ ആണ്.. രാവിലെ ആയിട്ടും പെയ്തുകൊണ്ടെ ഇരിക്കുന്നു. " പൊതുവേ ഗൾഫ് നാടുകളിൽ മഴ മാവേലിയെ പോലെ ആണ്.. വല്ലപ്പോഴും ഒന്ന് പെയ്യും.. നമ്മൾ കാണുന്ന മുന്നേ തന്നെ മാറുകയും ചെയ്യും....ഇതും അങ്ങനെ ആണ് ..നിങ്ങള് നോക്കിക്കോളൂ .. മഴ സ്വിച്ച് ഇട്ട പോലെ നിൽക്കും"എന്നൊക്കെ അവർക്ക് ക്ലാസ്സ് ഒക്കെ കൊടുത്തിട്ട് എന്റെ വീട്ടുകാരൻ ഓഫീസിലേക്ക് പോയി..
മഴ കൂടി കൊണ്ടേ ഇരുന്നു.. വാതിലിൽ ഉള്ള ഗ്രില്ലിൽ കൂടി നമുക്ക് അതിന്റെ ശക്തി കൂടി കൂടി വരുന്നത് കാണാം.. സ്വീകരണ മുറിയുടെ മുകളിൽ ഇട്ടിരിക്കുന്ന അബ്‌സസ്റ്റോസ് ഷീറ്റിന്റെ മുകളിൽ കുടം കമിഴ്ത്തി ആരോ വെള്ളം ഒഴിക്കുന്ന പോലെ ഉള്ള ശബ്ദം കേൾക്കാം ...
ഉച്ച നേരം കഴിഞ്ഞ് വൈകുന്നേരം ആയി.. മഴ അപ്പൊഴും പെയ്യുന്നുണ്ട്.... ഇപ്പൊൾ നല്ല കാറ്റും തുടങ്ങിയിട്ടുണ്ട്.. എന്റെ അമ്മായി അമ്മ ഉച്ച ഉറക്കത്തിൽ ആണ്.. ഞാനും എന്റെ അമ്മയും വൈകുന്നേരത്തെ കാപ്പി തയ്യാറാക്കാൻ ഉള്ള ശ്രമം.. പുള്ളിക്കാരന്റെ അച്ഛൻ മുന്നിലെ സ്വീകരണ മുറിയിലെ സോഫയിൽ ഇരുന്നു എന്തോ വായനയിൽ ആണ്...പെട്ടന്ന് ആണ് അത് സംഭവിച്ചത്.." ധിം" എന്ന ശബ്ദം കേട്ട് ഓടി എത്തിയ ഞാൻ കണ്ട കാഴ്ച അതി ഭീകരം ആയിരുന്നു..
അച്ഛന്റെ മുന്നിലെ ടിവി സ്റ്റാൻഡിന്റെ മുകളിലേക്ക് വെള്ളച്ചാട്ടം പോലെ മഴ വെള്ളം വന്നു വീണു കൊണ്ടിരിക്കുന്നു.. മുകളിലെ അസ്ബെസ്റ്റോസ് തെന്നി നീങ്ങി അതിന്റെ താഴെ ഉള്ള സീലിങ് ഉം തകർത്ത് വെള്ളം അകത്തേക്ക് ഒഴുകുക ആണ്....... തുമ്പി കൈ വലിപ്പത്തിൽ മഴ വീടിനുള്ളിൽ പെയ്യുന്നു.. മുറി നിറച്ചും വെള്ളപ്പൊക്കം ... ടിവി യുടെ വയറിംഗ് ഒക്കെ നനഞ്ഞു കുളിച്ചു.. അതി മനോഹരമായി അടുക്കി വച്ചിരുന്ന അലങ്കാര വസ്തുക്കൾ ഒക്കെ കുതിർന്ന് കുഴഞ്ഞു... നയാഗ്ര വെള്ളച്ചാട്ടം നമ്മുടെ വീട്ടിൽ എത്തിയ ശബ്ദം കേട്ട് അമ്മമാരും മക്കളും ഒക്കെ ഓടി വരുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു... പക്ഷേ എന്റെ കണ്ണുകൾ മുഴുവൻ രണ്ട് കൈകളും നടുവിൽ കുത്തി മുറിയുടെ മുകളിൽ ഉണ്ടായ വിടവിലൂടെ കാണുന്ന ആകാശവും മഴയും നോക്കി സ്തബ്ധനായി നിൽക്കുന്ന എന്റെ ഫാദർ ഇൻ ലോയിൽ ആയിരുന്നു... പുള്ളിക്കാരൻ അപ്പോൾ എന്താവും ആലോചിച്ചത്??? ശെരിക്കും നാല് കെട്ട് തന്നെ... നടു മുറ്റവും ഉണ്ട് എന്നാകമോ ?ആവും... അല്ലാതെ എന്റെ മോന് ഇൗ ഗതി വന്നല്ലോ എന്ന് ആവില്ല... ഏയ്... അല്ലല്ല...
പുനർ വിചിന്തനം :
ശുഭം .
ശ്രീജയുടെ തോന്ന്യാക്ഷരങ്ങൾ
വെള്ളത്തിൽ ആശാൻ
ഒരു കൊങ്കൺ പുരാണം
ഒരു കൊങ്കൺ പുരാണ കഥ
എന്നിലെ ഷൂമാക്കർ !!
ചെറുപ്പം മുതലേ ചില കാര്യങ്ങള് നമ്മളെ കൊണ്ട് പറ്റില്ല എന്ന് അറിയാവുന്ന കുട്ടി ആയിരുന്നു ഞാൻ . അതിൽ ഒന്നായിരുന്നു ഡ്രൈവിംഗ് . നാട്ടിൽ ലൈസൻസ് കിട്ടിയെങ്കിലും ഒരിക്കൽ പോലും ഡ്രൈവിംഗ് സീറ്റിൽ ഒന്ന് ഇരിക്കാൻ പോലും ഉള്ള താൽപര്യം തോന്നിയില്ല. ഒരിക്കൽ വഴിയരികിൽ ഇരുന്ന മൂന്ന് നാല് ചെറുപ്പക്കാർ രക്തസാക്ഷികൾ ആകുമോ എന്ന് സംശയം തോന്നിയ ശേഷം കൂടെ ഇരുന്ന ഭർത്താവും ശ്രമം ഉപേക്ഷിച്ചു. അങ്ങനെ ഇന്ത്യ മഹാ രാജ്യത്തിന് എന്നിലെ ഷൂമാക്കറെ കാണാൻ സാധിച്ചില്ല.
ഗെയിമിംഗ് അഡിക്ഷൻ
ഇത് ശ്രദ്ധിക്കുക
1. മക്കളോടൊപ്പം കുട്ടി ആവുക
2. ഓൺലൈൻ ആയിരിക്കുന്ന സമയം രേഖപ്പെടുത്തുക
3.ഒരു നീണ്ട കാല പദ്ധതി തയ്യാറാക്കുക
4. അകമഴിഞ്ഞ് അഭിനന്ദിക്കണം
5. ഒരു നേരം എങ്കിലും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക
ഡിജിറ്റൽ മാതാപിതാക്കൾക്ക്
1. കൃത്യനിഷ്ഠ
2. പഠന മുറി
3. സാങ്കേതിക വിദ്യ
4. അധ്യാപകരെ അറിയുക
5. സുഹൃത്തുകൾ
കൊറോണ കാലത്തെ അഭ്യാസങ്ങൾ #corona #lockdown
എന്തിനീ വഴി വന്നു?
എന്റെ വായനാ ലോകം ... And Then There Were None by Agatha Christie
ഇന്നത്തെ വായന ...
അഗത ക്രിസ്റ്റി യുടെ "And then there were none"
കുറ്റാന്വേഷണ പരമ്പരകളിൽ മികച്ച ഒരു കൃതി .
ഒരു ദ്വീപിലേക്ക് പല രീതിയിൽ വിരുന്നിനു വിളിക്കപ്പെടുന്ന പരസ്പരം പരിചയം ഇല്ലാത്ത 10 ആളുകൾ.... അവരെ ക്ഷണിച്ച വ്യക്തിയെ ഇവർ ആരും തന്നെ കണ്ടിട്ടും ഇല്ല.. പക്ഷേ ഓരോരുത്തരായി മരിച്ചു വീണു തുടങ്ങിയപ്പോൾ അവർ മനസ്സിലാക്കുന്നു കൊലപാതകി അവരിൽ ഒരാളാണ് എന്ന്....ഒടുവിൽ നമ്മളെ ഞെട്ടിക്കുന്ന ക്ലൈമാക്സ്... ഏതൊരു വായനക്കാരനും ഒന്ന് കൂടി തിരിച്ച് പോയി വായിച്ചു നോക്കും.. എന്തായാലും ഞാൻ വീണ്ടും പോയി...
അഗത ക്രിസ്റ്റി യുടെ മാസ്റ്റർപീസ് എന്നാണ് ഇൗ പുസ്തകം അറിയപ്പെടുന്നത് ....
പുസ്തകം സിനിമ ആക്കിയപ്പോൾ ക്ലൈമാക്സ് മാറ്റി എന്നാണ് എവിടെയോ വായിച്ചത്... കണ്ടിട്ടില്ല... അല്ലെങ്കിലും വായിച്ച ബുക്കുകൾ സിനിമ ആവുമ്പോൾ എന്തോ ഒരു അഭംഗി തോന്നാറുണ്ട് ..
മുൻപേ വായിക്കേണ്ടത് ആയിരുന്നു എന്ന സങ്കടത്തോടെ
ഞാൻ....
എന്റെ പലവിധ ചിന്തകൾ #weightloss #motivation #mythoughts #malayalam
Being a strong parent
episode 2
കഴിഞ്ഞ ദിവസത്തെ കഥയിൽ പാസ്സ്പോർട്ട് വിശേഷങ്ങൾ ആയിരുന്നല്ലോ. അർദ്ധ രാത്രി അസ്ഥപ്രജ്ഞൻ ആയി നിന്ന ചിൻതു ഭായി പിറ്റേന്ന് കുടുംബ സമേതം അരയും തലയ...











