Total Pageviews

ധന നഷ്ടം , മാന ഹാനി !

 
#unnithanspeaks #rain

ഗൾഫ് നാട്ടിൽ വന്നിട്ട് ഒരു വീട് (ഫ്ലാറ്റ് അല്ല)എടുത്ത് താമസിക്കുക എന്നത് ഒരു ആഗ്രഹം ആയിരുന്നു ആദ്യം മുതലേ... അത് സാധ്യമായത് ഖത്തർ ജീവിതത്തിന്റെ ഭാഗം ആയാണ്...

വീട് അന്വേഷണം തുടങ്ങിയത് മോഹൻലാൽ, ശ്രീനിവാസൻ സ്റ്റൈലിൽ ആണ്...പൂന്തോട്ടം, കാർ കയറ്റി ഇടാൻ ഉള്ള ഷെഡ്, പിന്നെ പൂജാ മുറി എന്നിങ്ങനെ പല വിധ ആവശ്യങ്ങൾ നമ്മൾ നിരത്തും . ഇതൊക്കെ കൂടാതെ നമ്മൾ മറ്റൊരു ആവശ്യം കൂടി പറഞ്ഞിരുന്നു.. പ്രധാന ഹൈവേയുടെ അടുത്ത് തന്നെ ആയിരിക്കുകയും വേണം..

നമ്മുടെ നാട്ടുകാരൻ ഒരു ചെറുപ്പക്കാരൻ ആണ് ഇടനിലക്കാരൻ.. ഒരു പത്തു ഇരുപത്തി അഞ്ചു വയസ്സേ കാണൂ.. ഇവനൊക്കെ ഇൗ പ്രായത്തിലെ അംബാനി അദാനി ലൈൻ .. ഹോ .. എനിക്ക് ഇപ്പോഴും ഒരു ലക്ഷത്തിൽ എത്ര പൂജ്യം ഉണ്ടെന്ന് പറയാൻ കാൽക്യുലറ്റർ വേണം .. അങ്ങനെ ഭാവി അദാനി ആയ ചെറുക്കൻ നമ്മുടെ ആവശ്യങ്ങൾ നോക്കി വീടുകളുടെ റേറ്റ്പറയും..നമ്മൾ "ഇനീം താഴട്ടേ.. ഇനീം താഴട്ടെ" ..എന്ന് . കുറെ നേരം ആയപ്പോൾ അവന് ഞങൾ ചില്ലറക്കാർ ആണ് എന്ന് മനസ്സിലായി 😁അവസാനം ആയപ്പോൾ അവൻ .. "ഞാൻ നിങ്ങൾക്ക് പറ്റിയ സ്ഥലം കാണിച്ചു തരാം " എന്നും പറഞ്ഞു വീട് കാണിക്കാൻ പോയി.

രണ്ടു പേരുടെയും ജോലി സ്ഥലത്ത് നിന്ന് അത്ര ദൂരെ അല്ലാത്ത ഒരു ഇടത്ത് ആണ് ഇൗ വീട്.. മാളുകൾ , ഷോപ്പിംഗ് സെന്ററുകൾ ,ആശുപത്രി ഒക്കെ അടുത്ത് തന്നെ ഉണ്ട് . ഇനി വീട് മാത്രമേ കാണാൻ ഉള്ളൂ.. അധികം തിരക്ക് ഇല്ലാത്ത ഒരു ചെറിയ  റോഡിന്റെ അരുകിൽ വണ്ടി നിറുത്തി എല്ലാവരും ഇറങ്ങി.. ഒരു വലിയ വീടിന്റെ മുന്നിലേക്ക് എല്ലാവരും ഇറങ്ങി നടന്നു.. ഞാൻ അഭിമാനം കൊണ്ട് കോരിത്തരിച്ചു.. നാലായിരം റിയാൽ വെറുതെ അല്ല.. ഇതിപ്പോ നാട്ടിലെ രീതി ആണേൽ കൊട്ടാരം തന്നെ .. പക്ഷേ അവൻ പ്രധാന ഗേറ്റിലേക് അല്ല നടക്കുന്നത്.. മതിലിൽ വീണ്ടും ഒരു ചെറിയ ഗേറ്റ് ഉണ്ട് ..അങ്ങോട്ടേക്ക് ആണ് ചെക്കനും സഹായിയും പോകുന്നത്....ഞാൻ വിചാരിച്ചു ആ വീട്ടിലേക്കുള്ള ചെറിയ ഗേറ്റ് ആകും.. 

മതിലിൽ തന്നെ ഉള്ള ഗേറ്റ് ആണ് ..നമ്മുടെ ജയറാമിന്റെ ഫാമും ഗേറ്റും ഓർമ വന്നു എനിക്ക്.. അടുത്ത് എത്തിയപ്പോൾ മനസിലായി മെറ്റൽ കൊണ്ടുള്ള ഒരു വാതിൽ ആണ് അത്.. ഞങൾ എല്ലാവരും അത് തുറന്നു അകത്തേക്ക് കയറുന്നു.. ഞാൻ ഞെട്ടി.. ഹാരി പോട്ടർ സിനിമയിൽ ചുവർ തുരന്ന് ആണ് അതിലെ സാങ്കല്പിക റെയ്ൽവേ പ്ലാറ്റ്ഫോം.. ഇതും അത് പോലെ വല്ലതും ആകുമോ ?? കെട്ടിയോൻ ഹാപ്പി മുഖ ഭാവം.. എന്റെ ഭാവം കണ്ട് പുള്ളി എന്നോട്... " എല്ലാ  സൗകര്യങ്ങളും അടുത്ത് തന്നെ  വേണം എന്ന് നീ അല്ലേ പറഞ്ഞത്."ശെരി ആണല്ലോ .. ഇതിപ്പോ നേരത്തെ കണ്ട വലിയ വീടിന്റെ മുറ്റത്ത് ഉള്ള ഒരു ചെറിയ വീട് ആണ്..അതിനു പ്രത്യേകം വാതിൽ കൊടുത്ത് സുന്ദരം ആക്കിയത് ആണെന്ന് മനസിലായി.. 

പുറമെ നിന്ന് കേറി അകത്ത് എത്തിയ ഞാൻ സത്യത്തിൽ ഞെട്ടി പോയി എന്ന് പറയേണ്ടി വരും..പുറത്ത് നിന്ന് കാണുന്ന പോലെ അല്ല ആ വീട്.. അക്ഷരാർത്ഥത്തിൽ വിശാലമായ ഷോറൂം !!! ആദ്യം കാണുന്നത് ഒരു ചെറിയ സ്വീകരണ മുറി.. അതിന്റെ വലത് വശത്ത് ഒരു ചെറിയ മുറി കൂടി ഉണ്ട്.. സ്വീകരണ മുറിക്ക് ശേഷം ഒരു നീളൻ ഇടനാഴി .. അവിടേക്ക് തുറക്കുന്ന സാമാന്യം വലിയ രണ്ട് കിടപ്പുമുറികൾ, അടുക്കള, നമ്മുടെ നാട്ടിലെ ഒക്കെ പോലെ ഉള്ള വലിയ കുളിമുറിയും ബാത്റൂം ഉം .മുന്നിലെ മുറിയുടെ മുകളിൽ മാത്രം  അസ്ബെസ്റ്റോസ് ഇട്ടു താഴെ ഫോൾസ്‌ സീലിങ് ഇട്ടിരിക്കുന്നു.. ബാക്കി മുഴുവൻ വീടും പ്രത്യേക തരം സിമൻറ് കൊണ്ടുള്ള മേൽകൂര ആണ്.. അറബ് നാടുകളിലെ പഴയ രീതിയിൽ പണി ചെയ്ത ചുവരുകൾ.. അധികം തണുപ്പും ചൂടും ഇത്തരം വീടുകളിലേക്ക് കടക്കില്ല.. സന്തോഷം സഹിക്കാൻ വയ്യ ഞങ്ങൾക്ക് ... 

അവിടെ താമസിച്ചിരുന്ന 3 വർഷം ശെരിക്കും ഞാനും ഭർത്താവും പിള്ളേരും ഇന്റീരിയർ ഡെക്കറേഷൻ ഒക്കെ ശെരിക്കും പരീക്ഷിച്ചു പഠിച്ചു..ഓരോ മുറിയിലും ഓരോ തീം ആയിരുന്നു.. സ്വീകരണ മുറിയിൽ ബ്രൗൺ നിറമാകുമ്പോൾ കുട്ടികളുടെ മുറി മഞ്ഞയും ചുവപ്പും ആണ്.. മാസ്റ്റർ ബെഡ്റൂം ന് ചാര നിറവും വുഡൻ തീമും ഇടകലർത്തി കൊടുത്തു.. കട്ടിലും, അൽമാരകളും ഒക്കെ ഇങ്ങനെ ഒരുക്കി എടുത്ത്... നിലത്ത് അതാത് നിറത്തിൽ ഉള്ള ഫ്ളോറിങ് ചെയ്യിപ്പിച്ചു എടുത്തു...

ഇങ്ങനെ പുറത്ത് നിന്ന് നോക്കിയാൽ പാവങ്ങളും ഉള്ളിൽ കയറിയാൽ പണക്കാരും എന്ന നിലയിൽ ഞങൾ മുൻപോട്ട് പോയി.. വല്ലപ്പോഴും വരുന്ന കൂട്ടുകാരും കുടുംബങ്ങളും മാത്രം ആണ് ഞങ്ങളുടെ കലാ വിരുത് പ്രശംസിക്കുന്നത്.. ഇടക്കിടെ മുഖ പുസ്തകത്തിൽ പടം ഇടും.. അത്ര തന്നെ.. 

അങ്ങനെ ഇരിക്കെ ഇത്രയും വലിയ വീടൊക്കെ ഉള്ള സ്ഥിതിക്ക് പുള്ളിക്കാരന്റെ അച്ഛനേം അമ്മയേം എന്റെ അമ്മയെം ഒന്ന് സൽകരിക്കാം എന്ന് തോന്നി.. അവരോട് ഒരു മാസം ഇവിടെ വന്നു നിൽക്കാൻ ആവശ്യപ്പെട്ടു.. അവർ ഖത്തർ കണ്ടിട്ടും ഇല്ല.. പൊതുവേ ആരോഗ്യ കാര്യങ്ങളിൽ നല്ല ശ്രദ്ധ ഉള്ള ആളാണ് എന്റെ അമ്മായി അച്ഛൻ. അന്യ നാട്ടിലേക്ക് അധികം ദിവസം ഒന്നും പോയി നിൽക്കുന്നത് അദ്ദേഹത്തിന് അത്ര ഇഷ്ടം അല്ല.. മക്കൾക്ക് ഒരു ബുദ്ധിമുട്ട് ആകരുത് എന്നൊക്കെ ചിന്തിക്കുന്ന ആളാണ്. ഒരുപാട് നിർബന്ധിച്ചപ്പോൾ മടിച്ച് മടിച്ച് ആണേലും അച്ഛൻ വരാൻ തയ്യാറായി... അമ്മമാർ ആദ്യമേ റെഡി ആയിരുന്നു... 

ഇവിടെ ഉന്നത തല പ്ലാനിംഗ് ആയിരുന്നു... ചൂട് സമയത്ത് കൊണ്ട് വരാൻ പാടില്ല.. അവർക്ക് പറ്റില്ല.. എന്നാലും തണുപ്പ് കാലവും പറ്റില്ല... അങ്ങനെ ശീലം ഇല്ലല്ലോ അവർക്ക്.. ഒടുവിൽ നാഷണൽജോഗ്രഫിക് ചാനലിന്റെ വരെ സഹായത്തോടെ കൂട്ടിയുംകുറച്ചും ഒരു സമയം തീരുമാനിച്ചു... നവംബർ മതി...

അങ്ങനെ  ഏതോ ഒരു നവംബർ പുലരിയിൽ ഞങ്ങളുടെമാതാപിതാക്കൾ ദോഹയിൽ കാലു കുത്തി.. നേരത്തെ ദുഫായ് കണ്ടത് ആയ കൊണ്ട് മൂന്ന് പേരും " ഇതൊക്കെ എന്ത് " എന്ന ഭാവത്തിൽ ആണ് ഇരിപ്പ്. പക്ഷേ നമ്മുടെ സ്ഥലത്തിന് നല്ല ലുക്ക് ഒക്കെ ഉണ്ടെന്ന് അവര് പറഞ്ഞു.. അത് പിന്നെ കാക്കയ്ക്ക് ഉം തൻ കുഞ്ഞ് പൊൻ കുഞ്ഞ് എന്നാണല്ലോ...

വീടിന്റെ നടയിൽ വണ്ടി എത്തി.. ഒരു നിമിഷം മൂന്ന് പേരും ഒന്ന് ഞെട്ടിയ പോലെ.. ആരും ഒന്നും മിണ്ടിയില്ല.. ഞാൻ പോയി വാതിൽ തുറന്നു.. അവര് അകത്തേക്ക് കയറി. പെട്ടന്ന് മുഖം വിടർന്നു വികസിച്ചു.. അമ്മമാർ മുഴുവൻ വീടും നടന്നു കണ്ടു്.. തമ്മിൽ തമ്മിൽ അഭിപ്രായം ഒക്കെ പറയുന്നുണ്ട്...മുറികളുടെ വലിപ്പം ഒക്കെ അവർക്ക് നല്ല ഇഷ്ടപ്പെട്ടു.. ഒന്ന് അന്തം വിട്ട് നിന്ന അച്ഛനെ മകൻ വീടിന്റെ എക്കണോമിക്സ് ഒക്കെ പറഞ്ഞു മനസിലാക്കി..അതോടെ അദ്ദേഹവും വീണു.പിന്നീടുള്ള ദിവസങ്ങളിൽ അവരൊക്കെ അവിടത്തെ ഗുണഗണങ്ങൾ വാഴ്തുക ആയിരുന്നു.. പ്രധാനം ആയും കാലാവസ്ഥ നിയന്ത്രിക്കുന്ന നിർമാണ രീതി.. നാട്ടിലെ പഴയ നാലുകെട്ട് പോലെ ഒക്കെ എന്ന്..

അങ്ങനെ ഇരിക്കെ ഒരു ദിവസം മഴ പെയ്തു... തലേന്ന് രാത്രി തുടങ്ങിയ മഴ ആണ്.. രാവിലെ ആയിട്ടും പെയ്തുകൊണ്ടെ ഇരിക്കുന്നു.  " പൊതുവേ ഗൾഫ് നാടുകളിൽ മഴ മാവേലിയെ പോലെ ആണ്.. വല്ലപ്പോഴും ഒന്ന് പെയ്യും.. നമ്മൾ കാണുന്ന മുന്നേ തന്നെ മാറുകയും ചെയ്യും....ഇതും അങ്ങനെ ആണ് ..നിങ്ങള് നോക്കിക്കോളൂ .. മഴ സ്വിച്ച് ഇട്ട പോലെ നിൽക്കും"എന്നൊക്കെ അവർക്ക് ക്ലാസ്സ് ഒക്കെ കൊടുത്തിട്ട് എന്റെ വീട്ടുകാരൻ ഓഫീസിലേക്ക് പോയി..

മഴ കൂടി കൊണ്ടേ ഇരുന്നു.. വാതിലിൽ ഉള്ള ഗ്രില്ലിൽ കൂടി നമുക്ക് അതിന്റെ ശക്തി കൂടി കൂടി വരുന്നത് കാണാം.. സ്വീകരണ മുറിയുടെ മുകളിൽ ഇട്ടിരിക്കുന്ന അബ്‌സസ്റ്റോസ് ഷീറ്റിന്റെ മുകളിൽ കുടം കമിഴ്ത്തി ആരോ വെള്ളം ഒഴിക്കുന്ന പോലെ ഉള്ള ശബ്ദം കേൾക്കാം ... 

ഉച്ച നേരം കഴിഞ്ഞ് വൈകുന്നേരം ആയി.. മഴ അപ്പൊഴും പെയ്യുന്നുണ്ട്.... ഇപ്പൊൾ നല്ല കാറ്റും തുടങ്ങിയിട്ടുണ്ട്.. എന്റെ അമ്മായി അമ്മ ഉച്ച ഉറക്കത്തിൽ ആണ്.. ഞാനും എന്റെ അമ്മയും വൈകുന്നേരത്തെ കാപ്പി തയ്യാറാക്കാൻ ഉള്ള ശ്രമം.. പുള്ളിക്കാരന്റെ അച്ഛൻ മുന്നിലെ സ്വീകരണ മുറിയിലെ സോഫയിൽ ഇരുന്നു എന്തോ വായനയിൽ ആണ്...പെട്ടന്ന് ആണ് അത് സംഭവിച്ചത്.." ധിം" എന്ന ശബ്ദം കേട്ട് ഓടി എത്തിയ ഞാൻ കണ്ട കാഴ്ച അതി ഭീകരം ആയിരുന്നു.. 

അച്ഛന്റെ മുന്നിലെ ടിവി സ്റ്റാൻഡിന്റെ മുകളിലേക്ക് വെള്ളച്ചാട്ടം പോലെ മഴ വെള്ളം വന്നു വീണു കൊണ്ടിരിക്കുന്നു.. മുകളിലെ അസ്ബെസ്റ്റോസ്‌  തെന്നി നീങ്ങി അതിന്റെ താഴെ ഉള്ള സീലിങ് ഉം തകർത്ത് വെള്ളം അകത്തേക്ക് ഒഴുകുക ആണ്....... തുമ്പി കൈ വലിപ്പത്തിൽ മഴ വീടിനുള്ളിൽ പെയ്യുന്നു.. മുറി നിറച്ചും വെള്ളപ്പൊക്കം ... ടിവി യുടെ വയറിംഗ് ഒക്കെ നനഞ്ഞു കുളിച്ചു.. അതി മനോഹരമായി അടുക്കി വച്ചിരുന്ന അലങ്കാര വസ്തുക്കൾ ഒക്കെ കുതിർന്ന് കുഴഞ്ഞു... നയാഗ്ര വെള്ളച്ചാട്ടം നമ്മുടെ വീട്ടിൽ എത്തിയ ശബ്ദം കേട്ട്  അമ്മമാരും മക്കളും ഒക്കെ ഓടി വരുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു... പക്ഷേ എന്റെ കണ്ണുകൾ മുഴുവൻ രണ്ട് കൈകളും നടുവിൽ കുത്തി മുറിയുടെ മുകളിൽ ഉണ്ടായ വിടവിലൂടെ കാണുന്ന ആകാശവും മഴയും നോക്കി സ്തബ്ധനായി നിൽക്കുന്ന എന്റെ ഫാദർ ഇൻ ലോയിൽ ആയിരുന്നു... പുള്ളിക്കാരൻ അപ്പോൾ എന്താവും ആലോചിച്ചത്??? ശെരിക്കും നാല് കെട്ട് തന്നെ... നടു മുറ്റവും ഉണ്ട് എന്നാകമോ ?ആവും... അല്ലാതെ എന്റെ മോന് ഇൗ ഗതി വന്നല്ലോ എന്ന് ആവില്ല... ഏയ്... അല്ലല്ല... 


പുനർ വിചിന്തനം : 

പിന്നീട് ആണ് ഞാൻ ആ മാസത്തെ നക്ഷത്ര ഫലം വായിച്ചത് .. ആയില്യം , വിശാഖം തുടങ്ങിയ നക്ഷത്രക്കാർക്ക് ധനനഷടം, മാനഹാനി ഇവ ഒക്കെ ഉള്ള മാസം ആയിരുന്നു ആ നവംബർ.. അത് കൊണ്ട് ഇനി മുതൽ നാഷണൽ ജോഗ്രാഫിക് കൂടാതെ കാണിപ്പയ്യൂർ യൂട്യൂബ് വീഡിയോ കൂടി നോക്കിയിട്ട് മാത്രമേ ടിക്കറ്റ് എടുക്കൂ എന്ന് ഞങൾ ദൃഢ പ്രതിജ്ഞ എടുത്തു...

ശുഭം .

ശ്രീജയുടെ തോന്ന്യാക്ഷരങ്ങൾ



 

വെള്ളത്തിൽ ആശാൻ

#swimming #നീന്തൽ #പേടി #fear
വെള്ളത്തിൽ ആശാൻ


മനുഷ്യന് എന്തൊക്കെ തരം പേടികൾ ഉണ്ടാകും? ആലോചിച്ചു നോക്കിയിട്ടുണ്ടോ? സാധാരണ ആളുകൾക്ക് ഉള്ള പേടി അല്ല.. തെന്നാലി
 എന്ന ഒരു പഴയ തമിഴ് സിനിമയിലെ കമലഹാസൻ ചെയ്ത കഥാപാത്രം പോലെ ഉള്ള പേടി... ആട് ഭയം.. മാട് ഭയം.. കാട് ഭയം എന്നിങ്ങനെ ഒരു ഡയലോഗ് പറയുന്നുണ്ട് അതിൽ... ഏകദേശം ആ രീതിയിൽ വിചിത്രം ആയ പേടി ആണ് എനിക്കുള്ളത്.. 

ഊഞ്ഞാലിൽ കയറാൻ പേടി ഉളളവർ ഉണ്ടോ? ചെറു പ്രായം മുതൽ ഞാൻ കയറുന്ന ഊഞ്ഞാൽ മാത്രം പൊട്ടും എന്ന് എനിക്ക് ഉറപ്പ് ആയിരുന്നു.. അത് കൊണ്ട് കേറിയാൽ അപ്പോൾ മുതൽ മുകളിലേക്ക് നോക്കി ഇരുന്നാണ് ആട്ടം.. പൊട്ടുമ്പോൾ ഓടി മാറാമല്ലോ.. പക്ഷേ ഒരിക്കലും ഒരു ഊഞ്ഞാലിൽ നിന്നും വീഴാൻ ഉള്ള സൗഭാഗ്യം ഉണ്ടായില്ല... 

ഉത്സവ സീസൺ ആവുമ്പോൾ ജയന്റ് വീൽ കണ്ടാൽ അതിൽ വലിഞ്ഞു കേറും.. കറക്കം തുടങ്ങുമ്പോൾ മുതൽ എന്റെ പെട്ടി മാത്രം പൊട്ടി താഴെ വീഴും എന്നും പിറ്റേന്ന് രാവിലെ മനോരമ പത്രത്തിൽ എന്റെ ഫോട്ടോ  43 വയസ്സുള്ള യുവതി എന്ന അടിക്കുറിപ്പ് ഉൾപ്പടെ വരുന്നത് സങ്കൽപ്പിച്ച് ടെൻഷൻ അടിച്ചു ഇരിക്കും.. 

റോപ്പ് വേ ഉള്ള സ്ഥലത്തേക് യാത്ര പോയാൽ കെട്ടിയോൻ നേരത്തെ പറയും.. പുള്ളി അതിൽ കയറില്ല എന്ന്.. നമ്മൾ കീലേരി അച്ചു കളിക്കും.. ഞാൻ ഉണ്ടല്ലോ.. പക്ഷേ മിക്കവാറും ഞാനും എന്റെ മൂത്ത പുത്രിയും ആയിരിക്കും ഒന്നിച്ച് ഇരിപ്പ്... കഴിഞ്ഞ വർഷം ഇതേ പോലെ പോയപ്പോൾ എന്റെ എത് പടം പത്രത്തിൽ കൊടുക്കണം എന്നും വയസ്സ് കൂടി പോകാതെ നോക്കണം എന്നും അവൾക്ക് പറഞ്ഞു കൊടുത്തു കഴിഞ്ഞപ്പോൾ ലക്ഷ്യ സ്ഥാനത്ത് എത്തി.. അവള് അപ്പോ തന്നെ അച്ഛനോട് പോയി പറയുന്ന കണ്ടൂ.. ഇനി മുതൽ ഞാൻ അമ്മയുടെ കൂടെ ഇതിൽ കയറില്ല എന്ന്... സാരമില്ല... ഇനി ചെറുത് ഒന്നും കൂടെ ഉണ്ടല്ലോ... ഒന്നിന് ഒന്ന് കൂടെ വേണം എന്ന് പഴമക്കാർ വെറുതെ പറയുന്നത് അല്ല..

പ്രവാസ ജീവിത്തിനിടയിൽ പല യാത്രകളിലും കൂട്ടുകാര് കുടുംബായി കൂടെ കൂടാറുണ്ട് .. അങ്ങനെ പോയ സ്ഥലമാണ് ഒമാനിലെ ഡിബ്ബ എന്ന മനോഹരമായ ഭൂപ്രദേശം. ഒരു വലിയ ബോട്ടിൽ കുറെ ആളുകൾ ഒന്നിച്ചു ആണ് സഞ്ചാരം.. ഇരു വശങ്ങളിലും മല നിരകൾ കാണാം.. പച്ച നിറം കലർന്ന കടൽ വെള്ളം..ആഹാരം ഒക്കെ ബോട്ടിൽ തന്നെ ഏർപ്പാട് ചെയ്തിട്ടുണ്ട്.. മൊത്തത്തിൽ ജംഗ ജഗ ജഗാ... 

ബോട്ടിന്റെ  ഉടമസ്ഥൻ എന്ന് തോന്നിയ ഒരു മനുഷ്യൻ അവിടെ ഒക്കെ കറങ്ങി നടപ്പ് ഉണ്ട്.. പുള്ളി ആണ് എല്ലാ സ്ഥലത്തും വിവരങ്ങൾ ഒക്കെ തരുന്നത്.. ഫുൾ കൈ ഷർട്ടും അലക്കി തേച്ച
പാന്റും ഒക്കെ ധരിച്ച് ബിന്ദു പണിക്കർ പറയും പോലെ എക്സിക്യൂട്ടീവ് ലുക്കിൽ ആണ് ആള്.. തലയിലെ മുടി വിഗ് ആണോ എന്നൊരു സംശയം തോന്നും നമുക്ക്...

ബോട്ട് ഒരു തീരത്തേക്ക് അടുത്ത് തുടങ്ങി.. എന്നാലും അടുപ്പിക്കുന്നില്ല. കരയിൽ നിന്ന് ഏകദേശം ഒരു കിലോമീറർ ദൂരത്ത് അത് നംഗൂരം ഇട്ട് നിൽപ്പ് ഉറപ്പിച്ചു. അപ്പോഴാണ് നമ്മുടെ ഉടമയുടെ വക അറിയിപ്പ് വന്നത്.. മാമുക്കോയ പറയും പോലെ .. കുറച്ച് ദൂരം നീന്തണം .. അതാ ആ കാണുന്നത് ആണ് തീരം .. നോക്കുമ്പോൾ വ്യക്തം ആയി കാണും.. അവിടെ കുറെ ആളുകൾ ഓടി നടന്നു ഫോട്ടോ ഒക്കെ എടുകകുന്നുണ്ട്.. ഇന്നത്തെ കാലത്ത് ഫോട്ടോ എടുക്കാൻ അല്ലേ ട്രിപ്പ് പോകുന്നത് തന്നെ? കരയിൽ കാലു തൊട്ടില്ലെങ്കിൽ മാനക്കേട് തന്നെ എന്ന് നമ്മുടെ ലീഡർ...

കൂടെ ഉള്ള എല്ലാ കൂട്ടുകാരികളും മറ്റുള്ളവരും എന്റെ കെട്ടിയോൻ പോലും  ഡ്രസ്സ് ഒക്കെ മാറി വന്ന് ഇറങ്ങുന്നു.... നീന്തുന്ന്... എല്ലാരും വളരെ കൂൾ .. അപ്പോഴാണ് ആ അത്യാഗ്രഹം ഉള്ളിൽ ഉദിച്ചത്... പിന്നെ ഒന്നും ഓർമ ഇല്ല.. ഞാൻ
ജാക്കറ്റ് ഒക്കെ ഇട്ട് വെള്ളത്തിൽ ആണ്.. ആദ്യത്തെ രണ്ട് മിനുട്ട് കഴിഞ്ഞപ്പോൾ ആണ് ഒരു കാര്യം ഓർമിച്ചത്‌.. എന്റെ ചെറിയ മകളെ ആണല്ലോ നീന്തൽ പഠിപ്പിച്ചത്.. എന്നെ അല്ലലോ എന്ന്... 

അപ്പോഴേക്കും എന്റെ മൂക്ക് വെള്ളത്തിൽ മുട്ടി തുടങ്ങി.. ജാക്കറ്റ് ഇപ്പൊ ഊരി പോകും എന്ന് തോന്നി തുടങ്ങി ....മറ്റുള്ളവർ എല്ലാം വളരെ സന്തോഷത്തിൽ നീന്തി തുടിക്കുന്നു... എനിക്ക് പല തരം നിർദേശങ്ങളും തരുന്നുണ്ട്.. എനിക്ക് ആണേൽ കാലു തന്നെ പൊങ്ങി വരുന്ന തോന്നൽ... എന്റെ കാല് അല്ലേ?? തല കുത്തി പിറകിലേക്ക് പോകും പോലെ.. ഇത് പറയാൻ വാ തുറന്നാൽ വെള്ളം മൊത്തം വായിന്റെ ഉള്ളിൽ .. അപ്പോ ശ്വാസം മുട്ടിയിട്ട്‌ മിണ്ടാനും വയ്യ.. ഈയിടെ കുറെ വണ്ണം ഒക്കെ കുറച്ചപ്പോൾ ഡോക്ടർ പറഞ്ഞു നല്ല ആരോഗ്യം ഒക്കെ ആയല്ലോ എന്ന്.. ഇതിപ്പോ ജലസമാധി ആയി എന്ന് അറിയുമ്പോൾ പുള്ളി എന്ത് വിചാരിക്കും ദൈവമേ??? ഭാഗ്യം എട്ടിലും..മരണം എഴിലും എന്ന് ജ്യോത്സ്യന്മാർ പറയുന്ന പോലെ ആയല്ലോ എന്നൊക്കെ ആണ് ചിന്തകള് പോകുന്നത്... 

 അന്ദാളിപ്പ്‌ എന്നാണോ മരണ വെപ്രാളം എന്നാണോ എന്താണോ പറയേണ്ടത് എന്ന് അറിയില്ല ഞാൻ എന്തൊക്കെയോ കാണിച്ചു കൂട്ടി .. പ്രിയതമൻ ചെറിയ മോളെ നീന്താൻ സഹായിക്കുന്നുണ്ട്.. എന്റെ വെപ്രാളം കണ്ട് അടുത്ത് എത്തിയ അദ്ദേഹത്തിനെ ഞാൻ വെള്ളത്തിൽ മുക്കി തുടങ്ങി.. പിന്നെ കൂടെ വന്ന കൂട്ടുകാരെ ഒക്കെ വിളി തുടങ്ങി.. അതിൽ ചില കൂട്ടുകാരികൾ ആത്മാർത്ഥമായി രക്ഷിക്കാൻ എത്തി.. പക്ഷേ ഞാൻ അവരേം കൂടി അള്ളി പിടിച്ചു മുക്കി കൊല്ലും എന്ന സ്ഥിതി ആയി.. ആകെ ബഹളം തന്നെ.. എന്റെ കണ്ണ് ഒക്കെ തുറിച്ചു വന്നു എന്ന് ദൃക്സാക്ഷികൾ പിന്നീട് പറഞ്ഞു.. 
ആര് രക്ഷിക്കാൻ വന്നാലും ഞാൻ അവരെയും കൊണ്ട് ടൈറ്റാനിക് കളിക്കും എന്ന് മനസ്സിലായ ഒരു സുഹൃത്ത് നമ്മുടെ എക്സിക്യൂട്ടീവ് ബോട്ട് ഉടമയെ വിളിച്ചു.. പുള്ളി സംഗതി പന്തി അല്ല എന്ന് കണ്ട് ഒറ്റ ചാട്ടം വെള്ളത്തിലേക്ക്.. എന്റെ കൈ പിടിച്ചു വലിച്ച് കൊണ്ട് ഹനുമാൻ മരുത്വ മലയും കൊണ്ട് വരുന്ന പോലെ ഒരു പോക്ക് ആയിരുന്നു... ഓഹോയ്‌ ഓഹോയ്....എന്ന താളത്തിൽ....

ബോട്ടിൽ എത്തി നനഞ്ഞ കോഴിയെ പോലെ ഞാൻ ഒരിടത്ത് ഒതുങ്ങി ഇരിപ്പായി.. ബാക്കി ഉളളവർ അപ്പോഴും തകർക്കുന്നു..

വെള്ളത്തിൽ നിന്ന് പുറത്ത് വന്ന എനിക്ക് പിന്നെ ആ സ്ഥലത്തിന് അത്ര മനോഹാരിത ഒന്നും തോന്നിയില്ല.... ഇൗ വെള്ളം ഒക്കെ ദൂരെ നിന്നും കാണുന്നത് തന്നെ ആണ് നമ്മുക്ക് നല്ലത് ... 

പിന്നീട് അങ്ങോട്ട് ആ യാത്രയിൽ എനിക്ക് മാത്രം എക്സിക്യൂട്ടീവ് നേ നല്ല ബഹുമാനം ആയിരുന്നു... കാരണം 
ഹനുമാൻ സ്വാമിയെ "ഞാനേ
 കണ്ടുള്ളൂ... ഞാൻ മാത്രേ കണ്ടുള്ളൂ 😁"

ശ്രീജയുടെ തോന്ന്യാക്ഷരങ്ങൾ 


ഒരു കൊങ്കൺ പുരാണം

#കൊങ്കൺ #യാത്ര
ഒരു കൊങ്കൺ പുരാണ കഥ 

2009 ഡിസംബർ .. ഞങ്ങള് മഹാരാഷ്ട്രയിലെ താനെ
നഗരത്തിൽ താമസിക്കുന്ന കാലം .. ഞാനും ഭർത്താവും ആദ്യമായി ആണ് കേരളം വിട്ടു താമസിക്കുന്നത്..കുട്ടികൾ ആണേൽ തീരെ കുഞ്ഞാണ്.. മൂത്ത മോൾക്ക് 5 വയസ്സ്, ഇളയ ആൾക്ക് ഒരു വയസ്സു പോലും ആയിട്ടില്ല.. താമസം മാറിയ അന്ന് മുതൽ എല്ലാ അർത്ഥത്തിലും ഞങ്ങളുടെ രക്ഷാകർത്താക്കൾ ആയിരുന്നു ഞങ്ങളുടെ അയൽവാസികൾ ആയ 
ഒരു മറാഠി കുടുംബം .അച്ഛനും അമ്മയും 2 മക്കളും.. അന്നും ഇന്നും അവർ കുടുംബം തന്നെ ആണ് ഞങ്ങൾക്ക് ... അവരും ഞങ്ങളും കൂടെ പോയ ഒരു യാത്രയുടെ കഥ ആണ് ഇനി പറയുന്നത്.

ആദ്യമായി നാട്ടിൽ നിന്നും മാറി നിൽക്കുന്ന കൊണ്ട് സാധങ്ങൾ വാങ്ങാനും ആളുകളെ പരിചയപ്പെടാനും ഒക്കെ ഇൗ കുടുംബം ഞങ്ങളെ നന്നായി സഹായിക്കുമായിരുന്ന് . ... നമ്മൾ ഏത് കടയിൽ പോകണം എന്ന് പറഞ്ഞാലും അവിടത്തെ ചേച്ചി പറയും.. ഞാൻ കൂടെ വരാം ..എനിക്ക് അവിടെ നല്ല പരിചയം ഉണ്ടെന്ന്. നല്ല ഡിസ്കൗണ്ട് ഒക്കെ കിട്ടും എന്ന്..
അങ്ങനെ നാം പ്രസ്തുത കടയിൽ എത്തും.. പിന്നെ നടക്കുന്ന സംഭാഷണം ഏകദേശം ഇങ്ങനെ ആയിരിക്കും.. ചേച്ചി കടക്കാരനോട് പറയും, കഴിഞ്ഞ ആഴ്ച എന്റെ അയൽക്കാരുടെ അനിയത്തിയുടെ നാത്തൂൻ  വന്ന് സാധനം വാങ്ങി പോയിരുന്നു.. അത് കൊണ്ട് ഡിസ്കൗണ്ട് തരണം എന്ന്. നമ്മളും കടക്കാരനും പ്ലിങ് ! ഇത് പോലെ തന്നെ ആണ് എന്ത് സഹായവും.. ഏത് രാഷ്ട്രീയക്കാരനും ഏത് വിദഗ്ദ ഡോക്ടറും ഒക്കെ അവരുടെ "പേഹചാൻ വാലെ" ( പരിചയക്കാർ) ആയി മാറും.. പാവങ്ങൾ റോഡിലെ പോസ്റ്റർ ഒക്കെ കണ്ട് പറയുന്നത് ആണ് ..

അങ്ങനെ ഇരിക്കെ ആണ് കുറെ ദിവസം അടുപ്പിച്ച് ക്രിസ്തുമസ് അവധി കിട്ടിയത്.. ഇവിടെ എങ്കിലും ട്രിപ്പ് പോകാം എന്നുള്ള തീരുമാനം ആയി. രണ്ടു കൂട്ടർക്കും കാർ ഉള്ളത് കൊണ്ട് ഗോവ വരെ വണ്ടിയിൽ പോകണം എന്നായിരുന്നു എനിക്കും ഭർത്താവിനും .. പക്ഷേ അവർക്ക് എല്ലാം കൊങ്കൺ തീരം കാണാൻ പോകാം എന്ന ഒരേ നിർബന്ധം. അവിടെ നല്ല നല്ല ഏതൊക്കെയോ സ്ഥലങ്ങൾ ഉണ്ട് .. താമസിക്കാൻ നല്ല പല ഹോട്ടലുകളും . ഒടുവിൽ ഞങ്ങളും അവരുടെ തീരുമാനം അംഗീകരിച്ചു. എങ്കിലും ഹോട്ടൽ ബുക്ക് ചെയ്യുന്ന കാര്യം പറഞ്ഞപ്പോൾ അവർക്ക് നല്ല വിശ്വാസം ..അതൊന്നും ആവശ്യം വരില്ല... ഇൗ സമയത്ത് ആരാ കൊങ്കൺ തീരത്ത് പോകുന്നത്.. ബുക്കിംഗ് ഒക്കെ പറ്റിപ്പ് ആണത്രെ.. 

അങ്ങനെ യാത്ര ആരംഭിച്ചു. ഞങ്ങളുടെ കൂടെ നാട്ടിൽ നിന്നും ചെറിയ മോളെ നോക്കാനായി കൊണ്ട് വന്ന ഒരു സ്ത്രീയും ഉണ്ട് . പുറപ്പെട്ട് ഒരു ഒന്നൊന്നര മണിക്കൂർ ഡ്രൈവ് കഴിഞ്ഞപ്പോൾ നമ്മൾ കണ്ട കാഴ്ച അതിമനോഹരം ആയിരുന്നു.. കിലോമീറ്ററുകൾ നീണ്ട ബ്ലോക്.... വണ്ടികൾ അങ്ങനെ നിര നിര ആയി അനങ്ങാതെ കിടക്കുന്നു.. നമ്മളും അതിൽ പെട്ടു.. 

എന്റെ ഭർത്താവ് പൊതുവേ "ക്ഷമാശീലൻ" ആയ കൊണ്ട് ഇടക്കിടെ മറാഠി സുഹൃത്തിനെ വിളിച്ചു കൊണ്ടെ ഇരുന്നു.. ഇത് എങ്ങനെ ശേരിയാകും? നമ്മൾ എത്തുമ്പോൾ അർദ്ധരാത്രി ആവില്ലേ? തിരിച്ചു പോയാലോ എന്നിങ്ങനെ പല വിധ ചോദ്യങ്ങളും പ്രവചനങ്ങളും നടത്തി കൊണ്ടേ ഇരുന്നു.
ഏകദേശം മൂന്നോ നാലോ മണിക്കൂർ നമ്മൾ ഇഴഞ്ഞും നിരങ്ങിയും പോയി..
ബ്ലോക്കിൽ നിന്നും പുറത്ത് എത്തിയപ്പോഴേക്കും നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു. ഇനി എങ്ങനെ പോയാലും ഉദേശിച്ച സ്ഥലത്ത് എത്തില്ല. 

വണ്ടി നിറുത്തി എന്ത് ചെയ്യണം എന്ന് ആലോചിച്ചപ്പോൾ നമ്മുടെ സുഹൃത്ത് പറഞ്ഞു.. അറിയാവുന്ന ഒരു ഹോം സ്റ്റേ ഉണ്ട് തൊട്ടടുത്ത് , അങ്ങോട്ട് പോകാം ന്നു.. ഞങ്ങളും ശെരി വച്ചു.

കുറച്ച് നേരം കഴിഞ്ഞപ്പോൾ ഒരു ചെറിയ
റോഡിന്റെ അരുകിൽ വണ്ടി നിറുത്തി എല്ലാവരും ഇറങ്ങി. .. ഒരു ചെറിയ വീട് കാണാം അരണ്ട വെളിച്ചത്തിൽ. അവിടെ ഒരു സ്ത്രീയും പുരുഷനും ഒരു കൊച്ചു പെൺകുട്ടിയും നിൽപ്പുണ്ട്.. സന്തോഷം ..കുടുംബം സഹായം ഒക്കെ ചെയ്ത് തരാൻ നിൽക്കുക ആയിരിക്കും.


അവർ ഞങ്ങളെ അകത്തേക്ക് വിളിച്ചു ..കേറുമ്പോൾ ഒരു ചെറിയ നീളൻ മുറി ..വശങ്ങളിൽ രണ്ട് മുറിയും കാണാം. എന്നിട്ട് അവിടത്തെ മനുഷ്യൻ ഞങ്ങളുടെ സുഹൃത്തിനെ പുറത്തേക്ക് വിളിച്ചു ഏതൊക്കെയോ പറഞ്ഞു.. പിന്നീട് ആണ് ഞാൻ അറിഞ്ഞത് അയാൾ പറഞ്ഞത് വല്ലോം കഴിക്കണം എങ്കിൽ നിങ്ങള് തന്നെ പോയി വാങ്ങി കൊണ്ട് വരണം എന്നാണത്രെ.. ഉണ്ടാക്കി തന്നിട്ട് അവരും കൂടെ കഴിച്ചോളാം ന്നു.. ഉടനെ തന്നെ ആണുങ്ങൾ പുറത്തേക്ക് പോയി. എന്റെ മനസ്സിൽ ഹോം സ്റ്റേ ആയിട്ട് ഇവരെന്താ ഒന്നും വാങ്ങി വയ്ക്കാതെ ഇരിക്കുന്നെ എന്നൊക്കെ ആയിരുന്നു.. പുറത്ത് നല്ല ഇരുട്ടാണ്.. റോഡിന്റെ മറുവശം വലിയ മതിൽ ആണെന്ന് തോന്നുന്നു.. വല്ല ഫാക്ടറിയും ആകും .. കേരളം അല്ലല്ലോ.. പുറക് വശത്ത് കടൽ ഇരമ്പുന്ന ശബ്ദം കേൾക്കാം.
 
എന്തായാലും ആണുങ്ങൾ പോയി മീൻ, അരി, മണ്ണെണ്ണ ഒക്കെ വാങ്ങി വന്നു.. അവിടത്തെ സ്ത്രീ നന്നായി പാചകം ചെയ്തു തന്നു.. നല്ല കൊങ്കണി ആഹാരം തന്നെ ആയിരുന്നു. കുറച്ച് നേരം എല്ലാവരും കൂടെ ചീട്ട്‌ ഒക്കെ കളിച്ചു..  ഇതൊക്കെ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ആണെന്ന് ഓർക്കണം... ഞാൻ വിചാരിച്ചു... ശെരിക്കും നാടൻ അന്തരീക്ഷം കാത്തു സൂക്ഷിക്കാൻ വേണ്ടി ഇവര് കറൻറ് പോലും ഉപയോഗിക്കുന്നില്ല. അൽഭുതം തന്നെ...

കിടക്കാൻ നേരമായി.. ഞാൻ വിചാരിച്ചു.. ജോലിക്കാരി പാവം മുറിയിൽ കിടന്നോട്ടെ.. അല്ലേൽ പെണ്ണുങ്ങൾ എല്ലാവരും കൂടെ അകത്ത് കിടക്കമല്ലോ . ആണുങ്ങൾക്ക് ഹാളിൽ അഡ്ജസ്റ്റ് ചെയ്താൽ മതിയല്ലോ.. അപ്പോഴാണ് യഥാർത്ഥ ട്വിസ്റ്റ്.. ആ മുറി അവരുടെ ആണത്രെ.. നമ്മുടെ മുഴുവൻ ആളുകൾക്കും കൂടി ആണത്രെ ഹാൾ... അതും തറയിൽ .. ഉടനെ നമ്മുടെ സുഹൃത്ത് മിഥുനം സിനിമയിലെ
ശങ്കരാടി ആയി..സാരമില്ല.. എവിടെ
 എങ്കിലും ഒന്ന് നടു ചാരിയാൽ മതി ന്നു. ദൈവമേ ..

അവര് കുറെ കട്ടിയുള്ള ഷീറ്റുകൾ കൊണ്ട് തന്നു..ചെറിയ ഒരു മടക്ക്ക് കട്ടിലും കൊണ്ട് ഇട്ടു. ഒരേ ഒരാൾക്ക് അതിൽ കിടക്കാം .. ആരാകും ആ ഒരാൾ? ഒരുപാട് ആലോചിക്കേണ്ടി വന്നില്ല ... നമ്മുടെ ജോലിക്കാരി ആ മഹത്തായ സ്ഥാനം അലങ്കരിച്ചു... ബാക്കി എല്ലാവരും തണുപ്പത്ത് തറയിൽ കിടന്ന് വിറച്ചു...  കൊങ്കൺ തീരം എന്ന് പറഞ്ഞപ്പോ ശെരിക്കും തീരത്ത് കിടക്കേണ്ടി വരും എന്ന്  വിചാരിച്ചില്ല.

രാവിലെ ഉണർന്നപ്പോൾ എല്ലാം വ്യക്തമായി തെളിഞ്ഞു വന്നു... വഴിയിൽ കണ്ട ഏതോ ഒരു വീട്ടിൽ കയറി രാത്രി കിടന്നൊട്ടെ എന്ന് നമ്മുടെ സുഹൃത്ത് അഭ്യർഥിച്ച് ആണ്..അല്ലാതെ അതൊരു ഹോം സ്റ്റേ ഒന്നും അല്ലായിരുന്നു.. മുന്നിൽ കണ്ടത് ഫാക്ടറി അല്ല ഒരു വലിയ മല ആയിരുന്നു.. 

ഇതൊക്കെ ആണെങ്കിലും രാവിലെ എഴുന്നേറ്റ് ആ വീടിന്റെ പുറകു വശത്തായി കണ്ട കടലിന്റെ കാഴ്ച കണ്ണിൽ നിന്ന് ഇന്നും മാഞ്ഞു പോയിട്ടില്ല... ചെമ്മീൻ സിനിമയിലെ വീട് ഓർമയുണ്ടോ? ഇത് ഓല മേഞ്ഞത് അല്ല എന്ന ഒരു വ്യത്യാസം മാത്രം.. ഒരു മലയുടെയും കടലിന്റെയും നടുക്ക് നിൽക്കുന്ന നീലയും ഇളം പിങ്കും പെയിന്റ്‌ അടിച്ച കുഞ്ഞു വീട് ഏത് ഹോട്ടലിനെ ക്കാളും മികച്ചത് തന്നെ.. എല്ലായിടത്തും "പെഹചാൻ" ഉള്ള കുടുംബത്തിന് നന്ദി...

വാൽ കഷ്ണം: കാലം പോകെ
പോകെ നമ്മളും അവരുടെ വിദ്യ പഠിച്ചു മനസിലാക്കി. ഇപ്പൊ നമ്മളും പറഞ്ഞു തുടങ്ങി മോഹൻലാലിനെ അറിയാം.. ശശി തരൂർ നേ അറിയാം എന്നൊക്കെ... തിരോന്തോരം ആണല്ലോ... പിന്നല്ല!!!


ശ്രീജയുടെ തോന്ന്യാക്ഷരങ്ങൾ .. 

എന്നിലെ ഷൂമാക്കർ !!

#യുഎഇ #ലൈസൻസ് #ഡ്രൈവിംഗ്


ചെറുപ്പം മുതലേ ചില കാര്യങ്ങള് നമ്മളെ കൊണ്ട് പറ്റില്ല എന്ന് അറിയാവുന്ന കുട്ടി ആയിരുന്നു ഞാൻ . അതിൽ ഒന്നായിരുന്നു ഡ്രൈവിംഗ് . നാട്ടിൽ ലൈസൻസ് കിട്ടിയെങ്കിലും ഒരിക്കൽ പോലും ഡ്രൈവിംഗ് സീറ്റിൽ ഒന്ന് ഇരിക്കാൻ പോലും ഉള്ള താൽപര്യം തോന്നിയില്ല. ഒരിക്കൽ വഴിയരികിൽ ഇരുന്ന മൂന്ന് നാല് ചെറുപ്പക്കാർ രക്തസാക്ഷികൾ ആകുമോ എന്ന് സംശയം തോന്നിയ ശേഷം കൂടെ ഇരുന്ന ഭർത്താവും ശ്രമം ഉപേക്ഷിച്ചു. അങ്ങനെ ഇന്ത്യ മഹാ രാജ്യത്തിന് എന്നിലെ ഷൂമാക്കറെ  കാണാൻ സാധിച്ചില്ല.

പിന്നീട് വൈകിയ വേളയിൽ പ്രവാസി ആയ ശേഷം  ഡ്രൈവിംഗ് പഠിക്കേണ്ടത് ആവശ്യം ആയി വന്നു . അങ്ങനെ മടിച്ചു മടിച്ചു പോയി ക്ലാസിൽ ചേർന്നു. ബുദ്ധിമാനായ പ്രിയതമൻ അൺലിമിറ്റഡ് പാക്കേജ് ആണ് എടുത്തത്.. ചന്തു പല തവണ തോൽക്കും എന്ന്  പുള്ളിക്ക് അറിയാം 😜

അങ്ങനെ പഠിത്തം തുടങ്ങി. ഇവിടെ ദുബായിൽ  നല്ല തിരക്കുള്ള സ്ഥലത്ത് തന്നെ ആണ് പഠിത്തം . പാവപ്പെട്ട ആളുകൾ രാവിലെ ഓഫീസിൽ എത്താൻ വെപ്രാളം പിടിച്ചു ഓടുന്നതിന്റെ ഇടയിൽ നമ്മളും നൃത്തം വയ്ക്കും. പക്ഷേ ഞാൻ അവരുടെ ദേഷ്യം ഒന്നും കണ്ടേ ഇല്ല..അതെങ്ങനെ.. അടുത്തിരിക്കുന്ന ട്രെയിനർ ചീത്ത വിളി നിറുത്തിയാൽ അല്ലേ വെളിയിലെ ആളുകളെ കാണാൻ പറ്റൂ?

ഇങ്ങനെ ഒക്കെ ആണേലും.. ഞാൻ 5 തരം പാർകിങ്ങും റോഡ് ടെസ്റ്റും ഒക്കെ 100 ദിവസം കൊണ്ട് കടന്നു വന്നു..  വിജയശ്രീ ലാളിതയായി ഷൂമാക്കർ ആയി ഞാൻ പുറത്ത് വന്നു. എന്റെ മനസ്സിൽ ഞാൻ ലോകം മൊത്തം കാറിൽ ചുറ്റി വന്നു... എന്നാൽ....


അടുത്ത ദിവസം മുതൽ വണ്ടി എടുത്ത് ദുബൈ തെരു വീഥികളിൽ ഇറങ്ങിയ ഞാൻ ഒരു സത്യം മനസ്സിലാക്കി. ലൈസൻസ് എടുത്ത് വണ്ടിയും കൊണ്ട് ഇറങ്ങുക എന്ന് വെച്ചാൽ കല്യാണത്തിന്റെ പിറ്റേന്ന് പുതു പെണ്ണ് ബിരിയാണി വക്കാൻ ഇറങ്ങുന്ന പോലെ ആണെന്ന്. തിന്നുള്ള ശീലം ഉണ്ടെന്ന് വച്ചു ഉണ്ടാക്കാൻ പറ്റുമോ? ഇവിടെ അടുത്ത് ട്രെയിനർ ഇരുന്ന് പഠിപ്പിച്ച പോലെ ആണോ കൂടെ ഇരിക്കുന്ന കെട്ടിയോൻ അഥവാ ലോകത്തിലെ ഏറ്റവും മഹാനായ ഡ്രൈവർ? പിന്നെ ശെരിക്കും പടച്ചോനെ ഇങ്ങള് കാത്തൊലീൻ എന്ന് പറഞ്ഞു ഒറ്റ പോക്ക് ആയിരുന്നു. 

അങ്ങനെ ഒരു മൂന്നു മാസം കഴിഞ്ഞപ്പോൾ ഒറ്റക്ക് ഓടിക്കാൻ ഉള്ള അത്യാഗ്രഹം ഉണർന്നു. ഭർത്താവ് രാവിലെ ബാഡ്മിന്റൺ കളിക്കാൻ പോകുന്ന സ്കൂളിന്റെ ചുറ്റുമുള്ള ചെറിയ റോഡുകളിൽ ഓടിക്കാൻ ധാരണ ആയി.. അവിടെ അത്യാവശ്യം തിരക്ക് ഒക്കെ ഉണ്ട് , പക്ഷേ എനിക്ക് അത്ര പ്രശ്നം ആവില്ല. അങ്ങനെ ഒരു വെള്ളിയാഴ്ച എന്റെ സാഹസം ആരംഭിച്ചു. വണ്ടി എടുത്തു ആദ്യം കണ്ട സിഗ്നൽ വരെ പോയി തിരിച്ചു എത്തി.. കൊച്ചു കുട്ടികൾ ഓടി കളിക്കുന്നത് കണ്ടിട്ടുണ്ടോ? ഇടക്കിടെ അമ്മയെ വന്നു തൊട്ടിട്ട് തിരിച്ചു പോകും...അത് പോലെ 10 മിനിറ്റിൽ കറങ്ങി ആ സ്കൂളിന്റെ നടയിൽ എത്തി നിന്നു. അത്രേം ആയപ്പോ നല്ല ധൈര്യം. 

അടുത്ത റൗണ്ട് തുടങ്ങി.. ഇത്തവണ കൂടുതൽ സന്തോഷം ആണ്.. മുന്നോട്ട് തന്നെ പോവുക ആണ്. കുറച്ച് കഴിഞ്ഞപ്പോ ഒരു സത്യം ഞാൻ മനസ്സിലാക്കി. ഇപ്പൊൾ ഞാൻ ആ ചെറിയ റോഡിൽ അല്ല.. റോഡിന്റെ വീതി കൂടി ..ചുറ്റും പാഞ്ഞു പോകുന്ന വണ്ടികളും .. ഞാൻ പ്രധാന ഹൈവേയിൽ ഇറങ്ങി അങ്ങനെ പോയിക്കൊണ്ടെ ഇരിക്കുന്നു .. ദുബൈയിൽ തുടങ്ങിയ ഞാൻ അബുദാബി ബോർഡുകൾ ഒക്കെ കണ്ട് തുടങ്ങിയിരിക്കുന്നു... സബാഷ്!! ( കൂട്ടുകാരിയെ വിളിച്ചു പറയേണ്ടി വരുമോ ...ഞാൻ ഇതാ വരുന്നേ എന്ന്??)

എന്തായാലും ഞാൻ വണ്ടി ഒതുക്കി നിർത്തി നമ്മുടെ സ്വന്തം ഗൂഗിള് ചേച്ചിയെ വിളിച്ചു വരുത്തി.. ചേച്ചി എന്നെ കുറെ വഴക്ക് ഒക്കെ പറഞ്ഞു എങ്ങിനെ എങ്കിലും എത്തേണ്ട ഇടത്ത് എത്തിച്ചു എന്ന് പറഞ്ഞാല് മതിയല്ലോ.

അപ്പോ പറഞ്ഞു വന്നത് ..... ഇനിയുള്ള ദിവസങ്ങളിൽ നിങ്ങളിൽ പലരും എന്നെ റോഡിൽ ഒറ്റക്ക് കാണാൻ ഉള്ള സാധ്യത ഉണ്ട് .. അങ്ങനെ കണ്ടാൽ ഞാൻ വീടെത്തിയോ എന്ന് വിളിച്ചു അന്വേഷിക്കണം എന്ന് അപേക്ഷ ... 😁

ഒരു സംശയം ... നമ്മുടെ വിദഗ്ധ വാഹന കേസരികൾ ഒന്നും വണ്ടി ഓടിച്ചു തുടങ്ങിയ കാലത്തെ അബദ്ധങ്ങൾ  പുറത്ത് പറയാറില്ലേ? വണ്ടി വാങ്ങി പിറ്റേന്ന് മുഴുവൻ കുടുംബക്കാരെ കൂട്ടി ഊട്ടിക് ട്രിപ്പ് പോയ നിങ്ങളെ ഒക്കെ സമ്മതിക്കണം ... ഇതൊക്കെ എനിക്ക് മാത്രം പറ്റുന്നത് ആണോ?

ശ്രീജയുടെ തോന്ന്യാക്ഷരങ്ങൾ 

ഗെയിമിംഗ് അഡിക്ഷൻ

#ഗെയിമിംഗ് #addiction #മൊബൈൽ
നിങ്ങളുടെ മക്കൾ എപ്പൊഴും വീഡിയോ ഗെയിം കളിച്ചു ഇരിക്കുക ആണോ? 
അവരുടെ ഇൗ സ്വഭാവം എങ്ങിനെ തിരുത്തും എന്ന് ആലോചിച്ച് വിഷമിച്ച് ഇരിക്കുക ആണോ നിങ്ങള്?

ഇത് ശ്രദ്ധിക്കുക

പൊതുവേ നാം മലയാളികൾ മക്കളെ വിരട്ടി നന്നാക്കാൻ ആണ് ശീലിച്ചിരിക്കുന്നത്. ഫോൺ പിടിച്ചു വാങ്ങുക, ഇന്റർനെറ്റ് ഓഫ് ചെയ്തു വയ്ക്കുക അധ്യാപകരോട് മക്കളുടെ കുറ്റം പറയുക എന്നീ കലാപരിപാടികൾ ആണല്ലോ നമ്മുടെ സ്ഥിരം നമ്പറുകൾ . ഇൗ തരം വിദ്യകൾ ഒന്നും അത്ര ഫലപ്രദം അല്ല എന്ന് നമ്മളിൽ മിക്കരും ഇപ്പൊ മനസിലാക്കി കാണും. ഞാൻ പറയാൻ പോകുന്ന 5 കാര്യങ്ങൾ നിങ്ങൾക് ശ്രമിച്ച് നോക്കാം.


1.  മക്കളോടൊപ്പം കുട്ടി ആവുക 


നിങ്ങളുടെ കുട്ടിക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല സമ്മാനം എന്താണ് എന്ന് അറിയാമോ? നിങ്ങളുടെ സമയം. ദിവസത്തിൽ കുറച്ച് സമയം അവരുടെ കൂടെ ഗെയിം കളിച്ചു നോക്കു. (ഞെട്ടരുത്)

ഇത് കുട്ടിയുടെ മനസ്സിൽ നിങ്ങളോട് കൂടുതൽ അടുപ്പം തോന്നിക്കും. നിങ്ങള് അവരുടെ ലോകത്തേക്ക് ഇറങ്ങി ചെന്നാൽ അവരും ഹാപ്പി ആകുന്നത് കാണാം.

2. ഓൺലൈൻ ആയിരിക്കുന്ന സമയം രേഖപ്പെടുത്തുക


പൊതുവേ കുട്ടികൾ പറയുന്ന ഒഴിവുകഴിവു ആണ്..ഞാൻ വളരെ കുറച്ച് നേരം മാത്രമേ ഗെയിം കളിച്ചു കളയുന്നുള്ളു..വെറുതെ അച്ഛനും അമ്മയും വഴക്ക് ആണ് എന്ന്.. നിങ്ങളുടെ മക്കളോട് ഒരു ആഴ്ച  ഗെയിം കളിക്കുന്ന അല്ലെങ്കിൽ ഫോൺ നോക്കിയിരിക്കുന്ന സമയം രേഖപ്പെടുത്താൻ പറയൂ. ഇത് അച്ഛനും അമ്മയും ചെയ്താലും മതി. 
ആഴ്ചയുടെ അവസാനം മക്കൾ ഇൗ കണക്ക് ഒന്ന് കാണട്ടെ.. ഇത്തവണ അവരുടെ ഞെട്ടൽ കാണാം ( പുറത്ത് കാണിക്കില്ല..സൂക്ഷിച്ച് നോക്കണം).
ഇങ്ങനെ ചെയ്യുന്നതിന്റെ പ്രധാന ഗുണം പിന്നീട് സമയം കളഞ്ഞോ ഇല്ലയോ എന്ന് സംശയം കാണില്ല... രണ്ടു ഭാഗത്തും.


3.ഒരു നീണ്ട കാല പദ്ധതി തയ്യാറാക്കുക 


കുട്ടികൾക്ക് ഒരു പ്രോജക്ട്  ഏറ്റെടുത്ത് നടത്താൻ ഉള്ള ദീർഘവീക്ഷണം കാണണം എന്നില്ല. അച്ഛനമ്മമാർ മക്കളുടെ കൂടെ ഇരുന്നു ആലോചിച്ച് ഇങ്ങനെ ഉള്ള പദ്ധതികൾ തയ്യാറാക്കാം. തയ്യൽ, പൂന്തോട്ടം തയ്യാറാക്കൽ, സംഗീത ഉപകരണം പഠിക്കൽ, ഏതെങ്കിലും സ്പോർട്സ് ക്ലാസ്സ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുത്താം. ഇതിൽ നമ്മുക്ക് കുറച്ച് പണ ചിലവ് ഉണ്ട് എന്ന് ഓർമിക്കുക . അതിനു മാനസികമായ ഒരു തയ്യാറെടുപ്പ് നമ്മുടെ ഭാഗത്തും വേണം കേട്ടോ.

4. അകമഴിഞ്ഞ് അഭിനന്ദിക്കണം


നേരത്തെ പറഞ്ഞ കാര്യങ്ങളിൽ ഏതെങ്കിലും നിങ്ങളുടെ മക്കൾ ചെയ്യാൻ തയ്യാറായാൽ അവരെ പ്രോത്സാഹിപ്പിക്കാൻ മറക്കരുത്. അത് എത്ര ചെറിയ കാര്യം ആയാലും. അവര് അത് ചെയ്യുന്നത് നിങ്ങളെ സന്തോഷിപ്പിക്കാൻ ആണ്. ആ സമയത്ത് "ചാക്കോ മാഷ്" ആകരുത്. 

5. ഒരു നേരം എങ്കിലും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക


മാതൃക കാണിക്കുക. ഒരു നേരം എല്ലാവരും ഒന്നിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുക. ഇൗ നേരം ആരും തന്നെ ഫോൺ ഉപയോഗിക്കാതെ ഇരിക്കുക. കുട്ടിയോട് നല്ല സ്നേഹമായി സംസാരിക്കുക. പലർക്കും ഭക്ഷണ സമയം മക്കളെ നന്നാക്കാൻ ഉള്ള സമയം ആണ്.. അത് പാടില്ല. 

നമ്മുടെ മക്കളെ ഫോണിൽ നിന്നും അടർത്തി മാറ്റിയെടുക്കാൻ അത്ര എളുപ്പം അല്ല. എനിക്കും നിങ്ങൾക്കും... പ്രത്യേകിച്ച് നമ്മുടെ  ഒക്കെ ജോലിത്തിരക്കിനിടയിൽ. പക്ഷേ ഉത്തരവാദിത്വം ഉള്ള ഒരു ഭാവി തലമുറയെ വാർത്തെടുക്കാൻ നമ്മൾക്കും തന്നാലായത് ചെയ്യണ്ടേ??

മുന്നറിയിപ്പ്: ഇൗ ലേഖനം നിങ്ങളുടെ മക്കൾ ആണ് ആദ്യം വായിക്കുന്നത് എങ്കിൽ ഇൗ ടിപ്സ് ഒന്നും എൽക്കില്ല. പിന്നെ നടക്കുന്നതിന് ലേഖിക ഉത്തരവാദി അല്ല..

ശ്രീജ 

episode 2

കഴിഞ്ഞ ദിവസത്തെ കഥയിൽ പാസ്സ്പോർട്ട് വിശേഷങ്ങൾ ആയിരുന്നല്ലോ.  അർദ്ധ രാത്രി അസ്ഥപ്രജ്ഞൻ ആയി നിന്ന ചിൻതു ഭായി പിറ്റേന്ന് കുടുംബ സമേതം അരയും തലയ...