ചൂളം വിളിച്ചെത്തിയ പ്രണയ കാലം
ഇതൊന്നും കൂടാതെ ആ പെൺകുട്ടിയുടെ ശ്രദ്ധ ആകർഷിച്ചത് ചിറയിൻകീഴ് എന്ന മനോഹരമായ ഗ്രാമത്തിൽ നിന്ന് ആ ക്ലാസ്സിലേക്ക് ഒന്നാമനായി വന്നു കയറിയ യുവാവ് ആയിരുന്നു. ആദ്യമൊന്നും പുള്ളിക്ക് നമ്മളിൽ വലിയ താല്പര്യം ഒന്നും ഉള്ളതായി തോന്നിയില്ല എങ്കിലും രണ്ട് വർഷത്തെ പരിചയം അവരെ ഏറ്റവും അടുത്ത കൂട്ടുകാർ ആക്കി മാറ്റിയിരുന്നു. കോഴ്സ് കഴിഞ്ഞപ്പോഴേക്കും ഈ കൂട്ട്കെട്ട് ജീവിതകാലം മുഴുവനും നീട്ടാനും തീരുമാനം എടുത്തു കഴിഞ്ഞിരുന്നു, പോരെങ്കിൽ വീട്ടുകാരുടെ മൗന അനുവാദവും.. പ്രണയ കാലം ആസ്വദിക്കാൻ ഇനിയെന്ത് വേണം?
പൊതുവേ പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞാൽ പിന്നെ ബി എഡ്ഡിന് പോകുക എന്നത് അന്നത്തെ ഒരു നാട്ടു നടപ്പ് ആയത് കൊണ്ട് നമ്മുടെ മിഥുനങ്ങളും ആ വഴിയേ പോകാൻ തീരുമാനിച്ചു. രണ്ടു പേർക്കും ഒന്നിച്ച് അഡ്മിഷൻ തരമായത് നഗര പരിധിക്ക് പുറത്തുള്ള കണിയാപുരം എന്ന സ്ഥലത്തുള്ള ടീച്ചർ എഡ്യു കേഷൻ സെൻ്ററിൽ ആണ്. യുവതിയുടെ നഗരത്തിൽ നിന്നും യുവാവിൻ്റെ ഗ്രാമത്തിൽ നിന്നും ഒരേ ദൂരം ..ഏകദേശം മദ്ധ്യത്തിൽ ആണെന്ന് പറയാം.
ഒരു വർഷത്തേക്ക് കൂടി പ്രണയം ആഘോഷിക്കാനുള്ള സ്വാതന്ത്ര്യമായി എന്ന ആഹ്ലാദത്തോടെയാണ് ക്ലാസ്സിലേക്ക് വലത് കാൽ എടുത്ത് വച്ച് ചെന്ന് കയറിയത്. പക്ഷേ ,അവിടത്തെ മണ്ണ് പ്രേമത്തിന് ഒട്ടും അനുകൂലമല്ല എന്ന് ആദ്യ ദിവസം തന്നെ പിടികിട്ടി. നല്ല കടുത്ത പ്രേമ വിരോധികൾ ആയ അധ്യാപകരും ഹിറ്റ്‌ലറെ ഓർമിപ്പിക്കുന്ന സെൻ്റർ ഹെഡ് അമ്മച്ചിയും. ഇതൊന്നും പോരെങ്കിൽ ആകെ മൊത്തം നൂറു നൂറ്റമ്പത് കുട്ടികൾ മാത്രമാണ് പഠിക്കുന്നത്. എല്ലാവർക്കും എല്ലാവരെയും അറിയാം. അപ്പൊൾ പിന്നെ ഇവരുടെ ഒക്കെ കണ്ണ് വെട്ടിച്ച് ഒന്ന് ചിരിക്കുക പോലും ബുദ്ധിമുട്ട്. പിന്നല്ലേ ,മണിക്കൂറുകൾ കത്തി വയ്ക്കുന്നതും ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്നതും ബസ്സ് സ്റ്റോപ്പ് വരെ കൂടെ നടക്കുന്നതും ഒക്കെ. രണ്ട് പേരും ആകെ വിഷമത്തിലായി.
സെൻ്ററിന് ഉള്ളിൽ വച്ച് സ്വസ്ഥമായി ഒന്നും സംസാരിക്കാൻ ഉള്ള അവസരം എന്തായാലും കിട്ടില്ല. എന്നാലും അങ്ങനെ തോറ്റ് പിന്മാറുന്നത് എങ്ങനെ? തല പുകഞ്ഞു ആലോചിച്ചപ്പോൾ ഒരു വഴി കണ്ടെത്തി. വൈകുന്നേരത്തെ മടക്കയാത്ര ഒന്നിച്ചാക്കുക . അപ്പോള് അന്നത്തെ മുഴുവൻ വിശേഷങ്ങളും പറഞ്ഞു പറഞ്ഞു പോകാം. പക്ഷേ , അവിടെയും പ്രശ്നം ഉണ്ട്. രണ്ട് പേർക്കും രണ്ട് ദിശയിലേക്ക് ആണ് പോകേണ്ടത് . ബസ്സിലെ യാത്ര ചിന്തിക്കാൻ പറ്റില്ല. മറ്റെല്ലാ കുട്ടികളും അധ്യാപകരും എല്ലാം ബസ്സ് സ്റ്റോപ്പിൽ കൂട്ടം കൂട്ടമായി വന്ന് നിൽക്കും.. ഇവരുടെ ഒക്കെ മുന്നിൽ ഒരേ ബസ്സിൽ കയറുന്ന കാര്യം ചിന്തിക്കുക പോലും വേണ്ട. അപ്പോ പിന്നെന്ത് വഴി?
"യുറേക്ക ", അതിലെ കടന്നു പോകുന്ന റെയ്ൽവേ പാളം രക്ഷക്ക് എത്തി. ഒരേ ഒരു ട്രെയിൻ മാത്രമേ ഉള്ളൂ അവിടെ സ്റൊപ്പുള്ളൂ. തിരുവനന്തപുരത്തേക്ക് ഉള്ള ഒരു ഷട്ടിൽ ട്രെയിൻ. രണ്ടു പേരും അതിൽ കയറി അഞ്ച് മണി ആകുമ്പോൾ തമ്പാനൂരിലേക്ക് പോകും.
യുവ നായകൻ അഞ്ചരയ്ക്ക് ഉള്ള വേണാട് എക്സ്പ്രസിൽ കയറി തിരിച്ചു വന്ന വഴിയെ ചിറയിൻകീഴിലേക്ക് യാത്രയാകും. നായിക ഓട്ടോയിൽ കയറി വീട്ടിലേക്കും പോകും.
അങ്ങനെ ആ റെയ്ൽവേ സ്റ്റേഷൻ പ്രണയ താവളമായി മാറി..
ഒരു ചെറിയ സ്റ്റേഷൻ ആയിരുന്നു അത്. ഒന്നോ രണ്ടോ സിമൻ്റ് ബെഞ്ചുകൾ നിരന്ന് കിടക്കുന്ന ആളൊഴിഞ്ഞ പ്ലാറ്റ്ഫോം. പാളത്തിൻ്റെ ഇരു വശങ്ങളിലും നിൽക്കുന്ന മരങ്ങളുടെ ചില്ലകൾ അവിടെ മൊത്തം നിഴൽ വീഴ്ത്തിയിരുന്നു. ടിക്കറ്റ് കൗണ്ടർ ആയി പ്രവർത്തിക്കുന്ന ഒരു ചെറിയ കെട്ടിടം
ഒരു വശത്തായി ഉണ്ടായിരുന്നു. ആകെ മൊത്തം ഒന്നോ രണ്ടോ ട്രെയിനുകൾക്ക് മാത്രം സ്റ്റോപ്പുള്ള ഒരു ചെറിയ സ്റ്റേഷൻ.
കൂട്ടുകാരികളുടെ കൂടെ റെയ്ൽവേ ഗേറ്റ് വരെ വന്ന ശേഷം അവള് പതിയെ സ്റ്റേഷനിലേക്ക് നടക്കും . അപ്പോഴേക്കും നമ്മുടെ നായകൻ നേരത്തെ എത്തി ഏതെങ്കിലും സിമൻ്റ് ബെഞ്ചിൽ ചിരിച്ചു കൊണ്ട് ഇരിപ്പുണ്ടാവും. പിന്നീട് അങ്ങോട്ടുള്ള ഒന്ന് രണ്ടു മണിക്കൂർ ഇടതടവില്ലാതെ ഉള്ള സംസാരം ആണ് . കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിൽ നടന്ന കാര്യങ്ങളൊക്കെ ഡയറിയിൽ എഴുതി സൂക്ഷിക്കുന്ന പോലെ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു കൊണ്ടേയിരിക്കും . പല ദിവസങ്ങളിലും ഒന്നും രണ്ടും പറഞ്ഞു പിണങ്ങും ..എന്നാലും ഒരേ സീറ്റിൽ ഇരുന്നു കാഴ്ചകൾ കണ്ടു യാത്ര ചെയ്യും. ഒന്നിച്ച് ചായ വാങ്ങി കുടിക്കും . അതാണല്ലോ മൊത്തത്തിൽ ഈ പ്രണയത്തിൻ്റെ ഒരു ഹരം.
ആദ്യത്തെ രണ്ടോ മൂന്നോ മാസങ്ങൾ ഇങ്ങനെ കടന്നു പോയി. ഈ കാലം കൊണ്ട് രണ്ടു പേരും പഠന മികവ് കൊണ്ടും കായിക കഴിവുകൾ കൊണ്ടും കോളജിലെ അധ്യാപകരുടെ നല്ല പേര് നേടി, സെൻ്റർ ഹെഡിൻ്റെ പോലും. പൊതുവേ മറ്റു കുട്ടികൾക്ക് ഉദാഹരണം ആയി പോലും ഇവരെ ചൂണ്ടി കാണിക്കുന്ന സ്ഥിതി ആയി എന്ന് പറയാം. അത് പിന്നെ അതി ഗംഭീരമായ അഭിനയം കാഴ്ച വയ്ക്കുക ആണല്ലോ രണ്ടു പേരും. ഈ നല്ല പ്രതിച്ഛായ ഒക്കെ സ്വാഭാവികം തന്നെ... കോളജിൽ അപരിചിതരെ പോലെ നടക്കുന്ന അവർ വൈകുന്നേരം വീണ്ടും പഴയ ലൗ ബേർഡ്സ് ആയി മാറും. സന്തോഷം നിറഞ്ഞ കാലം .
അങ്ങനെ ഇരിക്കെ ഒരു സാധാരണ ദിവസം. രണ്ടു പേരും സ്ഥിരമായ ഇണക്കങ്ങളും പിണക്കങ്ങളും ആയി സിമൻ്റ് ബെഞ്ചിൽ ഇരുന്നു ചർച്ച നടത്തി കൊണ്ടിരിക്കുന്നു. തൊട്ട് പിറകിൽ ഉള്ള ടിക്കറ്റ് കൗണ്ടറിൽ ആരൊക്കെയോ സംസാരിക്കുന്നത് കേൾക്കാം. പൊതുവേ സ്റ്റേഷനിലേക്ക് വല്ലപ്പോഴും ആണ് മറ്റ് യാത്രക്കാർ വരുന്നത്. മിക്കവാറും
ഏതെങ്കിലും കച്ചവടക്കാർ ആകും . അത് കൊണ്ട് ഇരുവരും അങ്ങോട്ട് ഒന്നും ശ്രദ്ധിക്കാറില്ല. അന്നും തിരിഞ്ഞു നോക്കിയില്ല. കുറച്ച് നേരം കഴിഞ്ഞപ്പോൾ ടിക്കറ്റ് കൗണ്ടറിൽ നിശ്ശബ്ദത. പതിയെ എന്തോ സംശയം തോന്നി ഒന്ന് പയ്യെ തിരിഞ്ഞു നോക്കി. ഞെട്ടി തരിച്ചു പോയി ... അവിടെ കയ്യിൽ എടുത്ത ടിക്കറ്റും പിടിച്ച് അവരെ നോക്കി അന്തം വിട്ട് നിൽക്കുന്ന പ്രിയപ്പെട്ട ടീച്ചറും കൂടെ അതി ഭീകരിയായ സെൻ്റർ ഹെഡും.
രണ്ടും ചാടി എഴുന്നേറ്റ് ഗുഡ് മോണിംഗ് ഒക്കെ പറഞ്ഞു.. വൈകുന്നേരം നാല് മണിക്ക് ആണെന്ന് ഓർക്കണം . ഇപ്പൊ ഓർക്കുമ്പോൾ ആ ടീച്ചർമാരും തിരിച്ചു ഗുഡ് മോണിംഗ് തന്നെ അല്ലേ പറഞ്ഞത്? ഓർമ്മ വരുന്നില്ല.
അന്ന് ട്രെയിൻ വരുന്നത് വരെയുള്ള പതിനഞ്ച് മിനുട്ടിന് ഒന്നര മണിക്കൂർ നീളമുണ്ട് എന്ന് തോന്നി. കുട്ടികൾക്ക് മാത്രമല്ല , ആ ടീച്ചർമാർ ക്കും. അന്ന് വരെ എല്ലാ നിയമങ്ങളും പാലിച്ച് സർവ ഗുണ സമ്പന്നർ ആയി നടന്ന വിദ്യാർത്ഥകൾ അവരുടെ മനസ്സിൽ പെട്ടെന്ന് മോശക്കാർ ആയി മാറി എന്നെനിക്ക് തോന്നി. എന്തായാലും അന്ന് ആരും പരസ്പരം ഒന്നും മിണ്ടിയില്ല. ട്രെയിൻ വന്നപ്പോഴും ടീച്ചർമാർ ഞങ്ങളെ ഒന്ന് നോക്കിയിട്ട് പോയി ലേഡീസ് കമ്പാർ്ട്മെൻ്റിൽ കയറി പോയി.
പിറ്റേന്ന് രാവിലെ തന്നെ പോയി തമ്മിൽ നേരത്തെ പരിചയം ഉണ്ടെന്നും വീട്ടുകാർക്ക് തമ്മിൽ അറിയാം എന്നൊക്കെ പറഞ്ഞെങ്കിലും അവരുടെ വിശ്വാസം നഷ്ടപ്പെടുത്തി എന്നൊരു നേരിയ സങ്കടം ഉള്ളിൽ തോന്നി.
ആ സംഭവത്തിന് ഒരു വർഷത്തിന് ശേഷം രണ്ടു പേരും ഓരോ ജോലി ഒക്കെ തരപ്പെടുത്തി വീട്ടുകാരെ കൊണ്ട് സമ്മതിപ്പിച്ച് കല്യാണം ഒക്കെ തീരുമാനിപ്പിച്ചു. കല്യാണ പന്തലിൽ വന്ന് ഞങ്ങളെ രണ്ട് പേരെയും നോക്കി നിൽക്കുന്ന ടീച്ചർമാരെ കണ്ടപ്പോൾ ഞാൻ അന്നത്തെ ദിവസം വീണ്ടും
ഓർമ്മിച്ചു. അവരുടെ കണ്ണിലെ തിളക്കത്തിൽ കണ്ട അഭിമാനവും സ്നേഹവും ഇന്നും മറക്കാൻ പറ്റില്ല. അല്ലെങ്കിലും പ്രിയപ്പെട്ടവരുടെ അനുഗ്രഹത്തോടെ ജീവിതം തുടങ്ങുന്നതിൻ്റെ സുഖം ഒന്ന് വേറെ തന്നെ ആണല്ലോ..
ശ്രീജ പ്രവീൺ.
No comments:
Post a Comment
Many thanks for visiting my blog ....kindly press FOLLOW and support 🙏