എക്കാലത്തെയും ഇഷ്ട നടി ശോഭന ആണെങ്കിലും സുഹാസിനി യുടെ ചിരിയും സാരികളും എനിക്ക് പണ്ടെ വലിയ ഇഷ്ടമാണ്. വലുതാവുമ്പോൾ ഒരു ടീച്ചർ ആയാൽ ക്കൊള്ളാം എന്ന് ആദ്യമായി തോന്നിയത് കൂടെവിടെ എന്ന പടത്തിലെ സുഹാസിനി യെയും ഊട്ടിയിലെ ഗുഡ് ശേപ്പേർഡ് സ്കൂളു കണ്ടത് മുതലാണ്.
ചെറിയ കുട്ടികൾ ആദ്യം നടത്തുന്ന റോൾ പ്ലേ ആണല്ലോ ടീച്ചറും കുട്ടിയും.. പാവകളെ നിരത്തി വെച്ച് അവയെ പഠിപ്പിക്കുക, ചുറ്റുമുള്ള വീടുകളിലെ കുട്ടികളെ തല്ലി തലോടി പഠിപ്പിക്കുക ഇതൊക്കെ മിക്ക പെൺകുട്ടികളെയും പോലെ ഞാനും ചെയ്തിട്ടുണ്ട് . പാവകൾക്ക് പകരം മിക്കവാറും അടുകകള യിലെ പാത്രങ്ങൾ ആയിരിക്കും , അല്ലേൽ പൗഡർ ടിൻ, വിക്സ് കുപ്പി, ചെറിയ ടൈം പീസ് എന്നിവയൊക്കെ ആവാം. സ്വന്തം ദേഹ രക്ഷ വളരെ പ്രധാനം ആണെന്ന് ചെറുപ്പ കാലം മുതലേ നല്ല ബോധ്യം ഉള്ള പെൺ കുട്ടി ആയ കാരണം അമ്മ ഓഫീസിലേക്ക് പോയ ശേഷമാണ് സാധാരണ ഇത്തരം ക്ലാസ്സുകൾ നടത്താറുള്ളത്.
പണ്ട് മുതലേ മറ്റുള്ളവരുടെ കുറ്റങ്ങൾ കണ്ട് പിടിക്കാനും ആളുകളെ ഉപദേശിക്കാനും വാചകം അടിക്കാനും ഒക്കെ നല്ല താല്പര്യം ഉണ്ടായിരുന്നത് കാരണം ഞാനൊരു ടീച്ചർ ആകുമെന്ന് മാതാപിതാക്കളും അയലോക്കക്കാരും സ്വാഭാവികമായി വിശ്വസിച്ചു പോന്നിരുന്നു. എൻ്റെ മനസ്സിൽ സുഹാസിനി ആവനുള്ള മോഹമായിരുന്നു കൂടുതൽ.
അന്നൊക്കെ പത്താം ക്ലാസ് പ്രീ ഡിഗ്രീ തുടങ്ങിയവ കഴിഞ്ഞാൽ സ്വാഭാവികമായും ഡിഗ്രിക്ക് പോകുന്നത് നാട്ടു നടപ്പ് ആയിരുന്നല്ലോ . ഡിഗ്രീ കഴിയാറാവുമ്പോ ഏതൊരു പെൺകുട്ടിയെയും പോലെ ഞാനും അച്ഛനും അമ്മയും തമ്മിൽ എൻ്റെ കല്യാണ ക്കാര്യം വല്ലതും പറയുന്നുണ്ടോ യെന്ന് ഒളിഞ്ഞു കേട്ട് നോക്കി. ഒന്നും കേൾക്കാതായപ്പോൾ പിന്നെ എംഎസ്സിക്കും സ്വാഭാവികമായി ബി എഡ് നും ചേർന്നു. ആ കാലത്ത് പി ജി യും ബിഎഡും കഞ്ഞിയും പയറും പോലെ ആയിരുന്നു. പിജി കഴിഞ്ഞ് ഇറങ്ങുന്ന പിള്ളേർ നേരെ ബസ്സ് പിടിച്ചു ടീച്ചർ ആകാൻ പോകും. അങ്ങനെയാണ് തൻ്റേതല്ലാത്ത കാരണങ്ങളാൽ ഞാനും ഒരു ടീച്ചർ ആയി മാറിയത്.
പിന്നീട് വർഷങ്ങൾ നീണ്ട അധ്യാപന ജീവിതത്തിൽ ഞാനൊരു കാര്യം മനസ്സിലാക്കി. ഞാൻ എങ്ങനെയൊക്കെ സാരി ഉടുത്ത് വന്നാലും എത്ര ഇൻ്റർനാഷണൽ സ്കൂളിൽ പഠിപ്പിചാലും സുഹാസിനി ആവില്ല എന്ന്. അതോടെ അധ്യാപന ജോലിക്ക് തോന്നിയിരുന്ന ഗ്ലാമർ പോയി മനസ്സിൽ.
ഒരു പാട് കഷ്ടപ്പെട്ട് ബുദ്ധിമുട്ടി മൂക്ക് കൊണ്ട് ' ക്ഷ ' ' ഞ്ഞ ' ഒക്കെ വരച്ചു ഒടുവിൽ ഒരു സർക്കാർ ക്ലാർക്കിൻ്റെ ജോലിയും സംഘടിപ്പിച്ചു. ഇതിനൊക്കെ ഇടയിൽ വല്ലതുമൊക്കെ കുത്തി കുറിക്കാനും കുറെ വായനക്കാരെ സമ്പാദിക്കാനും കഴിഞ്ഞ്. ചുരുക്കത്തിൽ മറ്റുള്ളവർക്ക് തോന്നും എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കാൻ സാധിച്ചു എന്ന്. പക്ഷേ എനിക്ക് ഇനിയും എൻ്റെ ഇഷ്ട തൊഴിലിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ് ലോകമറിയാത്ത രഹസ്യം.
ഒരു ബിസിനസ്സ് കാരി ആകണം എന്നൊരു ആഗ്രഹം ഇതിനിടയിൽ എപ്പോഴോ മനസ്സിൽ കയറിക്കൂടിയിരുന്നു. ഇന്നത്തെ കാലത്തെ ബിസിനസ്സെ രക്ഷയുള്ളൂ എന്ന് പറയുന്ന ശ്രീനിയേട്ടൻ ഫാനാണ് പണ്ടെ ഈ എഴുത്തുകാരി. വലിയ റിസ്ക്കുകൾ എടുക്കാനുള്ള ധൈര്യവും സാമ്പത്തികവും ഇല്ല എന്നതിനാൽ വളരെ ചുരുക്കത്തിൽ ആണ് നമ്മൾ സ്വപ്നങ്ങൾ കണ്ടിരുന്നത്. വീടിനോട് ചേർന്ന് ഒരു കുഞ്ഞി കട നടത്തിയാണ് നമ്മൾ അംബാനി ആകാൻ പോകുന്നത്. സോപ്പ്, ചീപ്പ്, കണ്ണാടി, നോട്ട്ബുക്ക്, പേന,പെൻസിൽ, കത്രിക, ബാറ്ററി, മുറുക്ക്, ബിസ്കറ്റ് തുടങ്ങിയ കേടു കൂടാതെ സൂക്ഷിക്കാൻ പറ്റുന്ന ഐറ്റംസ് മാത്രമേ വിൽപ്പനക്ക് വയ്ക്കൂ. സ്ഥിരമായി റേഡിയോയിൽ കിഷോർ കുമാറിൻ്റെ പാട്ട് വയ്ക്കുന്നതായിരിക്കും. ബിസിനസ്സ്കാരി രാവിലെ വീട്ടിലെ പണിയെല്ലാം ഒതുക്കി വന്നു കട തുറക്കും. സാധനം വാങ്ങാൻ വരുന്ന ആണുങ്ങൾ നാട്ടു വിശേഷം ഒക്കെ പറഞ്ഞിട്ട് പോയിക്കോള്ളണം. വനിതകൾക്ക് പക്ഷേ ഇരിപ്പിടം ഉണ്ടാകും. അവിടെ അവർക്ക് നിരന്നിരുന്ന് കഥകൾ പറയാം. വേണേൽ മുറുക്കും വാങ്ങി തിന്നാം. സ്ഥിരം കസ്റ്റമേഴ്സിന് പ്രത്യേകം ഡിസ്കൗണ്ട്കൾ പ്രഖ്യാപിക്കാൻ ആലോചനയുണ്ട്. ലേഡീസിന് ഇരുന്നു വായിക്കാനായി അവർക്ക് താൽപര്യം ഉള്ള പുസ്തകങ്ങൾ, പത്രങ്ങൾ ഒക്കെയുണ്ടാകും. പുതിയ കസ്റ്റമേഴ്സിനെ പരിചയപ്പെടുത്തുന്നവർക്ക് സ്പെഷ്യൽ ആയി ഒരു നാരങ്ങ മിട്ടായി കൊടുക്കുന്നതായിരിക്കും. പിന്നെ ഉച്ചയാകുമ്പോൾ കടക്കാരിക്ക് ഉറക്കംവരുന്നത് കാരണം മൂന്ന് മുതൽ അഞ്ച് വരെ കട തുറക്കുന്നതല്ല.
റിട്ടയർമെൻ്റ് കഴിയുന്ന കാലത്തെങ്കിലും ടാറ്റാ , ബിർളയേ പോലെ ബിസിനസ് മാഗ്നെറ്റ് ആകാനുള്ള മോഹം പൂവണിയും എന്നാണ് എൻ്റെയൊരു പ്രതീക്ഷ.
അറിയിപ്പ് - റിട്ടയർ ആകാൻ ഇനി അധിക കാലമില്ലല്ലോ എന്നും പറഞ്ഞോണ്ട് വരുന്നവർക്ക് നാരങ്ങ മിട്ടായി ഓഫർ ലഭിക്കുന്നതായിരിക്കില്ല .
No comments:
Post a Comment
Many thanks for visiting my blog ....kindly press FOLLOW and support 🙏